Thursday, November 28, 2024
Top Storiesകുടുംബംലേഖനം

സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിൽ പൊതുവായി കാണപ്പെടുന്ന ഏഴ് കാര്യങ്ങൾ

കുടുംബമാണ് ഓരോ വീടിന്റെയും കാതൽ. അവിടെയാണ് കുട്ടികൾ സ്നേഹിക്കാനും, വിശ്വസിക്കാനും, ഉത്തരവാദിത്തമുള്ളവരാകാനും പഠിക്കുന്നത്. അവിടെയാണ് മുതിർന്നവർക്ക് സന്തോഷവും സമാധാനവും സംതൃപ്തിയും അനുഭവിക്കാൻ കഴിയുന്നത്. 

ഓരോ കുടുംബത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഓരോ കുടുംബത്തിനും സന്തോഷം നൽകുന്ന ഘടകങ്ങളും വ്യത്യസ്തമായിരിക്കും. സന്തോഷ ജീവിതം നയിക്കുന്ന മറ്റൊരു കുടുംബത്തെ അതെ പോലെ പകർത്തുന്നത് നമ്മുടെ കുടുംബത്തിന്റെ സന്തോഷത്തിന് കാരണമാവണമെന്നില്ല. എന്നാൽ സന്തോഷ ജീവിതം നിലനിൽക്കുന്ന ഏതൊരു കുടുംബത്തിലും പൊതുവായി കാണുന്ന 7 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

1. ആശയവിനിമയം

സന്തോഷകരമായ കുടുംബജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ആശയവിനിമയമാണ്. ഭാര്യയും ഭർത്താവും തമ്മിലും, മാതാപിതാക്കളും മക്കളും തമ്മിലും, പരസ്പരം ശെരിയായ രീതിയിൽ ആശയവിനിമയം നടത്തുകയും, പരസ്പരം വികാരങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ പങ്കാളി, കുട്ടികൾ എന്നിവരുമായി ദൈനംദിന സംഭവങ്ങൾ, ഭാവി പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ  എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിൽ ശക്തമായ ഒരു ബന്ധം സൃഷ്ടിക്കാൻ സഹായിക്കും. 

2. ഒരുമിച്ച് സമയം ചിലവിടുക

ഒരുമിച്ച് കുറച്ച് നല്ല സമയം ചെലവഴിക്കുക എന്നത് സന്തോഷകരമായ കുടുംബജീവിതത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. ഇത് വലിയ രീതിയിലുള്ള എന്തെങ്കിലും  കാര്യങ്ങളോ, ഔട്ടിങ്ങുകളോ ഒന്നും ആയിരിക്കണമെന്നില്ല. പരസ്പരം സംസാരിക്കാനും ചിരിക്കാനും കുടുംബമായി ഒരുമിച്ചിരിക്കാനും  കുറച്ചു സമയം കണ്ടെത്തുക. ഒരുമിച്ച് ബോർഡ് ഗെയിമുകൾ കളിക്കുകയോ ഒരുമിച്ച് ഭക്ഷണം  കഴിക്കുകയോ ഒരുമിച്ച് എന്തെങ്കിലും ജോലികൾ ചെയ്യുകയോ ഒക്കെ ആകാം. അൽപ സമയം ഒരുമിച്ചിരിക്കുന്നത്  കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സന്തോഷപൂർണ്ണമായ ഒരു ജീവിതം ലഭിക്കാനും സഹായിക്കും. 

3. ക്ഷമ

നാമെല്ലാവരും തെറ്റുകൾ വരുത്തുന്നവരാണ്, എല്ലാം തികഞ്ഞവരായി ആരുമില്ല. അതുകൊണ്ട് തന്നെ ക്ഷമ എന്നത് സന്തോഷകരമായ കുടുംബജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. നീരസവും, പകയും, വേദനിപ്പിക്കുന്ന വാക്കുകളും ഉപേക്ഷിക്കുന്നത് കൂടുതൽ സമാധാനപരവും, സന്തോഷപൂർണ്ണവുമായ ഒരു കുടുംബത്തെ സൃഷ്ടിക്കാൻ സഹായിക്കും. സ്വന്തം ഇണയോടായാലും, മക്കളോടായാലും, മാതാപിതാക്കളോടായാലും നിങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കേണ്ടതും പ്രധാനമാണ്, കാരണം വാക്കുകൾ എളുപ്പത്തിൽ വേദനിപ്പിക്കും. നിങ്ങളുടെ അടുത്ത് ഒരു തെറ്റ് സംഭവിച്ചാൽ ക്ഷമ ചോദിക്കുകയും നിങ്ങളോട് കുടുംബത്തിലെ മറ്റു അംഗങ്ങൾ തെറ്റുചെയ്താൽ ക്ഷമിക്കുകയും ചെയ്യുക.

4. അതിരുകളും ഉത്തരവാദിത്തങ്ങളും 

ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു വീട് വളർത്തിയെടുക്കുന്നതിന് കൃത്യമായ അതിരുകളും, വ്യക്തമായ പ്രതീക്ഷകളും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുടുംബത്തിന്റെ സ്വാതന്ത്ര്യം നിങ്ങൾ പരിമിതപ്പെടുത്തണം എന്നല്ല ഇതിനർത്ഥം, ഓരോരുത്തരുടെയും  ഉത്തരവാദിത്തങ്ങളുടെ  അടിസ്ഥാനത്തിൽ കുടുംബത്തിലെ ഓരോ അംഗങ്ങളിൽ നിന്നും  എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒരു കുടുംബത്തിൽ ചുമതലകളുടെയും ഉത്തരവാദിത്തങ്ങളുടെയും ന്യായമായ പങ്ക് ഭർത്താവും, ഭാര്യയും മക്കളും ഏറ്റെടുക്കുന്നത് ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

5. ചിരിയും കളിയും

സന്തോഷകരമായ കുടുംബജീവിതത്തിന് ചിരിയും കളിയും അനിവാര്യമാണ്. സമ്മർദ്ദം ഒഴിവാക്കാനും കൂടുതൽ പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കും. കുടുംബാംഗങ്ങൾ  തമ്മിലുള്ള ബന്ധം ദൃഢമാക്കാനും, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന നല്ല ഓർമ്മകൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. അതിനാൽ,  കുടുംബജീവിതം കേവലം ഉത്തരവാദിത്തങ്ങളും കടമകളും മാത്രമല്ല അത് പരസ്പരം ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യേണ്ടത് കൂടിയാണെന്ന കാര്യം ഓർത്തിരിക്കുക. 

6. മൂല്യങ്ങളും പാരമ്പര്യങ്ങളും

സന്തുഷ്ടമായ കുടുംബജീവിതത്തിന് പൊതുവായ മൂല്യങ്ങളും പാരമ്പര്യങ്ങളും അത്യന്താപേക്ഷിതമാണ്. ഓരോ കുടുംബത്തിലും പാരമ്പര്യമായി പിന്തുടർന്നു പോരുന്ന ചില ജീവിത രീതികൾ ഉണ്ടാവും. മക്കളോട് നിങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് സംസാരിക്കുക. ഇത് ശക്തമായ കുടുംബബന്ധം വളർത്തിയെടുക്കാൻ സഹായിക്കും.

7. സ്വയം പരിചരണവും പരസ്പര പിന്തുണയും

മിക്ക കുടുംബങ്ങളിലും കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയായിരിക്കും. കുടുംബജീവിതം എന്നത് കൊടുക്കൽ മാത്രമല്ല, സ്വീകരിക്കുന്നതും കൂടിയാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. മറ്റുള്ളവരെ പരിഗണിക്കുന്നപോലെതന്നെ സ്വന്തം കാര്യങ്ങളിലും ശ്രദ്ധയുണ്ടാവുകയും  സ്വയം പരിചരണം പരിശീലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്കായി സമയം കണ്ടെത്തുകയും, പരസ്പരം സഹായിക്കുകയും പിന്തുണക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കൂടുതൽ പോസിറ്റിവായിട്ടുള്ള ഒരു ഭവന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.

ഒരു കുടുംബജീവിതം കെട്ടിപ്പടുക്കുക എന്നത് ഒരു പാട് വെല്ലുവിളികൾ നിറഞ്ഞ,  ശ്രമകരമായ ഒരു പ്രവൃത്തിയാണ്. എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർക്കും സന്തോഷകരവും ആരോഗ്യകരവുമായ ഒരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ കഴിയും. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa