മെലാനിൻ ഉൽപാദനം കുറച്ച് മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാം
നിറം കുറഞ്ഞതും, തിളക്കം നഷ്ടപ്പെട്ടതുമായ മുഖം ഏതൊരാളെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെയാണ് മുഖത്ത് കാണുന്ന കറുത്ത പാടുകളും, ചുളിവുകളും. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവ് കുറച്ച് കൊണ്ട് മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിക്കാൻ കഴിയും.
നമ്മുടെ ചർമ്മത്തിനും മുടിക്കും കണ്ണുകൾക്കും നിറം നൽകുന്ന പിഗ്മെന്റാണ് മെലാനിൻ. ചർമ്മത്തിന്റെ പുറം പാളിയിൽ കാണപ്പെടുന്ന മെലനോസൈറ്റുകൾ എന്ന കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. ഓരോരുത്തരിലും വ്യത്യസ്ത അളവിലും വ്യത്യസ്ത രീതിയിലുമാണ് മെലാനിൻ കാണപ്പെടുന്നത്. കൂടുതൽ മെലാനിൻ ഉല്പാദിപ്പിക്കപ്പെടുന്ന ആളുകളുടെ ചർമ്മം കൂടുതൽ ഇരുണ്ടതായിരിക്കും.
ഇതിന് പുറമെ ചില ആളുകളിൽ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം കൂടുതൽ മെലാനിൻ അടിഞ്ഞു കൂടുകയും ആ ഭാഗം മാത്രം കൂടുതൽ ഇരുണ്ടതായി മാറുകയും ചെയ്യന്നു. ഹൈപെർപിഗ്മെന്റേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥയാണ് ചില ആളുകളുടെ കവിളിലും, ചുണ്ടിനു മുകളിലും, നെറ്റിയിലുമൊക്കെ കറുത്ത പാടുകൾ ഉണ്ടാവാനുള്ള ഒരു കാരണം.
ശരീരത്തിലെ മെലാനിൻ കുറക്കാൻ ലേസർ തെറാപ്പിയടക്കം ഇന്ന് നിരവധി ചികിത്സാ രീതികൾ നിലവിലുണ്ട്. വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ വേണം ഇത്തരത്തിലുള്ള ചികിത്സകൾ ചെയ്യാൻ. അതുപോലെ തന്നെ മെലാനിൻ കുറക്കാൻ ഉതകുന്ന ക്രീം രൂപത്തിലുള്ള നിരവധി ഉല്പന്നങ്ങളും ലഭ്യമാണ്. ഹൈഡ്രോക്വിനോൺ, കോജിക് ആസിഡ്, വിറ്റാമിൻ സി, ഗ്ലൈക്കോളിക് ആസിഡ്, അസെലൈക് ആസിഡ്, റെറ്റിനോയിഡ് എന്നിവയിൽ ഏതെങ്കിലും അടങ്ങിയ ക്രീമുകളാണ് സാധാരണ ഉപയോഗിക്കുന്നത്.
സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നത് കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാവും, അതുകൊണ്ടാണ് ശരീരത്തിൽ വെയിലേൽക്കുന്ന ഭാഗം കൂടുതൽ ഇരുണ്ടതാവുന്നത്. സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനാണ് ശരീരം കൂടുതൽ മെലാനിൻ ഉല്പാദിപ്പിക്കുന്നത്. സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നതിലൂടെ ഒരു പരിധി വരെ ഇത്തരത്തിൽ ചർമ്മം ഇരുണ്ടതാവുന്നതിനെ തടയാം. സൺസ്ക്രീൻ ലോഷൻ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും തന്മൂലം മെലാനിൻ ഉത്പാദനം കുറക്കുകയും ചെയ്യുന്നു.
എന്നാൽ സൂര്യപ്രകാശത്തിൽ നിന്ന് നൂറ് ശതമാനവും സംരക്ഷണം നൽകാൻ ഇത്തരം ലോഷനുകൾക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ലോഷൻ പുരട്ടുന്നതിന് പുറമെ, പരമാവധി വെയിൽ ഉള്ള സമയങ്ങളിൽ പുറത്തിറങ്ങാതെയും, സൺഗ്ലാസ്, തൊപ്പി, ഫുൾകൈ വസ്ത്രങ്ങൾ എന്നിവ ധരിച്ചും സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നത് പരമാവധി കുറക്കണം.
പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചും മെലാനിൻ കുറച്ച് ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാം. മഞ്ഞൾ, കറ്റാർവാഴ, ചെറുനാരങ്ങ നീര്, ഗ്രീൻ ടീ എന്നിവ മെലാനിൻ കുറക്കാൻ പ്രകൃതി തന്നെ നമുക്ക് കനിഞ്ഞു നൽകിയ ഔഷധങ്ങളാണ്.
ചർമ്മത്തിന് തിളക്കമേകാനും, മുഖത്തെ ചുളിവുകൾ, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖക്കുരു എന്നിവ മാറാനുള്ള മാർഗ്ഗമായും പണ്ട് മുതൽക്കെ ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവ് കുറക്കാൻ മഞ്ഞൾ സഹായകമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അതുപോലെ തന്നെ ശരീര സൗന്ദര്യത്തിന് ലോകമാകെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കറ്റാർവാഴ. മെലാനിൻ കുറക്കാൻ കറ്റാർവാഴ സഹായകമാണെന്നും അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും, ശരീരത്തിലെ ചുളിവുകൾ അകറ്റാനും, ചർമ്മത്തിന് നിറം നൽകാനും കറ്റാർ വാഴ ലോകമാകെ ഉപയോഗിച്ച് വരുന്നുണ്ട്. കറ്റാർവാഴ ശരീര സൗന്ദര്യത്തിന് ഉപകാരപ്രദമാണെന്ന് തന്നെയാണ് ഇത്തരത്തിൽ അതുപയോഗിക്കുന്ന ആളുകളുടെ അനുഭവങ്ങളിലൂടെ വ്യക്തമാവുന്നത്.
ചെറുനാരങ്ങ നീരാണ് ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു പ്രകൃതിദത്ത ഔഷധം. വിറ്റാമിൻ സി മെലാനിൻ ഉത്പാദനം കുറക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് കൊണ്ട് തന്നെ ചെറുനാരങ്ങയിലുള്ള വിറ്റാമിൻ സി ആണ് മെലാനിൻ ഉത്പാദനം കുറച്ച് മുഖത്തിന് തിളക്കം നൽകുന്നത് എന്ന് മനസ്സിലാക്കാം.
മെലാനിൻ ഉത്പാദനം കുറക്കുമെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ട മറ്റൊരു പ്രകൃതിദത്ത ഔഷധമാണ് ഗ്രീൻ ടീ. ചർമ്മസൗന്ദര്യത്തിന് ഗ്രീൻ ടീ കുടിക്കുന്നതോടൊപ്പം , പാലും റോസ് വാട്ടറും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്ന രീതിയിലും ഉപയോഗിക്കാം.
ഇതിന് പുറമെ അവോക്കാഡോ, സോയ മിൽക്ക്, ഓറഞ്ച് തൊലി, തൈര് എന്നിവയും, മെലാനിൻ കുറച്ച് മുഖ സൗദര്യം വർധിപ്പിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa