Thursday, January 23, 2025
HealthTop Stories

നിങ്ങൾക്ക് മൂക്കിലെ രോമം പറിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ അപകടങ്ങൾ അറിയുക

ചില ആളുകൾ മൂക്കിലെ രോമം വെട്ടിയൊതുക്കുന്നതിന് പകരമായി അത് പിഴുതു കളയാറുണ്ട്, ചിലർ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ശീലം എന്ന നിലയിലും ഇത് ചെയ്യാറുണ്ട്.

ഇത് ഒരു സാധാരണ കാര്യമായി ചെയ്യുന്നവർക്ക് തോന്നാം, എന്നാൽ മൂക്കിലെ രോമം പിഴുതു കളയുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

മൂക്കിലെ രോമത്തിന് നമ്മുടെ ശരീരത്തിൽ ഒരു പ്രധാന ധർമ്മമുണ്ട്. പൊടി, അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ, മറ്റ് ചെറിയ കണികകൾ എന്നിവ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നത് മൂക്കിലെ രോമമാണ്.

രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് ഒരു പരിധി വരെ തടയാൻ മൂക്കിലെ രോമങ്ങൾക്ക് കഴിയും. രോമങ്ങൾ പറിച്ചു കളയുന്നതിലൂടെ ഇതിന് തടയിടുകയാണ് ചെയ്യുന്നത്.

രോമം പറിക്കുമ്പോൾ ആ ഭാഗത്ത് വേദന, നീർക്കെട്ട്, ചുവപ്പ് നിറം എന്നിവ ഉണ്ടാകാം. അതിന് പുറമെ പറിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ബാക്ടീരിയ പോലുള്ള അണുക്കൾ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത് മൂക്കിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകാം.

അപൂർവ്വമായി ഈ അണുബാധ കാവേർനസ് സൈനസിലേക്ക് പടരാൻ സാധ്യതയുണ്ട്. ഇത് കാവേർനസ് സൈനസ് ത്രോംബോസിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ചിലപ്പോൾ പറിച്ച രോമം വീണ്ടും വളരുമ്പോൾ നേരെ വളരാതെ തൊലിക്കുള്ളിലേക്ക് തന്നെ വളരാൻ സാധ്യതയുണ്ട്. ഇത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു.

മൂക്കിലെ രോമം അധികമായി വളരുന്നു എന്ന് തോന്നുകയാണെങ്കിൽ അത് പറിക്കുന്നതിന് പകരം കത്രികയോ ട്രിമ്മറോ ഉപയോഗിച്ച് വെട്ടിയൊതുക്കാം. മൂക്കിലെ രോമം പറിക്കുന്ന ശീലം ആരോഗ്യത്തിന് ദോഷകരമാണെന്ന് മനസ്സിലാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa