Monday, April 28, 2025
FeaturedSaudi ArabiaTop Stories

ഇത് കേരളമല്ല, സൗദിയാണ്; ആധുനികതയിലും കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

സൗദി അറേബ്യയിലെ അസീർ മേഖലയിലെ ഗ്രാമങ്ങളിൽ, ആധുനിക കാർഷികോപകരണങ്ങൾ സർവ്വസാധാരണമായിട്ടും, കർഷകർ ഇന്നും തങ്ങളുടെ പുരാതന കൃഷിരീതികളെ മുറുകെ പിടിക്കുന്നു.

തലമുറകളായി കൈമാറിവന്ന പാരമ്പര്യത്തിൻ്റെ അടയാളമായി, ഇവിടെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ ഉഴുതുമറിക്കാൻ കന്നുകാലികളെ ഉപയോഗിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച പഴയകാല ഉപകരണങ്ങളാണ് ഇവരുടെ പ്രധാന ആശ്രയം.

വർഷത്തിലെ പ്രത്യേക സമയങ്ങളിൽ, മണ്ണിന് വായുസഞ്ചാരം നൽകാനും അതിനെ കൃഷിക്കായി ഒരുക്കാനും അസീറിലെ കർഷകർ ഈ പരമ്പരാഗത രീതി പിന്തുടരുന്നു. മണ്ണിൻ്റെ സ്വാഭാവികതയും ഫലഭൂയിഷ്ഠതയും നിലനിർത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ദുർഘടമായ ഭൂപ്രകൃതി കാരണം യന്ത്രങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത മലഞ്ചെരിവുകളിലെ കൃഷിത്തോട്ടങ്ങളിൽ ഈ രീതി ഏറെ പ്രായോഗികമാണ്.

കാലാവസ്ഥാ മാറ്റങ്ങൾക്കനുരിച്ച് കൃഷി ചെയ്യുന്ന ഈ രീതി തലമുറകളിലൂടെ കൈമാറിവന്ന അറിവിൻ്റെ ഫലമാണ്. നക്ഷത്രങ്ങളുടെ സ്ഥാനവും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കാക്കിയാണ് ഇവർ വിത്തിറക്കാനും നിലം ഉഴുതുമറിക്കാനുമുള്ള സമയം നിശ്ചയിക്കുന്നത്.

കന്നുകാലികളെ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിൻ്റെ പ്രാധാന്യം കർഷകനായ അൽ-ഖഹ്താനി വിവരിക്കുന്നത് ഇങ്ങനെ: “ഞങ്ങൾ പ്രകൃതിയെയും ഞങ്ങളുടെ കാരണവന്മാരെയും പിന്തുടരുന്നു. എപ്പോൾ കൃഷി ചെയ്യണം, എപ്പോൾ വിശ്രമിക്കണം എന്ന് ഞങ്ങൾക്ക് അറിയാം. ഈ പുരാതന കൃഷി വെറുമൊരു ജോലിയല്ല, ഭൂമിയോടുള്ള ബഹുമാനവും അത് നൽകുന്നതും വിശ്രമിക്കുന്നതുമായ കാലങ്ങളെക്കുറിച്ചുള്ള അറിവുമാണ്.”

ആധുനിക യന്ത്രങ്ങൾ ലഭ്യമാണെങ്കിലും, പരമ്പരാഗത കൃഷി മണ്ണിൻ്റെ ഘടനയും ഫലഭൂയിഷ്ഠതയും സംരക്ഷിക്കാൻ സഹായിക്കുമെന്നും, ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും അസീറിലെ കർഷകർ വിശ്വസിക്കുന്നു.

കന്നുപൂട്ടുന്ന ഈ ഗ്രാമങ്ങൾ, കേവലം ഒരു കൃഷിരീതി എന്നതിലുപരി, അവരുടെ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. മനുഷ്യനും ഭൂമിയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ മനോഹരമായ തുടർച്ചയാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa