Friday, June 13, 2025
IndiaTop Stories

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരിൽ മലയാളിയും

അഹമ്മദാബാദിൽ ഉണ്ടായ വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ (40) ആണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ രഞ്ജിത മരിച്ചതായി സ്ഥിരീകരണം വന്നിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷമായി യുകെയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. അതിന് മുൻപ് കുറെ വർഷം ഗൾഫിലായിരുന്നു. കേരളത്തിൽ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് അതിൽ പ്രവേശിക്കുന്നതിനായി വന്നതായിരുന്നു.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടി സർക്കാർ ജോലി ലഭിച്ചതോടെ കുട്ടികളോടൊപ്പം നാട്ടിൽ സ്ഥിരതാമസമാക്കാനായിരുന്നു രഞ്ജിതയുടെ തീരുമാനം.

കഴിഞ്ഞദിവസം തിരുവല്ലയിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിനിലും, അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിലുമാണ് രഞ്ജിത യാത്ര ചെയ്തത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ദുരന്തത്തിൽപ്പെട്ട വിമാനത്തിലെ യാത്രാപട്ടികയിൽ രഞ്ജിതയുടെ പേരുണ്ടായിരുന്നു.

സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷിച്ച് ലണ്ടനിലെ ജോലി രാജിവെക്കാനായി പോകുകയായിരുന്നു രഞ്ജിതയെന്ന് തിരുവല്ലയിലെ പൊതുപ്രവർത്തകനായ അനീഷ് വെളിപ്പെടുത്തി. അപകടത്തിൽപ്പെട്ടുവെന്ന വിവരമാണ് ആദ്യം ലഭിച്ചിരുന്നത്.

രഞ്ജിതയുടെ വീടിന്റെ പണി ഏകദേശം പൂർത്തിയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മകനും, ഏഴാം ക്ലാസിൽ പഠിക്കുന്ന മകളുമുണ്ട് രഞ്ജിതക്ക്. പിതാവ് നേരത്തെ മരിച്ചിരുന്നു. പ്രായമായ അമ്മയാണ് കൂടെ വീട്ടിലുള്ളത്. രഞ്ജിതയുടെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa