Friday, June 13, 2025
IndiaSaudi ArabiaTop Stories

അഹമ്മദാബാദ് വിമാനദുരന്തം; രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും

നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, അഹമ്മദാബാദ് വിമാനാപകടത്തിൽ സൗദി അറേബ്യൻ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച അനുശോചന സന്ദേശങ്ങളിലൂടെയാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും തങ്ങളുടെ ദുഃഖം അറിയിച്ചത്.

“ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം ഇന്ത്യൻ യാത്രാ വിമാനം തകർന്നുവീണ് മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ വാർത്ത അറിഞ്ഞു, ഈ ദുരിതത്തിന്റെ വേദന ഞങ്ങൾ അങ്ങയോട് പങ്കുവെക്കുന്നു”

“ആദരണീയനായ പ്രധാനമന്ത്രിക്കും, മരിച്ചവരുടെ കുടുംബങ്ങൾക്കും, നിങ്ങളുടെ സൗഹൃദ ജനതയ്ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.” അനുശോചന സന്ദേശത്തിൽ ഭരണാധികാരികൾ കുറിച്ചു.

ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്.

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ നിയന്ത്രണം വിട്ട വിമാനം ഒരു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും അപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ യുകെ പൗരൻ വിശ്വാസ് കുമാർ മാത്രമാണ് രക്ഷപ്പെട്ട ഏക യാത്രക്കാരൻ

ഈ ദാരുണമായ അപകടത്തിൽ രാജ്യാന്തരതലത്തിൽ നിന്ന് അനുശോചനം പ്രവഹിക്കുകയാണ്. ദുരിതത്തിലായ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa