Friday, March 6, 2026
Middle EastTop Stories

ഇറാനിൽ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം; ഉന്നത സൈനിക മേധാവികൾ കൊല്ലപ്പെട്ടു

ഇറാനിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഇറാനിയൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. “ഓപ്പറേഷൻ റൈസിംഗ് ലയൺസ്” എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് പിന്നാലെ ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് നേരെ സൈനിക നടപടി ആരംഭിച്ചതായി അറിയിച്ചു. ഇറാനിലെ ആണവ സൗകര്യങ്ങളും ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും ഉൾപ്പെടെ നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങൾ ആക്രമണത്തിൽ ലക്ഷ്യമിട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.

ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസ്, ഖോണ്ടാബ്, ഖുറംബാദ് എന്നിവിടങ്ങളിലെ ആണവ സൈറ്റുകളും, സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമണത്തിൽ ഉൾപ്പെടുന്നു.

ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹുസൈൻ സലാമി, ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് ബാഗേരി എന്നിവർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സാധാരണക്കാർക്കും ജീവഹാനി സംഭവിച്ചതായി സൂചനയുണ്ട്.

ഏകദേശം 200 ഇസ്രായേലി യുദ്ധവിമാനങ്ങൾ 100-ഓളം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് ബ്രിഗ്. ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ആക്രമണങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ ജെറ്റുകൾ ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചോ അതോ “സ്റ്റാൻഡ്ഓഫ് മിസൈലുകൾ” ഉപയോഗിച്ചോ എന്നത് വ്യക്തമല്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa