സൗദിയിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
മക്ക മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴ, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ള ഇടത്തരം മുതൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അൽ-ലൈത്ത്, ഖുൻഫുദ, താഇഫ്, മൈസാൻ, അദാം, അൽ-അർദിയാത്ത് തുടങ്ങിയ പ്രദേശങ്ങളെയാണിത് ബാധിക്കുക. എന്നാൽ ജിദ്ദ, ബഹ്റ, ഖുലൈസ്, റാബിഗ്, മക്ക, അൽ-കാമിൽ, അൽ-ജുമൂം, തുർബ, അൽ-മവാവി, അൽ-ഖുർമ എന്നിവിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.
റിയാദ് മേഖലയിൽ റിയാദ് നഗരം, റുമാ, അൽ-മജ്മഅ, അൽ-സുൽഫി, അൽ-ഗാത്ത്, ശഖ്റ, ഥാദിഖ്, ഹുറൈമില, മറാത്ത്, ധുർമ, അഫീഫ്, അദ്-ദവാദ്മി, അൽ-ഖുവൈയ്യ, അർ-റയിൻ, അൽ-ഹാരിഖ്, അൽ-മുസഹ്മിയ്യ, അൽ-ദിലം, ഹവ്തത് ബനി തമീം, അൽ-ഖർജ് തുടങ്ങിയ പ്രദേശങ്ങളിലും മിന്നൽ, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ള ഇടത്തരം മുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. അതേസമയം അൽ-അഫ്ലാജ്, വാദി അൽ-ദവാസിർ, അൽ-സുലൈയിൽ എന്നിവിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ അനുഭവപ്പെട്ടേക്കാം.
കിഴക്കൻ പ്രവിശ്യ, ഹായിൽ, ഖസീം, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക്, മദീന, അൽ-ബാഹ, അസീർ, ജസാൻ എന്നീ മേഖലകളിലും മിന്നൽ പ്രളയത്തിനും ആലിപ്പഴത്തിനും കാരണമായേക്കാവുന്ന ഇടത്തരം മുതൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നജ്റാൻ മേഖലയിൽ നേരിയതോ ഇടത്തരമോ ആയ മഴ മാത്രമേ അനുഭവപ്പെടുകയുള്ളൂ.
മിന്നൽ പ്രളയ സാധ്യത, ഇടിമിന്നൽ, മഴയുടെ തീവ്രത എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുക, താഴ്വരകളിലും മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കുക, വിവിധ ആധികാരിക മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നിവ ഉറപ്പാക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
