Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ ഇനം പെട്രോൾ വരുന്നു; ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് അരാംകോ

സൗദിയിൽ പുതിയ ഇനം പെട്രോൾ ഉടൻ പുറത്തിറക്കുമെന്ന് അരാംകോ. ഈ മാസം തന്നെ സൗദിയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പെട്രോൾ ലഭ്യമാക്കും.

ഊർജ്ജ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ വാഹന ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധന ഓപ്ഷനുകൾ നൽകുന്നതിന്റെ ഭാഗമായാണ് അരാംകോ ‘ബെൻസീൻ 98’ അവതരിപ്പിക്കുന്നത്.

2026 ജനുവരി മാസത്തിൽ തന്നെ ഈ പുതിയ ഇന്ധനം വിപണിയിൽ ലഭ്യമായിത്തുടങ്ങും. നിലവിൽ വിപണിയിലുള്ള മറ്റ് പെട്രോൾ ഉൽപ്പന്നങ്ങളെ ഇത് ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

ഉയർന്ന പെർഫോമൻസ് ഉള്ള വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്ന റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രധാന നഗരങ്ങളിലും, ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമാണ് ആദ്യഘട്ടത്തിൽ ഈ ഇന്ധനം ലഭ്യമാക്കുക

പിന്നീട് വിപണിയിലെ ഡിമാൻഡ് പരിശോധിച്ച ശേഷം മറ്റ് നഗരങ്ങളിലേക്കും ഇതിന്റെ വിതരണം വ്യാപിപ്പിക്കും. ബെൻസീൻ 98-ന്റെ കൃത്യമായ വില ഈ മാസം ഇന്ധനം പുറത്തിറക്കുന്നതോടൊപ്പം അരാംകോയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

സ്പോർട്സ് കാറുകൾ, ഉയർന്ന കരുത്തുള്ള എൻജിനുകൾ എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഉയർന്ന ഒക്ടെയ്ൻ മൂല്യമുള്ള ഈ ഇന്ധനം ഏറെ പ്രയോജനപ്പെടുക. എൻജിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സുഗമമായ യാത്രയ്ക്കും ഇത് സഹായിക്കും.

സൗദിയിലെ മറ്റ് ഊർജ്ജ-ജല ഉൽപ്പന്നങ്ങളുടെ വില പരിഷ്കരിക്കുന്നതുപോലെ തന്നെ, അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി ഇതിന്റെ വിലയും കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa