Friday, March 6, 2026
FeaturedSaudi ArabiaTop Stories

വെറും ഒരു റിയാലിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് വധശിക്ഷയിൽ; ഒരു നിമിഷത്തെ ദേഷ്യം ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം, മുന്നറിയിപ്പുമായി സൗദി അഭിഭാഷകൻ

ജീവിതത്തിലെ ഒരു നിമിഷത്തെ അവിവേകം എങ്ങനെ ഒരു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭാവി തകർക്കുമെന്നതിന്റെ നടുക്കുന്ന കഥയുമായി പ്രമുഖ സൗദി അഭിഭാഷകൻ ഡോ. ഖാലിദ് അൽ-ഷായ.

സൗദിയിലെ ഒരു പ്രാദേശിക ബേക്കറിയിൽ റൊട്ടി വാങ്ങാനെത്തിയ വ്യക്തിയും അവിടുത്തെ തൊഴിലാളിയും തമ്മിലുണ്ടായ തർക്കമാണ് ദുരന്തത്തിൽ അവസാനിച്ചത്.

റൊട്ടിക്ക് പകരമായി ഒരു റിയാൽ മേശപ്പുറത്ത് വെച്ചെന്ന് വാങ്ങാനെത്തിയ ആൾ വാദിച്ചപ്പോൾ, പണം ലഭിച്ചില്ലെന്ന് കടയിലെ തൊഴിലാളി ഉറപ്പിച്ചു പറഞ്ഞു. പണം അടുപ്പിനുള്ളിൽ വീണുപോയതാകാമെന്ന വാദത്തിനിടെ, തൊഴിലാളി തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ആ വ്യക്തിക്ക് നേരെ ചൂണ്ടി.

ഒരു റിയാലിന്റെ പേരിൽ തന്നെ കള്ളനായി ചിത്രീകരിച്ചുവെന്ന തോന്നലിൽ വാങ്ങാനെത്തിയ ആൾ പ്രകോപിതനായി തൊഴിലാളിയുടെ കയ്യിൽ നിന്നും ആ ദണ്ഡ് പിടിച്ചുവാങ്ങി അയാളെ അടിക്കുകയായിരുന്നു.

നിർഭാഗ്യവശാൽ, ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കേറ്റ ആ ഒരു അടിയിൽ തൊഴിലാളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

മനഃപൂർവമല്ലാത്ത കൊലപാതകമാണെന്ന് പ്രതി കോടതിയിൽ വാദിച്ചുവെങ്കിലും, മാരകമായ ആയുധം ഉപയോഗിച്ചതിനാലും കൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തും കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.

കൊല്ലപ്പെട്ടയാളുടെ കുടുംബം പണം (ദിയ്യ) വാങ്ങി മാപ്പ് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.

“ഒരു നിമിഷത്തെ വികാരം നിങ്ങളുടെ കുടുംബത്തെ ജീവിതകാലം മുഴുവൻ കണ്ണീരിലാഴ്ത്തും, മനുഷ്യൻ എപ്പോഴും സംയമനവും ക്ഷമയും പാലിക്കണം.” ഡോ. ഖാലിദ് അൽ-ഷായ ഓർമ്മിപ്പിച്ചു.

ഒരു റിയാൽ അവിടെ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന വലിയൊരു ദുരന്തമാണിത്. നിസ്സാരമായ തർക്കങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ദേഷ്യത്തെ നിയന്ത്രിക്കാൻ ശീലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa