Friday, March 6, 2026
FeaturedSaudi ArabiaTop StoriesWorld

തീർത്ഥാടകരെ അത്ഭുതപ്പെടുത്തുന്ന തണുപ്പിന് പിന്നിലെ രഹസ്യം; കഅബയുടെ ചുറ്റുമുള്ള മാർബിൾ കഠിനമായ ചൂടിലും തണുത്തിരിക്കുന്നതെന്തുകൊണ്ട്

വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫിലെ മാർബിളുകൾ കഠിനമായ ചൂടിലും എങ്ങനെ തണുപ്പോടെ ഇരിക്കുന്നു എന്നത് തീർഥാടകരെ എക്കാലത്തും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

പലരും കരുതുന്നത് ഇതിന് താഴെ തണുത്ത വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുകളോ എയർകണ്ടീഷൻ സംവിധാനമോ ഉണ്ട് എന്നാണ്.

എന്നാൽ സൗദി അറേബ്യയിലെ ചുട്ടുപൊള്ളുന്ന ചൂടിലും ഹാജിമാർക്ക് യാതൊരു പ്രയാസവുമില്ലാതെ നഗ്നപാദരായി ത്വവാഫ് ചെയ്യാൻ സാധിക്കുന്നത് ഈ മാർബിളിന്റെ സവിശേഷത കൊണ്ടാണ്.

ഈ അത്ഭുതത്തിന് പിന്നിൽ ഗ്രീസിലെ തസ്സോസ് എന്ന ചെറിയ ദ്വീപിൽ നിന്ന് മാത്രം ഖനനം ചെയ്തെടുക്കുന്ന അപൂർവ്വമായ തസ്സോസ് മാർബിളുകളാണ്. സാധാരണ കല്ലുകൾ ചൂട് ആഗിരണം ചെയ്യുമ്പോൾ തസ്സോസ് മാർബിളുകൾ ചൂടിനെ പുറന്തള്ളുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും ശുദ്ധമായ വെളുത്ത മാർബിളുകളിൽ ഒന്നാണിത്. ഇതിന്റെ പ്രത്യേകമായ ക്രിസ്റ്റൽ ഘടനയും നിറവും സൂര്യപ്രകാശത്തെയും താപത്തെയും പൂർണ്ണമായും പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നു.

രാത്രികാലങ്ങളിൽ അന്തരീക്ഷത്തിലുള്ള ഈർപ്പത്തെയും തണുപ്പിനെയും ഈ മാർബിൾ അതിന്റെ സൂക്ഷ്മമായ സുഷിരങ്ങളിലൂടെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. പകൽ സമയത്ത് സൂര്യൻ കഠിനമായി പ്രകാശിക്കുമ്പോൾ ഉള്ളിൽ ശേഖരിച്ച ഈ തണുപ്പിനെ പുറത്തുവിട്ടുകൊണ്ട് മാർബിൾ ഉപരിതലം എപ്പോഴും കുളിർമയുള്ളതായി നിലനിർത്തുന്നു.

കൂടാതെ, ഈ മാർബിൾ വിരിച്ച രീതിയും തണുപ്പ് നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേക കനത്തിലുള്ള മാർബിൾ പാളികൾക്ക് താഴെ നൽകിയിരിക്കുന്ന ഇൻസുലേഷൻ പാളികളും വായുസഞ്ചാരം സാധ്യമാക്കുന്ന വിടവുകളും താപനില ക്രമീകരിക്കാൻ സഹായിക്കുന്നു.

വിശാലമായ മതാഫ് പ്രതലത്തിലൂടെയുള്ള വായുപ്രവാഹവും തീർത്ഥാടകരുടെ നിരന്തരമായ ചലനവും ഈ സ്വാഭാവിക ശീതീകരണ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഖാലിദ് രാജാവിന്റെ ഭരണകാലത്താണ് ഹാജിമാരുടെ സൗകര്യം മുൻനിർത്തി ഗ്രീസിൽ നിന്ന് വലിയ വില നൽകി ഈ മാർബിളുകൾ മക്കയിൽ എത്തിച്ചത്. പ്രകൃതിദത്തമായ ഈ പ്രതിഭാസം ഇന്നും മക്കയിലെ നിർമ്മാണ വിസ്മയങ്ങളിൽ ഒന്നായി തുടരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa