ഖത്തർ പ്രധാനമന്ത്രി സൗദിയിലെത്തി
മക്കയിൽ വെച്ച് നടക്കുന്ന ജി സി സി രാജ്യങ്ങളുടെയും അറബ് ഇസ്ലാമിക രാജ്യങ്ങളുടെയും രണ്ട് ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽത്വാനി സൗദിയിലെത്തി.
മക്ക ഡെപ്യൂട്ടി ഗവർണ്ണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ഖത്തർ പ്രധാനമന്ത്രിയെ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചു. ജിസിസി ജനറൽ സെക്രട്ടറി ഡോ: അബ്ദുലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ജിദ്ദ മേയർ സാലിഹ് തുർക്കിയും സന്നിഹിതരായിരുന്നു.
മക്കയിൽ വെച്ച് നടക്കുന്ന ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി സൗദി ഭരണാധികാരി സല്മാൻ രാജാവ് ഖത്തർ അമീറിനെ നേരിട്ട് ക്ഷണിച്ചിരുന്നു.
സൗദിയും, യു എ ഇയും, ബഹ്രൈനും, ഈജിപ്തും ഖത്തറിനു ഉപരോധമേർപ്പെടുത്തിയിട്ട് അടുത്ത മാസം രണ്ട് വർഷം തികയുന്ന സാഹചര്യത്തിൽ ഖത്തർ പ്രധാന മന്ത്രിയുടെ സാന്നിദ്ധ്യം വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.
മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളിൽ ഖത്തറും മറ്റു ഉപരോധ രാജ്യങ്ങളും തമ്മിൽ പരസ്പര സഹകരണത്തിനും ഐക്യത്തിനുമുള്ള സാധ്യതകൾ തെളിയുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa