Sunday, September 22, 2024
Jeddah

നിലമ്പൂരിന്റെ പുനര്‍നിര്‍മ്മാണം: ഫിക്‌സ്ചറായി; കിക്കോഫിന് വെള്ളിയാഴ്ച പന്തുരുളും

ജിദ്ദ: മഹാപ്രളയം ദുരിതം വിതച്ച നിലമ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും, നിലമ്പൂരിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനായി നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ‘നിയോ’ ജിദ്ദ നവംബര്‍ 1 ന് (വെള്ളിയാഴ്ച) കേരളപ്പിറവി ദിനത്തില്‍ ജിദ്ദയില്‍ നടത്തുന്ന ഏകദിന സൗഹൃദ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ‘കിക്കോഫി’ന്റെ ചിത്രം തെളിഞ്ഞു.

ഷറഫിയയില്‍ വെച്ചു നടന്ന ചടങ്ങില്‍ മല്‍സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പ്രകാശനവും ജഴ്‌സി വിതരണവും നടന്നു. പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വിവരിക്കുന്ന വീഡിയോ അവതരണത്തോടെ തുടങ്ങിയ ചടങ്ങില്‍ ജിദ്ദയിലെ പൗര പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായി. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തു കമ്മറ്റികളും നിലമ്പൂര്‍ മുനിസിപ്പാലിറ്റി കൂട്ടായ്മയും ചേര്‍ന്നാണ് ‘നിയോ’കമ്മറ്റിക്കു രൂപം നല്‍കിയത്.

ഷറഫിയക്കടുത്ത വുറൂദ് ഡിസ്ട്രിക്കിലെ ശബാബിയാ സ്‌റ്റേഡിയത്തിലാണു മല്‍സരങ്ങള്‍ നടക്കുക. വൈകുന്നേരം 4 മണിമുതല്‍ രാത്രി 12 വരേ നീളുന്ന ടൂര്‍ണ്ണമെന്റില്‍ ആകെ 15 മല്‍സരങ്ങളാണുണ്ടാവുക. ജിദ്ദയിലെ അറിയപ്പെടുന്ന എട്ടു ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ യില്‍ കെപിഎസ് കരുളായി, സീപാറ്റ്‌സ് ചുങ്കത്തറ, പോപ്പി പോത്തുകല്ല്, സ്മാര്‍ട്ട് മൂത്തേടം എന്നീ ടീമുകളും ഗ്രൂപ്പ് ബി യില്‍ സ്വാന്‍ നിലമ്പൂര്‍, ജാപ്പ അമരമ്പലം, ജീവാ വഴിക്കടവ്, സേവാ എടക്കര എന്നീ ടീമുകളും ഏറ്റുമുട്ടും.

ടീമുകളുടെ ജഴ്‌സി പ്രകാശനം നിയോ മുഖ്യ രക്ഷാധികാരി ഹംസ സൈക്കോ നിര്‍വ്വഹിച്ചു. ടീം മാനേജര്‍മാരായ ഷാജി വഴിക്കടവ്, ശംസുദ്ദീന്‍ കരുളായി, ഇസ്മായില്‍ പോത്തുകല്ല്, മുഹമ്മദ് ഷാഹിദ് എടക്കര, ശിഹാബ് അമരമ്പലം, സജ്ജാദ് മൂത്തേടം, അമീന്‍സ്വലാഹി നിലമ്പൂര്‍, ഗഫൂര്‍ ചുങ്കത്തറ എന്നിവര്‍ അതത് ടീമുകളുടെ ജഴ്‌സികള്‍ ഏറ്റു വാങ്ങി.

സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര ടൂര്‍ണ്ണമെന്റ് ഫിക്‌സ്ചര്‍ റിലീസിംഗ് നിര്‍വ്വഹിച്ചു. നിയോ രക്ഷാധികാരി നജീബ് കളപ്പാടന്‍, ചെയര്‍മാന്‍ പിസിഎ റഹ്മാന്‍, റിയാസ് വിപി, നൗഷാദ് (അല്‍ഹറബി), റിയാസ് പൂക്കോട്ടുമ്പാടം(മന്‍ഹര്‍), പിഎം.മായിന്‍കുട്ടി, കെബീര്‍ കൊണ്ടോട്ടി എന്നിവര്‍ ടീമുകളെ എ,ബി ഗ്രൂപ്പുകളാക്കാനുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

കിക്കോഫിനുള്ള ട്രോഫികള്‍ രക്ഷാധികാരി റഹീം പത്തുതറ പ്രകാശനം നടത്തി. ടൂര്‍ണ്ണമെന്റിനുള്ള പന്ത് ശരീഫ് അറക്കല്‍ സൈഫുദ്ദീന്‍ വാഴയിലിനു കൈമാറി. ടീം ക്യാപ്റ്റന്‍മാരായ മാനു എം.കെ (ജീവ), അജിഷ് (കെപിഎസ്), മുനവ്വര്‍ (പോപ്പി), വാസുദേവന്‍ (സേവാ), ഫൈസല്‍ മാമ്പറ്റ (ജാപ്പ), ആഷിഖ് (സ്മാര്‍ട്‌സ്), സാദിഖ് (സ്വാന്‍), റഷീദ് (സീപാറ്റ്‌സ്) എന്നിവര്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു ചടങ്ങില്‍ പങ്കെടുത്തു.

നിയോ പ്രസിഡണ്ട് റഷീദ് വരിക്കോടന്‍ കിക്കോഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ എട്ടു പഞ്ചായത്തു കൂട്ടായ്മകളാണ് നിയോയുടെ ബാനറിനു കീഴില്‍ അണിനിരന്നിട്ടുള്ളത്. എല്ലാ തരം വിഭജനങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായാണു സംഘടന പ്രവര്‍ത്തിക്കുന്നത്. നിലമ്പൂരിനെ ഒരു കൈ സഹായിക്കാന്‍, നിയോയുടെ പരിശ്രമങ്ങളോടു സഹകരിക്കാന്‍ ജിദ്ദയിലെ മലയാളി സമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

താജാറിയാസ് ഐടി കൈകാര്യം ചെയ്തു. മുര്‍ശിദ്, അമീന്‍ ഇസ്‌ലാഹി, മന്‍സൂര്‍ എടക്കര, ഉമര്‍ കെടി, സലിം കുരിക്കള്‍, ഉസ്മാന്‍ പിഎം, സുഹൈല്‍ തൈക്കാടന്‍, ഫിറോസ് വഴിക്കടവ്, സലിം ചുങ്കത്തറ, അഫ്‌സല്‍ കെപി, അസ്‌ക്കര്‍ എന്നിവര്‍ പരിപാടികര്‍ക്ക് നേതൃത്വം നല്‍കി.

കിക്കോഫ് കണ്‍വീനര്‍ നാസര്‍ കരുളായി, ചെയര്‍മാന്‍ സൈഫുദ്ദീന്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ നിയമാവലികള്‍ വിശദീകരിച്ചു. നിയോ ജന.സെക്രട്ടറി ജുനൈസ് കെ.ടി സ്‌റ്റേജു പരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ഹുസൈന്‍ ചുള്ളിയോട് നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q