Monday, November 25, 2024
Jeddah

‘ജിദ്ദ ലിറ്റ് എക്സ്പോ’ക്ക് തുടക്കമായി : ബുക്ക് ഹറാജ് നവംബർ 16 ന്‌


ജിദ്ദ : പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായിച്ചു തീർന്ന പുസ്തകങ്ങൾ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്ന സംസ്‍കാരം വളർത്തിയെടുക്കുന്നതിനെയും ലക്ഷ്യമിട്ട് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന ജിദ്ദ ലിറ്റ് എക്സ്പോയുടെ ഔപചാരിക ഉദ്ഘാടനം  എഴുത്തുകാരനും  മലയാളം ന്യൂസ് ചീഫ് എഡിറ്ററുമായ മുസാഫിർ നിർവഹിച്ചു. 

പ്രമുഖ ഇന്ത്യൻ എഴുത്തുകാരനും പുസ്തക രചയിതാവുമായ ഓഷോ പുസ്തകങ്ങളെ സ്നേഹിച്ച രീതിയും, വായിച്ചു തീർത്ത പുസ്തകങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഇന്നത്തെ വിവര സാങ്കേതിക യുഗത്തിൽ അദ്ദേഹത്തെ പോലെയുളള വരുടെ പുസ്തകസ്നേഹം നമ്മൾ ഓരോരുത്തരും പിൻപറ്റാൻ ശ്രമിക്കണമെന്നും വായന മനുഷ്യനെ സംസ്കാര സമ്പന്നനാക്കുമെന്നും  അദ്ദേഹം പറഞ്ഞു .

എഴുത്തിനെയും എഴുത്തുകാരെയും ഭയപ്പെടുന്ന  ഭരണകൂടങ്ങൾ  നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കുന്ന നാം എഴുത്തും പുസ്തക വായനയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യതയാണെന്നും ഗവണ്മെന്റുകളുടെ  ദൃശ്യ മാധ്യമ പ്രചാരണങ്ങളുടെ കുടിലതന്ത്രങ്ങളെയും അനീതികളെയും എഴുത്തിലൂടെ പ്രതികരിക്കുന്ന കാലം വരുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു .

വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ ഗോപി നെടുങ്ങാടി , മുസ്തഫ വക്കാലൂർ , നൗഷാദ് കരിങ്ങനാട് , ഷക്കീൽ ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫോക്കസ് സി ഇ ഓ ജൈസൽ അബ്ദുറഹ്മാൻ നിയന്ത്രിച്ചു. സലിം സി നന്ദി പറഞ്ഞു .

നവംബർ 16 നു ഷറഫിയ ഇന്ത്യൻ  ഇസ്ലാഹി സെന്റർ അങ്കണത്തിൽ നടക്കുന്ന ബുക്ക് ഹറാജ് യുമായി ബന്ധപ്പെട്ട് റീഡേഴ്സ് സമ്മിറ്റ് , ട്രാവലോഗ് , ഫോട്ടോ ഹട്ട് , കുക്കറി ഹട്ട്  തുടങ്ങി വിവിധ സ്റ്റാളുകളും കുട്ടികൾക്കടക്കം വിവിധയിനം മത്സരങ്ങളുമാണ് ഒരുക്കുന്നത് . ബുക്ക് ഹറാജുമായി ബന്ധപ്പെട്ട്,  പുസ്തകങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർ നവംബർ  13 നകം 053 585 7537, 055 695 7687 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ  http://focusjeddah.org/bookharaj എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.

ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിൽ  120 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മത്സര ഫലം നവംബർ 8 ന് പ്രസിദ്ധീകരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ 16 ന് നടക്കുന്ന ബുക്ക് ഹരാജിൽ വെച്ച് വിതരണം ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa