Friday, May 17, 2024
FeaturedPravasi VoiceTop Stories

നാട്ടിലെ അടുപ്പെരിയാൻ ഗൾഫിൽ അടുപ്പു കത്തിക്കുന്നവർ

കുക്ക് മുഹമ്മുട്ടിയാക്ക ഈയടുത്ത് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ നല്ല ഋതുക്കളും കഴിഞ്ഞു പോയത് സൗദിയിലെ ഏതെങ്കിലും മലയാളി അടുക്കളകളിൽ ആയിരുന്നിരിക്കണം.

നീണ്ട നാല്പത് വര്ഷങ്ങളോളം അദ്ദേഹം അറേബ്യൻ നഗരങ്ങളിലെ മലയാളി ബാച്ചിലർ റൂമുകളിൽ അയാൾ നാടിന്റെ രുചികളെ പാകം ചെയ്തെടുത്തു. എത്രയോ അനേകം പേർക്ക് അദ്ദേഹം രുചികളിലൂടെ നാടിന്റെ ഓർമക്കളെ നൽകി.

അദ്ദേഹം തിരിച്ചു പോകുമ്പോൾ എന്റെ അറിവിൽ ഏറ്റവും ചുരുങ്ങിയത് രണ്ടു യാത്രയപ്പുകൾ എങ്കിലും അദ്ദേഹത്തിനായി ജിദ്ദയിൽ ഉണ്ടായി. രണ്ടിലും അനേകം പേര് പങ്കെടുത്തു. ഒരുസാധാരണ മലയാളി ബാച്ചിലർ റൂമിലെ പാചകക്കാരൻ എന്ത് കൊണ്ടാവും ഇങ്ങനെ സ്നേഹത്തോടെ യാത്രയയക്കപ്പെടുന്നത്?.

ജിദ്ദയിലെ ബാച്ചിലർ റൂമുകളിൽ രൂപപ്പെട്ടു അവർക്ക് മാത്രമായി പറയപ്പെടുന്ന ചൊല്ലുകളിലൊന്ന് “ മലയാളിക്ക് മെസ്സ് വെക്കാനും മദീന റോഡ് മുറിച്ചു കടക്കാനും ഒത്തിരി പ്രയാസംആണ്” എന്നതാണ്. ആദ്യത്തേതിൽ മുഹമ്മുട്ടിയാക്ക വിജയം ആയിരുന്നിരിക്കണം എന്ന് യാത്രയപ്പുകൾ കണ്ടപ്പോൾ തോന്നി. പക്ഷെ അവർ മുറിച്ചു കടക്കുന്നത് മദീന റോഡുകൾ ആയിരുന്നില്ല, ജീവിത റോഡുകൾ ആയിരുന്നു അതിൽ അദ്ദേഹം വിജയിച്ചോ എന്നറിയില്ല.

ഒട്ടുമിക്ക സൗദി നഗരങ്ങളിലെ ബാച്ചിലർ റൂമുകളിലും അന്ന് മലയാളി അടുക്കളകൾ ഉണ്ടായിരുന്നു, അവയിൽ മെസ്സുകൾ ഉണ്ടായിരുന്നു. ദിവസവും മൂന്നു നേരം അവയിൽ നിന്നൊക്കെ കേരളീയ മസാലകളുടെ ഗന്ധം അറേബ്യൻ കാറ്റിലേക്ക് പടർന്നിരുന്നു. അവയിലെ മിക്ക കുശിനിക്കാരും ഉംറക്ക് ഉള്ള താത്കാലിക വിസകളിൽ എത്തി കാലാവധിക്ക് ശേഷവും താമസിച്ചിരുന്ന അനധികൃത കുടിയേറ്റക്കാർ ആയിരുന്നു. മുഹമ്മുട്ടിയാക്കയെ പോലെ വിസയും ഇഖാമയും ഉണ്ടായിരുന്നവർ അപൂർവമായിരുന്നു.

എത്രയോ പേർ ഉംറ വിസയിൽ ഇവിടെ വന്നു കുശിനിക്കാർ ആയി മാറി. വിസയില്ലാത്തവന്റെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണല്ലോ അടുക്കള. അത്രയൊന്നും പുറത്തേക്ക് പോവാതെ പോലീസിന്റെ പരിശോധനകൾ പെടാതെ അവർ അടുക്കളകളിൽ ജീവിച്ചു കൊണ്ടിരുന്നു.

ഞാൻ നാസറിനെ കാണുമ്പോൾ അവൻ യു എ ഇ ലെ അനധികൃത താമസക്കാലത്തെ പാചകപ്പണിക്ക് ശേഷം നാട്ടിലെത്തി രണ്ടാം അനധികൃത പാചകപ്പണി കാലത്തിനായി ജിദ്ദയിൽ എത്തിയ കാലമായിരുന്നു. ഒരിക്കൽ അവന്റെ ബന്ധു അയാളുടെ പെങ്ങളുടെ കല്യാണത്തിനായി നാട്ടിൽ പോകുമ്പോൾ നാസർ അവനു കുറച്ചു പൈസ കൊടുത്തിട്ടു പറഞ്ഞു “നീ കല്യാണത്തിന് വീഡിയോ എടുക്കണം എനിക്കും നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ കാണാമല്ലോ “ സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കാലമാണ്. നാട്ടിലെ ഓരോ ചലനങ്ങളും വൈറലുകൾ ആവാത്ത കാലമാണ്.

ആ ബന്ധു പോയപ്പോൾ നാസർ എന്നോട് പറഞ്ഞു. “എന്റെ ജീവിതം നിങ്ങളെ പോലെ അല്ലല്ലോ, ഞാൻ എന്ന് നാട്ടിൽ പോകണം എന്ന് തീരുമാനിക്കുന്നത് ഞാൻ അല്ലലോ, എന്നെ പിടിക്കുന്ന പോലീസുകാർ അല്ലെ, ചിലപ്പോൾ നാളെ… ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞ്… എന്റെ മക്കൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോളുള്ള അവരുടെ ചലനങ്ങൾ ഒരു പക്ഷേ എനിക്ക് കാണാനാവുന്നത് ഈ വീഡിയോകളിലൂടെ മാത്രമാവും”.

പിന്നെയും രണ്ടു കൊല്ലത്തോളം നാസർ ഇവിടെ പാചകപ്പണി ചെയ്തു ജീവിച്ചു ഒരിക്കൽ പോലീസ് പിടിയിലായി എന്ന് കേട്ടു. പിന്നീട് ഞാൻ അവനെ മറന്നു. പോലീസ് അവരെയൊക്കെ നമ്മുടെ ഓർമകളിൽ നിന്നും കൂടിയാണ് പിടിച്ചു കൊണ്ട് പോകുന്നത്.

നിയമങ്ങൾ ശക്തമാവുകയും തീർത്ഥാടന വിസകളിൽ വന്നുള്ള ഓവർസ്റ്റേ സാധ്യമാകാതെ വരികയും ചെയ്തപ്പോൾ മലയാളി കുക്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പല റൂമുകളിലും മെസ്സുകൾ തന്നെയില്ലാതെയായി.

പക്ഷെ രുചികളെ നാവിൽ നിന്ന് എങ്ങനെ എടുത്ത് മാറ്റാൻ ആണ്. നാവിന്റെ രുചിമുകുളങ്ങളെക്കാൾ ഓർമ്മകൾ കട്ടപിടിച്ചിരിക്കുന്ന ഇടം വേറെയേതുണ്ട് ? രുചികൾ ശീലങ്ങൾ ആണ് . നല്ല കാലത്തിന്റെയും ചീത്ത കാലത്തിന്റെയും ശീലങ്ങൾ…

ലോക മഹാ യുദ്ധ കാലത്തെ വറുതിയിൽ ശീലമായി നമ്മിൽ കപ്പ വന്നത് പോലെ, ആഫ്രിക്കൻ പട്ടിണികാലങ്ങളിൽ ലഭ്യമായ പഴത്തിന്റെ പുളി രുചി ശീലമായി അവരുടെ ദോശയിലെ രുചി ആയത് പോലെ. ദിവസവും എത്രയെത്ര കുടിയേറ്റ ഭക്ഷണ ഗന്ധങ്ങൾ ആണ് അറേബ്യൻ വായുവിൽ പടരുന്നത്.

അത് കൊണ്ടാണവണം ഇന്നും അനേകം മലയാളി അടുക്കളകൾ അറേബ്യയിൽ നിലനില്കുന്നത് അവയിൽ മുഹമ്മുട്ടിയാക്കമാരും നാസറുമാരും നാടിന്റെ ഓർമകളെ പാകം ചെയ്തെടുക്കുന്നത്.

ഈ അടുക്കളയിലെ ഓരോ പാചകക്കാരനും പാകം ചെയ്യുന്നത് അവരുടെ നാട്ടിലെ വീടുകളിലെ അടുപ്പുകളിൽ കൂടി ആണ്. അവിടെ അടുപ്പുകളിൽ തീ പുകയുന്നത് ഈ അടുക്കളയിലെ ഗ്യാസ് അടുപ്പുകൾ അവർ പുകക്കുന്നത് കൊണ്ടാണ്. ഒരു പാചകം കൊണ്ട് നാട്ടിലും മറുനാട്ടിലും അവർ പലരുടെയും വിശപ്പിനെ അകറ്റി കൊണ്ടിരിക്കുന്നു.

മരുപ്പാടുകൾ – ഷഫീഖ് ഇസ്സുദ്ധീൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa