ഗൾഫിൽ നിങ്ങളോ നിങ്ങളുടെ കുട്ടുകാരനോ ഒറ്റക്ക് ഒരു റൂമിലാണോ താമസിക്കുന്നത് ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യുക
വെബ്ഡെസ്ക്: ഗൾഫ് രാജ്യങ്ങളിൽ പല മേഖലകളിൽ വിവിധ രീതികളിലുള്ള തൊഴിൽ-താമസ സാഹചര്യങ്ങളാണു പല പ്രവാസി സുഹൃത്തുക്കൾക്കും നേരിടേണ്ടി വരാറുള്ളത്.
ചിലർക്ക് ഒരു ചെറിയ റൂമിൽ നിരവധി ആളുകളുമൊത്ത് തിങ്ങി നിറഞ്ഞ് കഴിയേണ്ടി വരുംബോൾ മറ്റു ചിലർക്ക് ഒറ്റക്ക് റൂമുകളിൽ കഴിയേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ ഒറ്റക്ക് താമസിക്കുന്നവരും അവരുടെ സുഹൃത്തുക്കളും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സമീപ കാലത്തെ പല സംഭവങ്ങളും സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് മരിച്ച തിരുവനന്തപുരത്തുകാരനായ ഷിബു എന്ന യുവാവിൻ്റെ മരണ വാർത്ത പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരു ഈത്തപ്പനത്തോട്ടത്തിലെ റൂമിൽ ഒറ്റക്ക് താമസിക്കുകയായിരുന്ന ഷിബു റൂമിൽ വെച്ച് മരിച്ച് ഒരാഴ്ച കഴിഞ്ഞാണു പുറം ലോകം വിവരം അറിയുന്നത്.
ഷിബുവിൻ്റെ മൃതദേഹം കണ്ടെത്തുംബോൾ പഴക്കം കാരണം ദുർഗന്ധം വരുന്നുണ്ടായിരുന്നുവെന്നത് ഏറെ സങ്കടപ്പെടുത്തുന്ന ഒരു സംഗതിയായിരുന്നു. കുറച്ച് ദിവസങ്ങളായി വിവരങ്ങൾ ഇല്ലാത്തതിനാൽ പരിചയക്കാർ അന്വേഷിച്ചെത്തുകയായിരുന്നു.
തണുപ്പായതിനാൽ ദിവസങ്ങൾക്ക് മുംബ് ഓൺ ആക്കിയ റൂമിലെ ഹീറ്റർ മൃതദേഹം കണ്ടെത്തിയപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഹീറ്ററിൻ്റെ തുടർച്ചയായ പ്രവർത്തനം മൂലം ശരീരത്തിലെ ജലാംശം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.
ഒറ്റക്കുള്ള താമസം പലർക്കും അനിവാര്യമായേക്കാം. എന്നാൽ ഈ അവസരത്തിൽ ചില മുൻ കരുതലുകളെടുക്കുന്നത് നല്ലതാകും എന്നതാണു ഷിബുവിൻ്റെ മരണം ഓർമ്മപ്പെടുത്തുന്നത്. ഒന്നാമതായി ബന്ധങ്ങൾ നില നിർത്തുകയാണു വേണ്ടത്. ഇത് നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായാൽ ബന്ധപ്പെട്ടവരെ അന്വേഷിക്കാൻ പ്രേരിപ്പിക്കും.
ഇപ്പൊൾ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർ ആണു പലരും എന്നതിനാൽ കമ്യുണിക്കേഷനു വളരെ എളുപ്പമാണു. ദിവസവും രാവിലെ ഒരു നിശ്ചിത സമയത്തിനുള്ളിൽ എന്തെങ്കിലും ഒരു സ്റ്റാറ്റസ് വാട്സപിലോ ഫേസ്ബുക്കിലോ അപ് ലോഡ് ചെയ്യുക. അടുത്ത കൂട്ടുകാരോട് താൻ ഏതെങ്കിലും ദിവസം തൻ്റെ സ്റ്റാറ്റസ് അപ് ലോഡ് ചെയ്തില്ലെങ്കിൽ തനിക്ക് നേരിട്ട് ഫോൺ ചെയ്ത് നോക്കണം എന്നും ഫോൺ ചെയ്ത് മറുപടി ലഭിച്ചില്ലെങ്കിൽ റൂമിൽ നേരിട്ടെത്തി വിവരം അനേഷിക്കണം എന്നും പറയുക. ഇത് അഥവാ എന്തെങ്കിലും സംഭവിച്ചാൽ ബന്ധപ്പെട്ടവർക്ക് പെട്ടെന്ന് നമ്മുടെ താമസ സ്ഥലത്ത് എത്താൻ സഹായകരമാകും.
മറ്റൊരു പ്രധാന കാര്യം നാട്ടിലെ വീട്ടുകാരുമായുള്ള ഫോൺ വിളിയോ സോഷ്യൽ മീഡിയ ചാറ്റിങൊ പതിവാക്കുക എന്നതാണു. വീട്ടിലേക്ക് നാം ബന്ധപ്പെട്ടില്ലെങ്കിൽ തിരിച്ച് വിളിച്ച് ബന്ധപ്പെടാൻ ആവശ്യപ്പെടുക. തൻ്റെ മറുപടി ലഭിച്ചില്ലെങ്കിൽ പ്രവാസ ലോകത്തുള്ള മറ്റു അടുത്ത ബന്ധുക്കളോ കൂട്ടുകാരുമായോ ബന്ധപ്പെടാൻ വീട്ടുകാരോട് ആവശ്യപ്പെടുകയും അങ്ങനെ ബന്ധപ്പെടാനുള്ള നംബർ വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്യുക. അടുത്ത ഫ്ളാറ്റിലും കടകളിലും ഒക്കെ ഉള്ളവരുമായി നല്ല ബന്ധം പുലർത്തുകയും തൻ്റെ സാന്നിദ്ധ്യം ഇല്ലാതാകുന്ന അവസരത്തിൽ അവർ തന്നെ അനേഷിക്കുന്ന തരത്തിൽ ബന്ധങ്ങൾ വളർത്തുകയും ചെയ്യുക എന്നതും ഒറ്റക്ക് താമസിക്കുന്നവർ പുലർത്തേണ്ട ചില അടിസ്ഥാന കാര്യങ്ങളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa