ഇന്ത്യക്കാരുടെ വിദ്വേഷ പ്രചരണത്തിനെതിരെ കൂടുതൽ പേർ രംഗത്ത്; പ്രതികരണവുമായി ഇന്ത്യൻ എംബസ്സികളും.
വെബ്ഡെസ്ക്: സോഷ്യൽ മീഡിയയിൽ ഇസ്ലാമോഫോബിയ വളർത്തുന്ന ഇന്ത്യക്കാരുടെ അഭിപ്രായങ്ങൾക്കെതിരെ അറബ് ലോകത്ത് നിന്ന് കൂടുതൽ പ്രതിഷേധങ്ങൾ ഉയരുന്നു.
പ്രമുഖ അറബ് ബുദ്ധിജീവികൾ വരെ ഇതിനകം ഈ വിഷയത്തോട് പ്രതികരിച്ച് തുടങ്ങിയ സാഹചര്യത്തിൽ ചൊവ്വാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസി രണ്ട് ട്വിറ്റർ അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടിരുന്നു.

വ്യത്യസ്ത പേരുകളിൽ എന്നാൽ ഒരേ മുഖ ചിത്രത്തോടെ ഉള്ള അക്കൗണ്ടുകളിൽ ഒന്ന് ഗൾഫ് രാജ്യത്തേതായാണ് ക്രിയേറ്റ് ചെയ്തിരുന്നത്. രണ്ടക്കൗണ്ടുകളും കൊറോണ വ്യാപനത്തെ മുസ്ലിം സമൂഹവുമായി ബന്ധിപ്പിച്ച് മുസ്ലിം വിരുദ്ധത പോസ്റ്റ് ചെയ്തിരുന്നു.
വ്യാജ അക്കൗണ്ടുകൾ വഴി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വാദിച്ച ദോഹയിലെ ഇന്ത്യൻ എംബസി “ദയവായി യാഥാർത്ഥ്യം മനസിലാക്കുക, നമ്മുടെ ശ്രദ്ധ ഇപ്പോൾ കോവിഡ് 19 ആയിരിക്കണം ” എന്ന് പോസ്റ്റ് ചെയ്തു.

ഒമാൻ എംബസിയും സമാനമായ രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു, വ്യാജ വാർത്തകളുടെ പിന്നാലെ പോകരുതെന്ന് എംബസി എടുത്തു പറയുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദം സഹിഷ്ണുതയുടെയും ബഹുസ്വരതയുടേതുമാണെന്നാണ് ഒമാൻ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തത്.

യുഎഇ യിൽ ജോലി ചെയ്യുന്ന ചില ഇന്ത്യൻ പൗരന്മാർ കൊറോണ വൈറസ് മുസ്ലിങ്ങൾ മനപ്പൂർവം പടർത്തുകയാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഡൽഹിയിലെ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടാണ് സംഘ പരിവാർ ഇത്തരമൊരു ആരോപണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയത്.

എന്നാൽ യുഎഇ യിലെ കർശന നിയമങ്ങൾ ഏതെങ്കിലും മതങ്ങളെ ദുരുപയോഗം ചെയ്യാനോ വിഭാഗീയത പ്രോത്സാഹിപ്പിക്കാനോ അനുവദിക്കുന്നില്ല. അറബ് രാജ്യങ്ങളിൽ ഇതിന് ശക്തമായ ശിക്ഷകളും പിഴകളും ഉണ്ട് .
അതേസമയം ഇന്ത്യൻ പാർലിമെന്റ് അംഗമായ തേജസ്വി സൂര്യയുടെ അറബി സ്ത്രീകളെ കുറിച്ചുള്ള വിവാദമായ ലൈംഗീകമായി അധിക്ഷേപിക്കുന്ന ട്വീറ്റ് അഞ്ചു വർഷങ്ങൾക്കിപ്പുറം ചില അറബ് ബുദ്ധിജീവികളും പ്രമുഖരും ഷെയർ ചെയ്യുകയായിരുന്നു.

കുവൈറ്റിലെയും സൗദിയിലെയും അറബികൾക്കിടയിലും ഇത് ചർച്ചയായി. ലോക്കൽ ന്യൂസുകളിലും ഇത് വാർത്തയായതാണ് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അടക്കം ഈ വിഷയത്തിൽ ട്വീറ്റ് ചെയ്യേണ്ടി വന്നു. ചിലരുടെ മോശം പരാമർശങ്ങൾകൊണ്ട് ഇന്ത്യയുടെ സൽപേരിന് കളങ്കമേൽക്കുകയാണെന്ന് മുൻ പ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa