സൗദിയിൽ മാസ്ക്കിനു വില കൂട്ടിയാൽ നടപടി; ഇന്നും രാജ്യത്തെ കൊറോണ റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നത്
ജിദ്ദ: രാജ്യത്ത് മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പിനു പിറകെ മാസ്ക്കിനു വില കൂട്ടി വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സൗദി വാണിജ്യ വകുപ്പ് മന്ത്രാലയം സൂചന നൽകി.
മെഡിക്കൽ മാസ്കുകൾ വില കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയെ അറിയിക്കണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും വാണിജ്യ വകുപ്പ് മന്ത്രാലയം ആഹ്വാനം ചെയ്തു.
മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങുന്നവർക്ക് 1000 റിയാൽ പിഴ ഈടാക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതിനു പിറകെ കച്ചവടക്കാർ മാസ്ക്കിനു വില കൂട്ടാതിരിക്കാനാണു മന്ത്രാലയം മുന്നറിയിപ്പുമായി നേരത്തെ രംഗത്തെത്തിയത്.
അതേ സമയം രാജ്യത്തെ കൊറോണ റിപ്പോർട്ട് ഇന്നും ഏറെ ആശ്വാസം പകരുന്നതായിരുന്നു. രോഗികളേക്കാൾ ഇരട്ടിയോളം പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. 1877 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 3559 പേരാണു രോഗമുക്തി നേടിയത്.
രാജ്യത്ത് ഇത് വരെ 85,261 പേർക്കാണു കൊറോണ പിടിപെട്ടത്. അതിൽ 62,442 പേർക്ക് അസുഖം ഭേദമായി. നിലവിൽ 22,316 പേരാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിലെ ആകെ കൊറോണ മരണം 503 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa