സൗദിയിൽ കൊറോണ വ്യാപനം അവസാനിക്കുന്നതിനെക്കുറിച്ച് പ്രതീക്ഷ നൽകുന്ന പ്രസ്താവന യുമായി സാംക്രമിക രോഗശാസ്ത്ര ഡിപ്പാർട്ടമെന്റ് തലവൻ.
ജിദ്ദ: സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ കൊറോണ വ്യാപനത്തിൻ്റെ തുടക്കത്തിൽ ആശങ്കപ്പെട്ടത് പോലെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു. 3402 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,94,225 ൽ എത്തിയിരിക്കുകയാണ്.
പുതുതായി 1994 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗ ബാധിതരിൽ 1,32,760 പേർ ഇതിനകം സുഖം പ്രാപിച്ചു. 59,767 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. 49 പേർ കൂടി മരണപ്പെട്ടതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 1698 ആയി.
കൊറോണ വാക്സിൻ ഇത് വരെ കണ്ട് പിടിച്ചിട്ടില്ലെന്നും ഗവേഷണം പുരോഗമിക്കുകയാണെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു. കൊറോണക്ക് യഥാർത്ഥത്തിൽ ചികിത്സയില്ലെന്നും അതേ സമയം രോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനുള്ള വിവിധ ചികിത്സാ പ്രോട്ടോക്കോളുകളാണുള്ളതെന്നും ഓർമ്മിപ്പിച്ച അദ്ദേഹം പ്രതിരോധ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
അതേ സമയം കൊറോണ വൈറസ് വ്യാപനം സൗദിയിൽ അവസാനിക്കുന്നതിനെക്കുറിച്ച് സാംക്രമിക രോഗശാസ്ത്ര ഡിപാർട്ട്മെൻ്റ് തലവൻ ഡോ: ആരിഫ് അൽ അംരി അൽ ഇഖ്ബാരിയ ചാനലിലെ ഒരു പ്രോഗ്രാമിൽ പ്രതീക്ഷ നൽകുന്ന പ്രസ്താവന നടത്തി.
സൗദിയിൽ കൊറോണ വ്യാപനം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ച് ഗവേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും മുൻ കരുതൽ നടപടികൾ തുടരുന്ന പക്ഷം ഈ വർഷം ജൂലൈയിലോ അല്ലെങ്കിൽ ആഗ്സ്തിലോ കൊറോണ വ്യാപനം അവസാനിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa