Saturday, November 23, 2024
Saudi ArabiaTop Stories

പ്രവാസികളുടെ ശ്രദ്ധക്ക്; മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ സൂക്ഷിക്കുക

ജിദ്ദ: കഴിഞ്ഞ ദിവസം ജോലിയും റൂമും നൽകിയ മലയാളിയുടെ പാസ്പോർട്ടും പതിനായിരം റിയാലുമായി മറ്റൊരു മലയാളി മുങ്ങിയ വാർത്ത പ്രവാസ ജീവിതത്തിനിടയിൽ പല കാര്യങ്ങളിലും നമ്മൾ സൂക്ഷമത പുലർത്തേണ്ടതുണ്ട് എന്നത് ഓർമ്മപ്പെടുത്തുന്നുണ്ട്.

പ്രവാസ ലോകത്ത് ഒരാൾക്ക് തുണയാകാൻ നമുക്ക് സാധിക്കുന്നത് വലിയ ഒരു നന്മ തന്നെയാണെന്നതിൽ സംശയം വേണ്ട. എന്നാൽ പുതുതായി ജോലിക്കോ റൂമിൽ താമസിക്കാൻ എത്തുകയോ ചെയ്യുന്നയാളെക്കുറിച്ചുള്ള ഏകദേശ ധാരണ ആദ്യമേ ഉണ്ടാകുന്നത് എല്ലാവർക്കും നല്ലതാണ്.

ഒരാൾ ജോലി തേടിയോ റൂമിൽ ബെഡ് സ്പേസ് ചോദിച്ചോ വരികയാണെങ്കിൽ അയാൾ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ച് ചോദിച്ചറിയുകയും പഴയ തൊഴിൽ ദാതാക്കളുമായി ബന്ധപ്പെട്ട് ആളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ മനസ്സിലാക്കുകയും വേണം.

അത് പോലെ പുതുതായി റൂമിൽ താമസിക്കാനെത്തുന്ന ആളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും കോണ്ടാക്റ്റുകൾ ശേഖരിക്കുകയും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ മനസ്സിലാക്കി വെക്കുന്നതും ഇപ്പോഴത്തെ കാലത്ത് അത്യാവശ്യമായിരിക്കുന്നു.

ഇവയെല്ലാം പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളാണെങ്കിൽ പ്രധാനമായും ചെയ്യേണ്ടത് പുതിയ ആളുടെ മൊബൈൽ നമ്പറും പാസ്പോർട്ട് കോപ്പിയും ഇഖാമ കോപ്പിയുമെല്ലാം സൂക്ഷിച്ച് വെക്കലാണ്. അത് ആദ്യം തന്നെ ചെയ്യേണ്ടതുണ്ടെന്നാണു കഴിഞ്ഞ ദിവസം ജിദ്ദയിലുണ്ടായ മോഷണം നമുക്ക് വ്യക്തമാക്കിത്തരുന്നത്. എന്തെങ്കിലും പ്രശ്നമായുണ്ടായാൽ തന്നെയും ഇഖാമ നമ്പർ സഹിതം പോലീസിനു നേരിട്ട് പരാതി കൊടുത്താൽ ഇപ്പോഴത്തെ കാലത്ത് ആളെ പിടികൂടാൻ എളുപ്പമാണെന്നിരിക്കെ അക്കാര്യത്തിൽ യാതൊരു വീഴ്ചയും വരാതെ സൂക്ഷിക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്