ഹജ്ജിനായി വിശുദ്ധ നഗരിയൊരുങ്ങി; കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ.
മക്ക: വിശ്വാസികളുടെ ലബ്ബൈക മന്ത്രങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്ന ഹജ്ജിന് ഇനി 20 ദിവസത്തെ അകലം മാത്രം ശേഷിക്കേ ഹജ്ജ് തീർത്ഥാടനത്തിനായി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ വിശുദ്ധ സ്ഥലങ്ങൾ ഒരുങ്ങുന്നു. മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങൾക്കും ബന്ധപ്പെട്ട ഏജൻസികൾ അന്തിമരൂപം നൽകി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജിനെത്തുന്നവർക്ക് കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ വർഷം പരിമിതമായ 10,000 ആഭ്യന്തര തീർഥാടകരെ മാത്രമേ ഹജ്ജ് നടത്താൻ അനുവദിക്കൂ എന്ന് സൗദി അറേബ്യ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം ഇത് 2.5 മില്യൺ തീർഥാടകരായിരുന്നു.
ഈ വർഷം ഹജ്ജിനു പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ തിങ്കളാഴ്ച രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 10 വെള്ളിയാഴ്ചക്ക് മുൻപായി രജിസ്ട്രേഷൻ ചെയ്തിരിക്കണം. മൊത്തം 10,000 തീർഥാടകരിൽ 70 ശതമാനവും രാജ്യത്ത് താമസിക്കുന്ന വിദേശികളായിരിക്കും. ബാക്കി 30 ശതമാനം മാത്രമായിരിക്കും സൗദികൾ.
റോഡുകൾ, തെരുവുകൾ, കൂടാരങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും മറ്റും പുണ്യ സ്ഥലങ്ങളിൽ പൂർത്തിയായി. ബന്ധപ്പെട്ട സർക്കാരും ഹജ്ജ് സേവന ഏജൻസികളും തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാനുള്ള അവസാനഘട്ട മിനുക്കു പണികളിലാണ്. ജമറാത്തിലേക്കുള്ള കാൽനട പാതകളിലും ഹാജിമാർക്ക് താമസിക്കുന്നതിനുള്ള ടെന്റ്, നഗരത്തിലേക്കുള്ള പ്രവേശന, എക്സിറ്റ് പോയിൻറുകളിലും ഫിനിഷിംഗ് ടച്ചുകൾ നടന്നു വരുന്നുണ്ട്.
പുണ്യനഗരമായ മക്കയിലേക്കുള്ള തീർഥാടകരുടെ ഗ്രൂപ്പിംഗ് ഏരിയകൾ സ്ഥാപിക്കുന്നതിനും വിവിധ പ്രവേശന സ്ഥലങ്ങളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്ന ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ വിശുദ്ധ നഗരത്തിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കൂ.
പകർച്ചവ്യാധി രഹിത ഹജ്ജിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കന്നുകാലികളെ വിശുദ്ധ നഗരത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായി സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താൻ എൻട്രി പോയിന്റുകളിൽ വെറ്റിനറി ടീമുകളെ ചുമതലപ്പെടുത്തി.
അതേസമയം, മദീനയിലെ പ്രവാചക മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളിലെ ജോലികളിൽ വലിയൊരു ഭാഗം മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa