Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ തൊഴിലവസരങ്ങൾ അവസാനിക്കുന്നില്ല: ഭാവിയിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള തൊഴിൽ മേഖലകൾ അറിയാം

ജിദ്ദ: സൗദിയിൽ ഇനി ഏറ്റവും കൂടുതൽ സാധ്യതയുള്ള തൊഴിൽ മേഖലകളെക്കുറിച്ച്‌ സൗദിയിലെ വിവിധ മേഖലകളിലെ വിദഗ്ധർ സൂചന നൽകി.

ഭാവിയിൽ മാധ്യമ, സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ജോലികളിൽ വർദ്ധനവുണ്ടാകും എന്നാണു മീഡിയ ആന്റ്‌ കമ്യൂണിക്കേഷൻ വിദഗ്ദൻ ഡോ:സാലിം ഉറൈജ വിലയിരുത്തുന്നത്‌.

നിലവിൽ കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്‌, ക്രിയേറ്റീവ്‌ റൈറ്റിംഗ്‌ എന്നീ ജോലികൾ വിപണിയിൽ ഉയർന്ന് വന്നതായും ഡോ: സാലിം പറയുന്നു.

അതേ സമയം സൗദിയിലെ തൊഴിൽ വിപണിയിൽ നിയമ വിദഗ്ധരുടെ ആവശ്യം ഏറെയുണ്ടെന്ന് ലീഗൽ അഡ്വൈസർ ഫൈസൽ ഖർനി അഭിപ്രായപ്പെടുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ്‌, ഫിനാൻഷ്യൽ ആന്റ്‌ ലീഗൽ ഓഡിറ്റിംഗ്‌, ക്രിയേറ്റീവ്‌ റൈറ്റിംഗ്‌ ജോബ്സ്‌, ഇൻവെസ്റ്റ്‌മെന്റ്‌ പോർട്ട്‌ ഫോളിയോ മാനേജ്‌മന്റ്‌, ബോൾഡ്‌ കാപിറ്റൽ, കമ്യൂണിക്കേഷൻ ഡെവലപ്‌മന്റ്‌ തുടങ്ങിയ മേഖലകൾക്ക്‌ സൗദിയിലെ തൊഴിൽ വിപണിയിൽ ശക്തമായ സാന്നിദ്ധ്യമാകാൻ കഴിഞ്ഞുവെന്ന് വാദി മക്ക ടെക്നോളജി കംബനി സി ഇ ഒ ഡോ: ഫൈസൽ അലാഫ്‌ പറഞ്ഞു.

അതേ സമയം പ്രശസ്ത ജോബ്‌ നെറ്റ്‌വർക്കായ ലിങ്ക്ഡ്‌ ഇൻ സൗദിയിൽ അതിവേഗം ഉയർന്ന് വരുന്ന തൊഴിലുകളെക്കുറിച്ച്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സൈബർ സെക്യുരിറ്റി സ്പെഷ്യലിസ്റ്റ്‌, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ്‌, ലീഗൽ റിസർച്ചർ, ഡാറ്റ ആൻഡ്‌ സിസ്റ്റം എഞ്ചിനീയർ, പ്രൊജക്റ്റ്‌ സ്പെഷ്യലിസ്റ്റ്‌, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേറ്റർ എന്നിവയാണവ.

പരംബരാഗതമായി തുടർന്നിരുന്ന ശൈലികളിൽ നിന്ന് മാറി പുതിയ അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചാൽ സൗദിയിലെ തൊഴിൽ വിപണിയിൽ ഇനിയും നിരവധി സാധ്യതകൾ ഉണ്ട്‌.

മുകളിൽ പരാമർശിച്ച പല ജോലികളുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ വളരെ കുറഞ്ഞ ചിലവിൽ ഓൺലൈനിൽ തന്നെ ലഭ്യമാണെന്നിരിക്കെ നിലവിൽ സൗദിയിൽ ഉള്ളവർക്കും ഇനി സൗദിയിലേക്ക്‌ വരാൻ ആഗ്രഹിക്കുന്നവർക്കും അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താം.‌

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്