Sunday, November 24, 2024
Top StoriesWorld

പ്രതിഷേധങ്ങൾക്കിടെ ഇറാനിൽ ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിക്കൊന്നു

ടെഹ്റാൻ: രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ കോടതി വിധിക്കൊടുവിൽ ഇറാനിൽ മുൻ ദേശീയ ഗുസ്തി ചാമ്പ്യൻ നാവിദ് അഫ്‌ക്കാരിയെ ഭരണകൂടം തൂക്കിക്കൊന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും അടക്കം പല കോണുകളിൽ നിന്നും വധ ശിക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെ 27 വയസ്സുകാരന്റെ ശിക്ഷാ നടപടികൾ ഇറാൻ ഭരണകൂടം പൂർത്തിയാക്കുകയായിരുന്നു.

2018 ആഗസ്റ്റ് മാസത്തിൽ ശീറാസ് പട്ടണത്തിൽ ഉണ്ടായ ഗവൺമെന്റ് വിരുദ്ധ പ്രതിഷേധത്തിനിടെ ഒരു വാട്ടർ സപ്ളൈ കംബനി ജീവനക്കാരനെ വധിച്ചു എന്നതായിരുന്നു അഫ്‌ക്കാരിക്ക്‌ എതിരെയുള്ള കുറ്റം.

മതത്തിനെതിരെ നീങ്ങിയെന്നും കൊലപാതകം നടത്തിയെന്നും ആരോപിച്ച് രണ്ട് വധ ശിക്ഷകളാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാർക്ക് സമാന കുറ്റത്തിന് 81വർഷം തടവും 74 ചാട്ടവാർ അടിയും കോടതി വിധിച്ചിട്ടുണ്ട്.

85,000 അംഗങ്ങളുള്ള വേൾഡ് പ്ലയേഴ്സ് അസോസിയേഷൻ ഇൗ കേസിനെതിരെ രംഗത്ത് വന്നതോടെയാണ് സംഭവം ആഗോള ശ്രദ്ധ നേടിയത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ഇരയാക്കുകയാണെന്നാണ് സംഘടന ആരോപിച്ചത്. ജനശ്രദ്ധ നേടിയ ഒരു താരത്തെ ലക്ഷ്യമിട്ട് ജനങ്ങളെ കൂടുതൽ വരുതിയിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമായാണ് സംഘടന ഇതിനെ വിലയിരുത്തിയത്.

നിയമപ്രകാരം ഇരയുടെ കുടുംബാംഗങ്ങൾക്ക് മാപ്പ് കൊടുക്കാൻ അവസരം നൽകുകയും അവർ മാപ്പ് നൽകാതിരിക്കുകയും ചെയ്തതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa