ഒരു വിസ കിട്ടിയിരുന്നെങ്കിൽ വീണ്ടും ഗൾഫിലേക്ക് തന്നെ പറക്കാമായിരുന്നു എന്ന ചിന്തയിൽ ആയിരക്കണക്കിനു മുൻകാല പ്രവാസികൾ
ഒരു വിസ കിട്ടിയിരുന്നെങ്കിൽ ഒരിക്കൽ കൂടി ഗൾഫിലേക്ക് ജോലിക്കായി പോകാമായിരുന്നു എന്ന ചിന്തയിൽ കഴിയുന്ന ആയിരക്കണക്കിനു പ്രവാസികളാണു നാട്ടിലുള്ളത്.
വിവിധ കാരണങ്ങൾ കൊണ്ട് പ്രവാസ ജീവിതം അവസാനിപ്പിക്കുകയും എന്നാൽ നാട്ടിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വരികയും ചെയ്തവരാണു ഇവരിൽ പലരും.
ജോലിയിൽ നിന്ന് പിരിച്ച് വിടൽ, ഇഖാമ പ്രശ്നങ്ങൾ, സ്പോൺസറുടെ പ്രശ്നങ്ങൾ തുടങ്ങി ഇനി ഗൾഫ് ജീവിതം തുടരുന്നതിൽ അർത്ഥമില്ലെന്ന് കരുതി സ്വയം നിർത്തിപ്പോന്നവരടക്കം വീണ്ടും ഗൾഫ് ജീവിതം ആഗ്രഹിക്കുന്നവർ പല തരക്കാരാണുള്ളത്.
എന്ത് കൊണ്ട് നാട്ടിൽ നിൽക്കാൻ സാധിക്കാതെ വീണ്ടും ഗൾഫിലേക്ക് തന്നെ പോകാൻ മനസ്സ് ആഗ്രഹിക്കുന്നുവെന്ന ചോദ്യത്തിനു വിവിധ ഉത്തരങ്ങളാണു ഓരോ പ്രവാസിക്കും നൽകാനുള്ളത്.
ചിലർക്ക് ജോലിയുണ്ടെങ്കിലും പണം ബാക്കിയായി സൂക്ഷിക്കാൻ സാധിക്കാത്തതാണു കാരണം പറയാനുള്ളത്. മറ്റു ചിലർക്ക് നാട്ടിലെ ചിലവ് താങ്ങാൻ കഴിയില്ലെന്ന പരാതിയാണുള്ളത്.
അതേ സമയം നാട്ടിൽ ആയാൽ എന്നും ഓരോ പരിപാടികളാണെന്നും ഒന്നിൽ നിന്നും ഒഴിവാകാൻ പറ്റാത്ത സാഹചര്യമാണെന്നും ജോലിയുണ്ടെങ്കിലും ജോലിക്ക് മര്യാദക്ക് പോകാൻ സാധിക്കാത്ത അവസ്ഥ അത് മൂലം ഉണ്ടാകുന്നുവെന്നും പലരും കാരണം പറയുന്നു.
അപ്രതീക്ഷിതമായ ചിലവുകൾ നടുവൊടിക്കുന്നുവെന്ന് പറയുന്ന നിരവധി പ്രവാസികളുമുണ്ട്. അതോടൊപ്പം ഒരിക്കൽ പ്രവാസിയായിരുന്ന കാലത്ത് നൽകിയിരുന്ന കണക്ക് മറക്കാതെ സ്നേഹം പ്രകടിപ്പിക്കുന്ന പിരിവുകാരും പലർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നതും ഒരു വസ്തുതയാണ്.
അതേ സമയം ഗൾഫിലാണെങ്കിൽ ഒരു നിശ്ചിത സംഖ്യ മാത്രം എല്ലാ മാസവും നാട്ടിലേക്ക് അയച്ച് കൊടുത്താൽ വീട്ടുകാർ ആ പണം കൊണ്ട് ഒരു മാസം ഒരു പ്രയാസവുമില്ലാതെ കഴിയുകയും അയച്ച് കൊടുത്തതിൻ്റെ ബാക്കി തുക മിച്ചം വെക്കാൻ സാധിക്കുകയും ചെയ്തവരായിരുന്നു പലരും. എന്നാൽ മുംബ് താനയച്ച നിശ്ചിത തുകക്ക് ജീവിച്ചിരുന്ന വീട്ടുകാർക്ക് താൻ നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ ചെലവാക്കുന്നതിനു യാതൊരു പരിമിതിയും ഇല്ലാതായിരിക്കുന്നുവെന്ന് പല മുൻ പ്രവാസികളും ആവലാതി പറയാറുണ്ട്.
നാട്ടിൽ ഒരു പണിയുമില്ലാത്തവനും മുഴുവൻ സമയവും തിരക്കാണെന്നതും ഗൾഫിലായിരുന്നെങ്കിൽ ജോലി കഴിഞ്ഞാൽ റൂം എന്ന ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതിയായിരുന്നുവെന്നതും പലരെയും ഗൾഫ് തന്നെയായിരുന്നു നല്ലതെന്ന ചിന്തയിലേക്ക് നയിക്കുന്നുണ്ട്.
ഗൾഫിലെ നിയമങ്ങൾ പലതും കർശനമാക്കുന്ന വാർത്തകൾ കേൾക്കുന്നുവെങ്കിലും നാലു കാശ് ഒരുമിച്ച് കൂട്ടണമെങ്കിൽ ഗൾഫ് തന്നെയാണു നല്ലതെന്ന ചിന്താഗതിയാണ് സമീപകാലത്ത് ഗൾഫിൽ നിന്ന് തിരികെ വന്ന് നാട്ടിൽ കൂടിയ നിരവധി പ്രവാസികൾക്കുള്ളത്.
അതേ സമയം പ്രയാസങ്ങൾ പലതും ഉണ്ടായിട്ടും വീട്ടുകാർക്കൊപ്പം കഴിയാമെന്ന ചിന്തയിൽ നാട്ടിൽ തന്നെ താമസിച്ച് എന്തെങ്കിലും ജോലികൾ ചെയ്ത് എങ്ങനെയെങ്കിലും മുന്നോട്ട് പോകണമെന്ന ചിന്ത മനസ്സിലുള്ള നിരവധി പ്രവാസികളുണ്ടെന്നതും ഒരു വസ്തുതയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa