Sunday, November 24, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് വിമാന സർവീസ് പുനരാരംഭിക്കുമെന്ന അറിയിപ്പ് സൗദി എയർലൈൻസ് പിൻവലിച്ചു

ജിദ്ദ: നവംബറിൽ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ നഗരങ്ങളിൽ നിന്നും തിരിച്ചും നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന സൗദി എയർലൈൻസിൻ്റെ രണ്ട് ദിവസം മുംബുള്ള അറിയിപ്പ് പിൻവലിച്ചു.

സൗദി എയർലൈൻസിൻ്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധികരിച്ചിരുന്ന ഏഷ്യയിലേയും ആഫ്രിക്കയിലേയും യു എസ്, യൂറോപ്പ്, മിഡിലീസ്റ്റ് രാജ്യങ്ങളിലെയും വിവിധ നഗരങ്ങളിലേക്ക് നവംബർ മുതൽ സർവീസ് നടത്തുമെന്ന പ്രഖ്യാപനമാണു കുറച്ച് സമയം മുംബ് സൗദിയയുടെ ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായിട്ടുള്ളത്.

കഴിഞ്ഞ ദിവസം അർദ്ധ രാത്രി വരെ റി എൻട്രി, വിസിറ്റിംഗ്, ജോബ് വിസ എന്നിവയുള്ളവർക്കെല്ലാം സൗദിയ വഴി നവംബർ മുതൽ യാത്ര ചെയ്യാനാകുമെന്ന മറുപടി സൗദിയ അധികൃതർ നൽകിയിരുന്നത് പ്രവാസികളിൽ വലിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ തന്നെ ട്വീറ്റ് പിൻ വലിച്ച നടപടി പ്രവാസികളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.

എന്ത് കൊണ്ടാണു ഇപ്പോൾ പ്രസ്തുത ട്വീറ്റ് പിൻവലിച്ചത് എന്നതിൻ്റെ കാരണം ഇത് വരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഇപ്പോൾ ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചോദിക്കുംബോൾ സൗദി എയർവേസിൻ്റെ കാൾ സെൻ്ററുകളിലേക്ക് വിളിക്കാനാണു സൗദിയയുടെ ട്വിറ്ററിൽ മറുപടി നൽകുന്നത്.

നവംബറിൽ വിമാന സർവീസ് പുനരാരംഭിക്കുന്ന പക്ഷം ടൂറിസ്റ്റ് വിസയിൽ അല്ലാത്ത എല്ലാവർക്കും സൗദിയിലേക്ക് പ്രവേശനം സാധ്യമാകുമെന്നത് തീർച്ചയാണെന്നും അതേ സമയം പെട്ടെന്ന് സൗദിയിലെ എത്തേണ്ടവരും വിസ കാലാവധി കുറഞ്ഞവരും ദുബൈ വഴി മടങ്ങുകയും അല്ലാത്തവർ കുറച്ച് കൂടി കാത്തിരിക്കുകയും ചെയ്യുന്നതായിരിക്കും നല്ലതെന്ന് ജിദ്ദയിലെ ട്രാവൽ ഏജൻ്റ് അബ്ദുൽ റസാഖ് വി പി ഞങ്ങളോട് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്