ജനുവരിയിൽ സൗദിയിലേക്കുള്ള വിമാന സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിൽ സമീപ ദിനങ്ങളിൽ നാട്ടിലേക്ക് തിരിച്ചത് ആയിരക്കണക്കിന് സൗദി പ്രവാസികൾ; ആരോഗ്യ മന്ത്രാലയത്തിൻ്റെ നിരീക്ഷണത്തിൽ പ്രതീക്ഷ
ജിദ്ദ: കൊറോണ പ്രതിസന്ധികൾക്ക് ഒരു പരിധി വരെ അയവ് വന്നിരുന്ന സാഹചര്യത്തിൽ ജനുവരിയിൽ സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിനു പ്രവാസികളാണു സമീപ ദിനങ്ങളിൽ മാത്രം നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്. ജനുവരിയിൽ അതിർത്തികൾ പൂർണ്ണമായും തുറക്കുമെന്ന സെപ്തംബറിലെ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയും ഇങ്ങനെ പോകാൻ കാരണമായിട്ടുണ്ട്. ഇനി നേരിട്ട് സർവീസ് ഇല്ലെങ്കിൽ പോലും ദുബൈ വഴിയെങ്കിലും മടങ്ങാമെന്ന ഉറപ്പിൽ നാട്ടിലേക്ക് തിരിച്ചവരും ഉണ്ട്.
മാസങ്ങൾക്ക് മുംബ് അവധിയിലെത്തുകയും ഇഖാമ, റി എൻട്രി കാലാവധികൾ കഫീൽ വഴി നീട്ടുകയും ചെയ്ത ശേഷം ജനുവരിയിൽ നേരിട്ട് സൗദിയിലേക്ക് പോകാമെന്ന പ്രതീക്ഷയിൽ കഴിയുന്ന നിരവധി പ്രവാസികളും നിലവിൽ നാട്ടിലുണ്ട്.
അതേ സമയം ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ബിട്ടണിലും മറ്റും വ്യാപകമായതോടെ മുൻ കരുതൽ നടപടികളുടെ ഭാഗമായി സൗദി അതിർത്തികൾ അടച്ചതോടെ ഇനി ജനുവരിയിൽ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ പലർക്കും ആശങ്ക ഉയർന്നിരിക്കുകയാണ്.
എന്നാൽ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ നിരീക്ഷണ പ്രകാരം നിലവിലുള്ള ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത് പോലെ അത്ര മാരകമല്ലെന്നാണു മനസ്സിലാകുന്നത്.
കൂടാതെ നിലവിലുള്ള വാക്സിൻ തന്നെ ഇതിനെയും നേരിടാൻ പര്യാപതമാണെന്ന സൗദി ആരോഗ്യ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവന നിലവിലെ സാഹചര്യത്തിൽ ജനിതക മാറ്റം സംഭവിച്ച വൈറസിനെ നിലവിലുള്ള വൈറസിനെ പ്രതിരോധിച്ച രീതിയിൽ തന്നെ പ്രതിരോധിക്കാവുന്നതേ ഉള്ളൂ എന്നും ബോധ്യപ്പെടുത്തുന്നു.
ഒരാഴ്ചത്തേക്കാണു ഇപ്പോൾ അതിർത്തികൾ അടച്ചതെങ്കിലും ആവശ്യമെങ്കിൽ ഒരാഴ്ച കൂടി യാത്രാ വിലക്കുകൾ നീണ്ടേക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സൂചന നൽകിയത് മുൻ കരുതൽ നടപടിയെന്നതിനു പുറമെ ഈ സമയത്തിനുള്ളിൽ വൈറസിൻ്റെ സ്വഭാവം പഠന വിധേയമാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു കൂടിയാണെന്ന് അധികൃതരുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നു.
നിലവിലെ നിരീക്ഷണങ്ങളും റിപ്പോർട്ടുകളും പരിശോധിച്ചാൽ അന്താരാഷ്ട്ര അതിർത്തി അടച്ച നടപടി അധികം നീളാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. അതേ സമയം ജനിതക മാറ്റം വന്ന വൈറസിനെക്കുറിച്ചുള്ള കൂടുത പഠന റിപ്പോർട്ടുകൾ വരും നാളുകളിൽ വ്യക്തമാകുന്നതോടെ മാത്രമേ അതിർത്തി തുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നു. ഏതായാലും വൈകാതെ ശുഭ വാർത്ത കേൾക്കാനാകുമെന്ന പ്രതീക്ഷയിലാണു നാട്ടിലും യു എ ഇയിലും കഴിയുന്ന ആയിരക്കണക്കിനു സൗദി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa