Saturday, November 23, 2024
Riyadh

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് സംഘടനാ പ്രവർത്തകർ യാത്രയയപ്പ് നൽകി

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് സംഘടന പ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 4 വർഷമായി പ്രസിഡന്റ് പദവി വഹിക്കുന്ന ബാലകൃഷ്ണന് സംഘടനയുടെ ഉപഹാരം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ കൈമാറി.

നവോദയ കുടുംബവേദി, ഷിഫ, ബത്ത, ഹാര, മുറൂജ്, ന്യൂസനയ, ഫഹാസ് അൽ ദൗരി, അസീസിയ തുടങ്ങിയ യൂണിറ്റുകളും ഉപഹാരങ്ങൾ കൈമാറി. റിയ സാംസ്‌കാരിക വേദിയെ പ്രതിനിധികരിച്ച് ക്‌ളീറ്റസ്, അബ്ദുൽ സലാം എന്നിവർ ബാലകൃഷ്ണനെ പൊന്നാടയണിയിച്ചു. എൻ ആർ കെയെ പ്രതിനിധീകരിച്ചു സത്താർ കായംകുളം ചടങ്ങിൽ പങ്കെടുത്തു.

യാത്രയയപ്പ് യോഗം ബാബുജി ഉദ്‌ഘാടനം ചെയ്തു. നവോദയയുടെ തുടക്കകാലം മുതൽ നിസ്വാർത്ഥ സേവനത്തിലൂടെ സംഘടനയുടെ വളർച്ചയിൽ ബാലകൃഷ്ണൻ വഹിച്ച പങ്ക് ബാബുജി വിവരിച്ചു. നിസ്വാർത്ഥ സേവനത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് ബാലകൃഷ്ണനെന്ന് പ്രാസംഗികർ അനുസ്മരിച്ചു. രവീന്ദ്രൻ പയ്യന്നൂർ, പൂക്കോയ തങ്ങൾ, ഷാജു പത്തനാപുരം, ലളിതാംബിക അമ്മ, കലാം, ശ്രീരാജ്, അനിൽ മണമ്പൂര്, ഗ്ലാഡ്‌സൺ, മനോഹരൻ, അനിൽ പിരപ്പൻകോട്, ഷഫീക്, സലിം, മിഥുൻ, കാജൽ, ആതിര ഗോപൻ, കുമ്മിൾ സുധീർ തുടങ്ങിയവരും നിബു വർഗ്ഗീസ്, വിനോദ് കൃഷ്ണ (ന്യൂ ഏജ്), ക്‌ളീറ്റസ് (റിയ) തുടങ്ങിയവരും സംസാരിച്ചു. നാട്ടിൽനിന്നും നവോദയയുടെ മുൻകാല ഭാരവാഹികളായ ഉദയഭാനു, രതീഷ്, അൻവാസ്, നിസാർ അഹമ്മദ് എന്നിവർ ഓൺലൈൻവഴി ആശംസകൾ നേർന്നു. ചടങ്ങിൽ നവോദയ വൈസ് പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷനായിരുന്നു.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ബാലകൃഷ്ണൻ ബോംബയിൽ ബി പി എൽ കമ്പനിയിൽ ജോലിചെയ്യുന്ന അവസരത്തിലാണ് 1998 – ലാണ് പാനസോണിക് ഏജന്റായ അൽഈസായി കമ്പനിയുടെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് വിസയിൽ ജിദ്ദയിലെത്തുന്നത്. ടെലികമ്മ്യൂണിക്കേഷനിലും ഇലക്ട്രോണിക്സിലും ഐ ടി സി സർട്ടിഫിക്കറ്റുള്ള അദ്ദേഹത്തിനെ ഇലക്ട്രോണിക്സ് സർവ്വീസ് ആൻഡ് മെയിന്റനൻസ് സെക്ഷനിൽ ആയിരുന്നു ജോലി. ഏതാനും മാസങ്ങൾക്കുശേഷം റിയാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

റിയാദിൽ നവോദയ രൂപീകരിച്ചതോടെ സംഘടനയുടെ ഹാര യൂണിറ്റ് ഭാരവാഹിയായി പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് കേന്ദ്ര കമ്മിറ്റി അംഗം, സംഘടനയുടെ പ്രസിഡണ്ട് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുകയും ചെയ്തു. നവോദയയുടെ അഭിമാന പരിപാടികളിൽ ഒന്നായ ആർട്സ് അക്കാദമിയുടെ ചുമതലയും ബാലകൃഷ്ണനാണ് വഹിച്ചിരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കലാ-കായിക സംരംഭങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു. സ്കൂൾ വിദ്യാർത്ഥികളായ മേഘ, അനഘ എന്നീ രണ്ട് പെൺമക്കളും ഭാര്യ സ്മിതയും അടങ്ങുന്നതാണ് കുടുംബം. നാട്ടിലെ സാധ്യതകളനുസരിച്ച് പുതിയ വരുമാനമാർഗ്ഗം കണ്ടെത്തുമെന്ന് ബാലകൃഷ്ണൻ യാത്രയയപ്പിന് നൽകിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa