ബുധനാഴ്‌ച, മെയ്‌ 20, 2026
Saudi ArabiaTop Stories

കുന്നു കൂടുന്ന തൊഴില്‍ നഷ്ടം

🖊️പി എം മായിൻ കുട്ടി. എഡിറ്റർ-മലയാളം ന്യൂസ്-ജിദ്ദ

പ്രവാസം പലര്‍ക്കും ആശ്വാസമായിരുന്നു. ജീവിത മാര്‍ഗം തേടി നാടും കടലും താണ്ടി മരുഭൂമിയുടെ തീരത്തണഞ്ഞ് ആശ്വാസം കണ്ടിരുന്നവര്‍ ലക്ഷങ്ങളായിരുന്നു. വിദ്യാഭ്യാസമോ, ജോലി പരിചയമോ ഒന്നുമില്ലാതിരുന്നവര്‍ പോലും കൈമുതലായി ഒരു പാസ്‌പോര്‍ട്ട് മാത്രം കൈയില്‍ കരുതി മരുഭൂ നാടുകളില്‍ എത്തിപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ചിരുന്നു. പാസ്‌പോര്‍ട്ട് പോലും കൈവശമില്ലാതെ ലോഞ്ചുകളില്‍ കയറി അതിസാഹസികമായി വെറും കൈയോടെ എത്തിപ്പെട്ടവരും നിരവധി.

അതെല്ലാം പഴങ്കഥ. അതിനു ശേഷം  വിദ്യാഭ്യാസവും കര്‍മശേഷിയുമൊക്കെയായി വരുന്നവരുടെ നിരയായിരുന്നു. ചെറിയ ജോലികളില്‍ തുടങ്ങി ഉന്നത തസ്തികകളിലും വ്യാപാര, വാണിജ്യ രംഗത്തും എത്തിപ്പെട്ടവര്‍ എണ്ണമറ്റതായിരുന്നു. ഇന്നിപ്പോള്‍ അവരുടെയെല്ലാം കൊഴിഞ്ഞുപോക്കിനാണ് ഗള്‍ഫ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഗള്‍ഫ് നാടുകളെല്ലാം സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയതോടെ ഇങ്ങോട്ടു വരുന്നവരേക്കാള്‍ അധികം തൊഴില്‍ നഷ്ടപ്പെട്ട് നാടണയുന്നവരാണ് കൂടുതല്‍. ഇങ്ങനെ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കുന്നവരുടെ കണക്കെടുത്താല്‍ ഗള്‍ഫ് നാടുകളില്‍ കൂടുതല്‍ സൗദിയില്‍ നിന്നായിരിക്കാം. കാരണം ഗള്‍ഫ് നാടുകളില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന പ്രദേശമെന്ന നിലയിലും സ്വദേശിവല്‍ക്കരണം അതിശക്തമായി നടപ്പാക്കുന്ന രാജ്യമെന്ന നിലയിലും സൗദിയില്‍നിന്ന് ജോലിയില്ലാതെ നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

ഓരോ മേഖലയും സ്വദേശിവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രൊഫഷന്‍ മാറ്റിയും സ്‌പോണ്‍സര്‍ഷിപ് മാറ്റിയും സ്വദേശികളുടെ സഹകരണത്തോടെ തന്നെ സ്വന്തമായി ഇടപാടുകള്‍ നടത്തിയുമെല്ലാമാണ് പലരും പിടിച്ചുനിന്നിരുന്നത്.
സ്വദേശിവല്‍ക്കരണം ചില മേഖലകളില്‍നിന്നു തുടങ്ങി ഇന്നിപ്പോള്‍ സര്‍വ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. താഴെ തട്ടു മുതല്‍ മേല്‍തട്ടു വരെ ഇതില്‍ പെടും. സ്വദേശികളുടെ കുറവുകൊണ്ട് നേരത്തെ പല മേഖലകളെയും സ്വദേശിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ന് ഏതു മേഖലകളിലും ഊര്‍ജസ്വലരായ സ്വദേശി യുവതീയുവാക്കള്‍ ലഭ്യമാണെന്നതിനാല്‍ സ്വദേശിവല്‍ക്കരണ വ്യാപനം ശക്തമാണ്.

ബിനാമി ഇടപാടുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ അതിശക്തമായ നടപടികളും ആരംഭിച്ചതോടെ സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തി മുന്നോട്ടു പോയിരുന്നവര്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഏതു സ്ഥാപനമായാലും സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കിയും സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ വഴി നടത്തിയും ഉടമസ്ഥാവകാശം നിയമാനുസൃതമാക്കിയും മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. ഇതോടൊപ്പം ലെവി അടക്കമുള്ള ചെലവുകളും മറ്റും വര്‍ധിച്ചതോടെ പലര്‍ക്കും സ്ഥാപന നടത്തിപ്പ് കയ്‌പേറിയ അനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

അതുപോലെ തൊഴില്‍ രംഗത്തെ സാധ്യതകളും അനുദിനം മങ്ങുകയാണ്. അവസാനമായി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച 21 മേഖലകള്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. നിതാഖാത്തിന് തുടക്കമിട്ട് ആഭരണ, പച്ചക്കറി മേഖലകളും മൊബൈല്‍ ഫോണ്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളും മാളുകളും പിന്നിട്ട് ആരോഗ്യ രംഗവും കടന്ന് എന്‍ജിനീയറിംഗ് ഉള്‍പ്പെടെ സാങ്കേതികവും മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളും വരെ ചെന്നെത്തി നില്‍ക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരാത്ത തൊഴിലുകള്‍ ഇനി വളരെ ചുരുക്കം മാത്രം. ഈ മേഖലകളിലെല്ലാം ഇപ്പോഴും വിദേശി സാന്നിധ്യം കാണാമെങ്കിലും പരിപൂര്‍ണമായും ഒഴിവാക്കപ്പെട്ട മേഖലകളും വിരളമല്ല.

ആറു മാസത്തെ കാലാവധി നല്‍കി അവസാനമായി പ്രഖ്യാപിച്ച മാര്‍ക്കറ്റിംഗ് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളടക്കമുള്ള 21 പ്രൊഫഷണലുകളില്‍ ചിലതില്‍ നൂറു ശതമാനവും സ്വദേശികള്‍ക്കായി നീക്കവെച്ചവയുമുണ്ട്. നേരത്തെ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്ന മേഖലകളില്‍നിന്ന് പ്രൊഫഷന്‍ മാറ്റി പലരും അഭയം കണ്ടെത്തിയരുന്ന രംഗങ്ങളിലേക്കു കൂടിയാണ് ഇപ്പോള്‍ സ്വദേശിവല്‍ക്കരണം കടന്നു വന്നിട്ടുള്ളത്. ഇവിടെ നിന്ന് ഏതു രംഗത്തേക്ക് മാറുമെന്ന ചിന്തയിലാണ് പലരും. ഇപ്പോഴാകാട്ടെ, മാറ്റം എളുപ്പവുമല്ല. തെരഞ്ഞെടുക്കുന്ന രംഗത്ത് തൊഴില്‍ പ്രാവീണ്യം ഉണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണമെന്നു മാത്രമല്ല, സൗദി മാനദണ്ഡങ്ങള്‍ക്കനുസൃതമായ നൈപുണ്യ യോഗ്യതാ നിര്‍ണയ പരീക്ഷ പാസാവുകയും വേണം. എങ്കില്‍ മാത്രമേ ഏതു രംഗത്തും തൊഴിലില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥാപനം സ്വദേശിവല്‍ക്കരണ തോത് പ്രാവര്‍ത്തികമാക്കിയവയുമായിരിക്കണം. എന്നാലാണ് തൊഴില്‍ മാറ്റവും ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രവുമെല്ലാം ലഭിക്കുക.

വ്യാപാര, വാണിജ്യ രംഗത്തെ സ്വദേശിവല്‍ക്കരണം വന്‍ വിജയമായി മാറിയതോടെ എന്‍ജിനീയറിംഗ്, ടെക്‌നിഷ്യന്‍, ഫാര്‍മസി, അക്കൗണ്ടിംഗ് മേഖലകളിലേക്കും സൗദിവല്‍ക്കരണം നടപ്പാക്കി വിജയിപ്പിച്ച ശേഷമാണ് മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിലേക്കു കടന്നിട്ടുള്ളത്. 2022 മെയ് എട്ടിന് നിലവില്‍ വരുന്ന പദ്ധതിയിലൂടെ 32,000 സ്വദേശികള്‍ക്ക് തൊഴിലവസരമുണ്ടാക്കാനാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 5000-5500 ല്‍ കുറയാത്ത ശമ്പളവും തര്‍ജമ, സെക്രട്ടറി, സ്റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി തസ്തികകളില്‍ നൂറ് ശതമാനവും സ്വദേശികളായിരിക്കണമെന്നും നിബന്ധനയുണ്ട്. മാര്‍ക്കറ്റിംഗ് മേഖലകളില്‍ നാലോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളെ സ്വദേശിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതു മാത്രമാണ് തെല്ല് ആശ്വാസം. പക്ഷേ, മാര്‍ക്കറ്റിംഗ് നിര്‍വചന മേഖലകളില്‍ വരുന്ന തസ്തികകള്‍ ഏറെയാണ്. ഇന്‍ഫര്‍മേഷന്‍, ഫോട്ടോഗ്രഫി, പരസ്യം, മാര്‍ക്കറ്റിംഗ് റിസര്‍ച്ച്, പബ്ലിക് റിലേഷന്‍ തുടങ്ങി നിരവധിയുണ്ട്. ഈ രംഗങ്ങളില്‍ വിദേശികള്‍, പ്രത്യേകിച്ച് മലയാളി സാന്നിധ്യം വളരെ കൂടുതലാണ്. അതുകൊണ്ട് കേരളത്തിന് ഇതുകൊണ്ടുണ്ടാവുക ഭീമമായ നഷ്ടമാണ്. നിരവധി പേര്‍ വീണ്ടും നാട്ടിലേക്കു മടങ്ങിയെത്തും. അടുത്തു വരാനിരിക്കുന്നത് വിദ്യാഭ്യാസരംഗമാണ്.  സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സമഗ്ര സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് തയാറാക്കി വരികയാണ്. ഇതും മലയാളികള്‍ക്ക് ഏറെ ദുരനുഭവങ്ങളാവും സമ്മാനിക്കുക. കാരണം വിദ്യാഭ്യാസ മേഖലകളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴിചവെക്കുന്ന വിഭാഗമാണ് മലയാളികള്‍.

ഒന്നിനു പിറകെ ഒന്നൊന്നായി തൊഴില്‍ മേഖലയില്‍നിന്ന് പഴയ തലമുറ തിരസ്‌കരിക്കപ്പെടുമ്പോള്‍ പുതുതായി ഉണ്ടാകാനുള്ള സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ പുതിയ തലമുറയെ അതിനനുസരിച്ച് വാര്‍ത്തെടുക്കുക മാത്രമാണ് പരിഹാരം.

കടപ്പാട്:മലയാളം ന്യൂസ് ദിനപത്രം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്