Tuesday, November 26, 2024
U A E

ശൈഖ് മുഹമ്മദിൻ്റെ ആത്മ കഥയിൽ സദ്ദാം ഹുസൈനുമായി നടന്ന രഹസ്യ ചർച്ചയുടെ വിശദാംശങ്ങൾ

യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമിൻ്റെ ‘ഖിസ്സ്വത്തീ’ (എന്റെ കഥ) എന്ന തൻ്റെ ആത്മകഥയിൽ ഇറാഖ് അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുന്‍പ് താൻ സദ്ദാം ഹുസൈനെ രഹസ്യമായി സന്ദർശിച്ചതും ദുബായില്‍ അഭയം വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവം വിവരിച്ചത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണു.

ഇറാഖില്‍ അമേരിക്ക അധിനിവേശം ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ബസറയിലെ സദ്ദാമിന്റെ വീട്ടില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തുകയും സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ശ്രമമെന്ന രീതിയിൽ സദ്ദാമിന് അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തു.

അഞ്ച് മണിക്കൂറുകള്‍ ഈ വിഷയത്തിൽ സദ്ദാമുമായി ശൈഖ് മുഹമ്മദ് സംസാരിച്ചു. ഇതിനിടയില്‍ സദ്ദാം നാല് തവണ പുറത്തേക്ക് പോയി. വിദൂരത്ത് നിന്ന് പോലും തന്നെ ആരോ അപായപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ട് സദ്ദാം കസേരകളിൽ മാറി മാറിയിരുന്നുവെന്നും ശൈഖ് മുഹമ്മദ് തൻ്റെ ആത്മ കഥയിൽ ഓർത്തെടുക്കുന്നു.

സദ്ദാമുമായുള്ള സംഭാഷണം നല്ല നിലയിലായിരുന്നു അവസാനിച്ചതെങ്കിലും ദുബൈയിൽ അഭയം നല്‍കാമെന്ന ശൈഖ് മുഹമ്മദിൻ്റെ വാഗ്ദാനം സദ്ദാം നിരസിച്ചു. അഭയം നൽകാമെന്ന ശൈഖ് മുഹമ്മദിൻ്റെ വാഗ്ദാനത്തോട് സദ്ദാം പ്രതികരിച്ചത് : ” ശൈഖ് മുഹമ്മദ് , ഞാൻ എൻ്റെ രക്ഷയെക്കുറിച്ചല്ല മറിച്ച് ഇറാഖിനെ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചാണു സംസാരിക്കുന്നത് എന്നായിരുന്നു”. സദ്ദാമിൻ്റെ ഈ വാക്ക് തനിക്ക് അദ്ദേഹത്തിൽ കൂടുതൽ ബഹുമാനം ഉണ്ടാക്കിയെന്നും ശൈഖ് മുഹമ്മദ് എഴുതുന്നു.

മിഡിലീസ്റ്റിൽ മറ്റൊരു സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് മുന്‍പ് ഇറാന്‍-ഇറാഖ് യുദ്ധകാലത്തും താന്‍ സദ്ദാമിനെ സന്ദര്‍ശിച്ചിട്ടുള്ളതായി ശൈഖ് മുഹമ്മദ് എഴുതുന്നുണ്ട്. ആ സമയം യു എ ഇ ഇറാനു ആയുധം നൽകി സഹായിച്ചെന്ന് സദ്ദാം ശൈഖ് മുഹമ്മദിനോട് നേരിട്ട് തന്നെ കുറ്റപ്പെടുത്തി പറഞ്ഞു. എന്നാൽ ആ ആരോപണം തെളിയിക്കാൻ ശൈഖ് മുഹമ്മ്ദ് സദ്ദാമിനെ വെല്ലു വിളിക്കുകയും യുദ്ധക്കെടുതിയിലെപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവുമായി തങ്ങളുടെ കപ്പൽ ഇറാഖിലെന്ന പോലെ ഇറാനിലും പോയിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് സദ്ദാമിനെ നേരിട്ട് ധരിപ്പിക്കുകയും ചെയ്തു.

ഇറാഖുമായി സ്ഥിരമായ ബന്ധം നിലനിര്‍ത്താന്‍ താനും ശൈഖ് സായിദും പല ശ്രമങ്ങളും നടത്തിയിരുന്നെന്നും ശൈഖ് മുഹമ്മദ് സൂചിപ്പിക്കുന്നുണ്ട്. ശറമുല്‍ ശൈഖില്‍ വെച്ച് നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ വെച്ച് ശൈഖ് സായിദ് സദ്ദാമിന് അബുദാബിയില്‍ അഭയം നല്‍കാമെന്ന് അറിയിച്ചിരുന്നുവെന്നും ശൈഖ് മുഹമ്മദ് തൻ്റെ ആത്മകഥയില്‍ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്