Friday, November 15, 2024
Saudi ArabiaTop Stories

റിയാദിൽ വധ ശിക്ഷ കാത്ത് കഴിയുന്ന മലയാളിയുടെ മോചനത്തിനു വഴി തെളിയുന്നു

റിയാദിൽ സ്വദേശി ബാലൻ്റെ മരണത്തിനുത്തരവാദിയായ കാരണത്താൽ കോടതി വധ ശിക്ഷ വിധിച്ച കോഴിക്കോട് സ്വദേശിയായ യുവാവിൻ്റെ മോചനത്തിനു വഴി തെളിയുന്നു. കോഴിക്കോട് കോടംബുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീമിൻ്റെ വധ ശിക്ഷയാണു ദിയ പണം നൽകിയാൽ ഒഴിവാകാൻ സാധ്യത തെളിയുന്നത്. അബ്ദുറഹീമിൻ്റെ അഭിഭാഷകൻ അലി അൽ ഹാജിരിയാണു ഇക്കാര്യം അറിയിച്ചത്.

ഹൗസ് ഡ്രൈവറായിരുന്ന അബ്ദുറഹീം റിയാദ് അൽ മൻസൂറയിൽ അനസ് ഫായിസ് എന്ന സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണു ശിക്ഷിക്കപ്പെട്ടത്. 12 വർഷങ്ങൾക്ക് മുംബ് 2006 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഹൗസ് ഡ്രൈവർ വിസയിലാണു അബ്ദുറഹീം 2006 നവംബറിൽ റിയാദിലെത്തിയത്. സ്പോൺസറുടെ ബുദ്ധിമാന്ദ്യമുള്ള അനസ് ഫായിസ് എന്ന മകനെക്കൂടി പരിചരിക്കേണ്ട ചുമതല അബ്ദുറഹീമിനുണ്ടായിരുന്നു. വീടിനടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് അനസുമായി പോകുന്നതിനിടയിൽ അബ്ദുറഹീമിനു പറ്റിയ ഒരു കൈയബദ്ധമാണു അനസിൻ്റെ മരണത്തിൽ കലാശിച്ചത്.

അനസ് സംഭവ ദിവസം കാറിൽ പോകുന്നതിനിടയിൽ അബ്ദുറഹീമുമായി ബഹളം വെക്കുകയും സിഗനൽ ലംഘിച്ച് കാറുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിഗ്നൽ ലംഘിക്കാൻ തയ്യാറല്ലാതിരുന്ന അബ്ദുറഹീമിൻ്റെ മുഖത്തേക്ക് അനസ് ശകാരം ചൊരിഞ്ഞ് തുപ്പുകയായിരുന്നു. ഇത് തടയാനായി അബ്ദുറഹീം കൈയോങ്ങിയപ്പോൾ കൈ പതിച്ചത് അനസിൻ്റെ കഴുത്തിൽ ഓപ്പറേഷൻ ചെയ്ത് ഘടിപ്പിച്ചിരുന്ന ഭക്ഷണം കഴിക്കാനുപയോഗിച്ചിരുന്ന ഒരു ഉപകരണത്തിൻ്റെ മുകളിലായിരുന്നു. ഈ സംവിധാനം കേട് വന്ന ആഘാതത്തിൽ അനസ് ബോധ രഹിതനായി.

അബ്ദുറഹീം തൻ്റെ അടുത്ത ബന്ധുവായ നസീറിനെ വിളിച്ച് വിവരം പറയുകയും നസീർ സ്ഥലത്തെത്തി സംഭവം പന്തിയല്ലെന്ന് കണ്ട് തിരിച്ച് പോകുകയുമായിരുന്നു. പിന്നീട് അനസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അബ്ദുറഹീമിനെയും അവസാനം വിളിച്ച നംബറിൻ്റെ ഉടമസ്ഥനായ നസീറിനെ കുറ്റം മറച്ച് വെച്ചതിനും അറസ്റ്റ് ചെയ്തു.

നസീറിനെ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷക്കും 300 ചാട്ടവാറടിക്കും വിധിക്കുകയും ശിക്ഷ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ റഹീമിൻ്റെ മോചനത്തിനു 3 ലക്ഷം മുതൽ 5 ലക്ഷം റിയാൽ വരെ ദിയ പണം നൽകേണ്ടി വരുമെന്നാണു കരുതുന്നത്. കൃത്യമായ തുക റിയാദ് കോടതി വൈകാതെ അറിയിക്കും. വൻ തുക ദിയ പണം നൽകാൻ നിർധനനായ റഹീമിൻ്റെ കുടുംബത്തിനു സാധ്യമാകില്ലെന്നതിനാൽ പൊതു ജന പങ്കാളിത്തം ഈ വിഷയത്തിൽ പ്രതീക്ഷിക്കുകയാണു റഹീമിൻ്റെ മോചനത്തിനു പ്രവർത്തിക്കുന്ന കർമ്മ സമിതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്