സൗദി പ്രവാസികൾ ജാഗ്രതൈ; ജിദ്ദയിലും വയർ കുറക്കൽ തട്ടിപ്പ് സംഘം കെണിയുമായി രംഗത്ത്
സൗദിയുടെ പല ഭാഗത്തുമുള്ള കുടവയർ കുറക്കൽ തട്ടിപ്പ് സംഘം ജിദ്ദയിലും അതി വിദഗ്ധമായി പ്രവാസികളെ വഞ്ചിക്കുന്നതായി റിപ്പോർട്ട്.
ബലദിലാണ് ഈ സംഘം വ്യാപകമായി തട്ടിപ്പ് നടത്തുന്നത് എന്നാണ് അറേബ്യൻ മലയാളിയെ അനുഭവസ്ഥർ അറിയിച്ചത്.
കുടവയർ ഉള്ള ആളുകൾ നടന്ന് പോകുമ്പോൾ അയാളുടെ പിറകെ തടി കുറഞ്ഞ ഒരാൾ പിന്തുടരും. തുടർന്ന് വയർ കൂടിയ വ്യക്തിയോട് തടി കുറച്ചു കൂടെയെന്നും താനും നേരത്തെ വയർ കൂടിയ ആളായിരുന്നുവെന്നും ഇപ്പോൾ ഒരു മരുന്ന് കഴിച്ച് വയർ കുറഞ്ഞതാണെന്നും പറയും.
സ്വാഭാവികമായും കുട വയർ കുറയാൻ ആഗ്രഹിക്കുന്ന വ്യക്തി ആ മരുന്നിനെക്കുറിച്ച് അന്വേഷിക്കും. ആ നിമിഷമാണ് തട്ടിപ്പ് സംഘവും കാത്തിരിക്കുന്നത്.
കേട്ടു കേൾവിയില്ലാത്ത ഒരു മരുന്നിനെക്കുറിച്ച് അയാൾ പറഞ്ഞ് കൊടുക്കും. എന്നാൽ അതിനെക്കുറിച്ച് മുമ്പ് കേൾക്കാത്തതിനാൽ അതെവിടെ കിട്ടും എന്നായി വയർ കുറയാൻ ആഗ്രഹിക്കുന്നയാളുടെ സംശയം. ഈ സന്ദർഭത്തിൽ മരുന്ന് ലഭിക്കുന്ന കട തട്ടിപ്പുകാരൻ കാണിച്ചു തരുന്നതോടെ ഇര കെണിയിൽ ഏകദേശം വീണു കഴിഞ്ഞിരിക്കും. പിന്നീട് ഉയർന്ന തുക നൽകി എന്തോ പൊടി നൽകി ആളെ പിരിച്ച് വിടുന്നതോടെ തട്ടിപ്പ് പൂർണ്ണമാകും.
ബലദിൽ ബസിറങ്ങി നടന്ന് പോകുന്ന സന്ദർഭത്തിൽ തനിക്ക് ഈ അനുഭവമുണ്ടായതായി ബലദിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
തടി കുറക്കാൻ ഒരു കടയിൽ നിന്ന് 15 റിയാലിന്റെ ഒരു പൊടിയും പിന്നീട് അതിൽ ചേർത്ത് കഴിക്കാൻ എന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിന്റെ തന്നെ മറ്റൊരു കടയിൽ നിന്ന് 100 റിയാലിനു രണ്ടോ മൂന്നോ മാത്രം ഗ്രാം വരുന്ന മറ്റൊരു പൊടിയും തന്നാണ് ഇവർ പറ്റിക്കുന്നത്. ഇവർ ഹിന്ദിയിലാണ് ആശയ വിനിമിയം നടത്തുന്നതെന്നും പലരും ഇവരുടെ തട്ടിപ്പിൽ പെട്ട് പോകുന്നുണ്ടെന്നും ബഷീർ ഓർമ്മിപ്പിക്കുന്നു.
കുട വയറിനു പുറമെ മുടി കൊഴിച്ചിലിനും കാഴ്ച ശക്തിക്കും പ്രമേഹത്തിനുമെല്ലാം തട്ടിപ്പ് സംഘത്തിന്റെ കയ്യിൽ ഒറ്റമൂലിയുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഏതായാലും പ്രവാസികൾ ഈ സംഘത്തിനെതിരെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജിദ്ദക്ക് പുറമെ സൗദിയുടെ മറ്റു പല ഭാഗങ്ങളിലും ഈ സംഘം വിലസുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa