Saturday, September 21, 2024
Saudi ArabiaTop Stories

അൽറാസ് വാഹനാപകടം: അസീസിൻ്റെ മയ്യിത്ത് ബുധനാഴ്ച നാട്ടിലെത്തും

ഖസീം: റിയാദ്-മദീന ഹൈവേയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരണപ്പെട്ട വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസിൻ്റെ (48) മയ്യിത്ത് ബുധനാഴ്‌ച കാലത്ത് കരിപ്പൂര് എയർപോർട്ടിലെത്തും. ഫ്ലൈനാസ് എയർലൈനിൽ രാവിലെ 8 ന് എത്തുന്ന അബ്ദുൽ അസീസിനെ സഹോദരൻ മനാഫ് ഏറ്റു വാങ്ങും. തുടർന്ന് സ്വദേശമായ വണ്ടൂര് കൂരാട് വീട്ടിലെത്തിച്ച ശേഷം 10.30 ന് കൂരാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

ഖസീമിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന അബ്ദുൽ അസീസിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകി. അൽ റാസ് ജനറൽ ആസ്പത്രിയിൽ നിന്ന് മയ്യിത്ത് തിങ്കളാഴ്ച തന്നെ ബുറൈദ സെൻട്രൽ ആസ്പത്രിയിലേക്ക് കൊണ്ടു വന്നിരുന്നു. നടപടി ക്രമങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് എംബാം ചെയ്തു. ളുഹർ നിസ്ക്കാരത്തിനു ശേഷം ആശുപത്രി അങ്കണത്തിലെ മസ്ജിദിൽ ജനാസ നിസ്ക്കാരം നടന്നു. മസ്ജിദ് ഇമാം ശൈഖ് അബുറയാൻ പ്രാർത്ഥനക്കു നേതൃത്വം നൽകി.

അബ്ദുൽ അസീസിൻ്റെ ബന്ധുക്കളും, സുഹൃത്തുക്കളും, സഹപ്രവർത്തകരുമടക്കം വൻ ജനാവലി പങ്കെടുത്തിരുന്നു ജനാസ നിസ്ക്കാരത്തിന്. അസീസിൻ്റെ സുഹൃത്തുക്കൾക്ക് പുറമെ കെഎംസിസി, ഐസിഎഫ് സംഘടനകളുടെ പ്രവർത്തകരും എത്തിയിരുന്നു അസീസിന് അന്ത്യയാത്ര നൽകാൻ. ബുറൈദ, ഉനൈസ, അൽറാസ് തുടങ്ങിയ പരിസര പ്രദേശങ്ങളിൽ നിന്ന് ഐസിഎഫിൻ്റേയും, കെഎംസിസിയുടേയും പ്രവർത്തകർ കൂട്ടത്തോടെ എത്തി പ്രിയ സ്നേഹിതന് ആശുപത്രി മസ്ജിദ് പരിസരത്ത് പ്രാർത്ഥനകളോടെ  യാത്രയയപ്പ് നൽകി. ഉച്ചക്ക് ഒരു മണിക്ക് അസീസിനെയും വഹിച്ച് ആംബുലൻസ് റിയാദ് എയർപോർട്ടിലേക്ക് നീങ്ങി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അൽ റാസിൽ നിന്ന് 20 കി.മീ അകലെ റിയാദ് അൽ ഖുബ്റ വെച്ചായിരുന്നു അപകടം നടന്നത്.

അബ്ദുൽ അസീസ് അൽ റാസ് യൂനിറ്റ് ഐസിഎഫ് പ്രസിഡണ്ടായിരുന്നു. നടന്നു ഹജ്ജിന് പോകുന്ന ശിഹാബ് ചോറ്റൂരിനെ കാണാൻ പോയി മടങ്ങും വഴി റിയാദ്-മദീനാ ഹൈവേയിലെ എക്സിറ്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. പിറകിൽ നിന്ന് വാഹനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. റിയാദിലുണ്ടായിരുന്ന ഏക മകൾ ശംസിയയും ഭർത്താവ് സൽമാനും അപകട വാർത്ത അറിഞ്ഞയുടൻ അൽറാസിലെത്തിയിരുന്നു. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാമൂഹ്യ പ്രവർത്തകരുടെ കൂടെ ഉണ്ടായിരുന്ന അവർ തിങ്കളാഴ്ച നാട്ടിലേക്ക് തിരിച്ചു.

വെള്ളിയാഴ്ച എല്ലാ യൂനിറ്റുകളിലും അസീസിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുമെന്ന് ഐസിഎഫ് സൗദി നാഷണൽ കമ്മറ്റി അറിയിച്ചു. അസീസിൻ്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ അൽറാസ്, ബുറൈദ എന്നിവിടങ്ങളിലെ കെഎംസിസി പ്രവർത്തകരെ കണ്ട് ബന്ധുക്കൾ കൃതജ്ഞത അറിയിച്ചു..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്