റെസിഡന്റ് വിസ സ്റ്റാംബിംഗ്; സൗദി പ്രവാസികൾ നട്ടം തിരിയുന്നു
മലപ്പുറം: വിസിറ്റ് വിസക്ക് പുറമെ റെസിഡന്റ് വിസ ഇഷ്യു ചെയ്യുന്നതിനുള്ള വി എഫ് എസ് തഅഷീറ സെന്ററിലെ നടപടിക്രമങ്ങളിലെ നൂലാമാലകളും സൗദി പ്രവാസികൾക്ക് പുലിവാലാകുന്നു.
റെസിഡന്റ് വിസ ഇഷ്യു ചെയ്യാനുള്ള മെഡിക്കൽ എടുത്തതിനു ശേഷം മോഫ നമ്പർ എടുക്കേണ്ടതുണ്ട്. അതിന് വി എഫ് എസിനെ സമീപിക്കണം. ശേഷം വീണ്ടും മെഡിക്കൽ സെന്ററിനെ സമീപിച്ച് മൊഫ അപ്ഡേറ്റ് ചെയ്യണം. ശേഷം വിസ സ്റ്റാംബ് ചെയ്യാനായി വീണ്ടും വി എഫ് എസിനെ സമീപിക്കണം. ചുരുക്കത്തിൽ ഒരു അപോയിന്റ്മെന്റ് തന്നെ കിട്ടാൻ ആളുകൾ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ റെസിഡന്റ് വിസ ഇഷ്യു ചെയ്യേണ്ടവർ രണ്ട് തവണ വി എഫ് എസിനെ സമീപിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് സാരം.
ഈ സാഹചര്യം പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ദുരിതപൂർണ്ണമായ അവസ്ഥയാണ് ഇപ്പോൾ നൽകുന്നതെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
ഇതിനു പുറമെ മെഡിക്കൽ ആവശ്യമില്ലാത്ത കുട്ടികൾക്കുള്ള പ്രതിരോധ വാക്സിനുമായി ബന്ധപ്പെട്ടും പ്രവാസികൾ പ്രതിസന്ധി നേരിടുകയാണ്.
കുട്ടികൾക്ക് യെല്ലോ വാക്സിനെടുത്ത സർട്ടിഫിക്കറ്റ് മെഡിക്കൽ സെന്ററിൽ നിന്ന് ലഭിച്ച് സൗദി എംബസി അറ്റസ്റ്റ് ചെയ്തതിനു ശേഷം സ്റ്റാംബിംഗിനായി വി എഫ് എസിൽ നേരിട്ട് സമർപ്പിക്കണം. അതിനായി മറ്റൊരു അപോയിന്റ്മെന്റ് എടുക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ ഒരു കുടുംബത്തിന്റെ സൗദി റെസിഡന്റ് വിസ ഇഷ്യു ചെയ്യുക എന്നത് ഇപ്പോൾ വലിയ ബാലികേറാമലയാണെന്ന് സാരം.
ഈ സാഹചര്യത്തിൽ പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും മറ്റും വിസിറ്റ്, റെസിഡന്റ് വിസകൾ ഇഷ്യു ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി എഫ് എസിലേക്ക് പോകണമെന്ന നിബന്ധന ഒഴിവാക്കണമെന്നും ഇതിനായി രാഷ്ട്രീയ സമൂഹിക മേഖലകളിൽ ഉള്ളവർ സജീവ ഇടപെടലുകൾ നടത്തണമെന്നുമാണ് ട്രാവൽ മേഖലയിലുള്ളവരും പൊതു ജനങ്ങളും ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa