Saturday, September 21, 2024
Jeddah

എൽക്ലാസിക്കോ വോളിമേള, ആരവങ്ങൾക്കിടയിൽ ട്രെയിനിങ് മേറ്റ്സ് കപ്പുയർത്തി

ജിദ്ദയിലെ വോളിബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് 2023 വോളിബോൾ ടൂർണമെന്റിന് ആവേശത്തിമിർപ്പിൽ പരിസമാപ്തികുറിച്ചു.

ഫൈനലിൽ വിജയികളായ ട്രെയിനിങ് മേറ്റ്സ് കളിക്കാർ സൗദി വോളിബോൾ ഫെഡറേഷൻ പ്രതിനിധി ഹനാൻ അൽ ഖഹത്താനിയിൽ നിന്നും വിജയികൾക്കുള്ള കപ്പ് ഏറ്റുവാങ്ങി. അൽ അഹ്ലി ക്ലബ് റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി അത്യന്തം വാശി നിറഞ്ഞ ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരേ മൂന്നു സെറ്റുകൾ നേടിക്കൊണ്ട് ട്രെയിനിങ് മേറ്റ്സ് അൽ അഹ്ലിയെ തറപറ്റിച്ചു.

ആദ്യസെമിയിൽ മലയാളി താരങ്ങളടങ്ങുന്ന അറബ്‌കോ ടീമും അൽ അഹ്ലി ക്ലബ്ബും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ച വെച്ചു. കളിയുടെ തുടക്കത്തിൽ അറബ്‌കോ മേധാവിത്വം പുലർത്തിയെങ്കിലും പിന്നീട് അൽഅഹ്‌ലി കളിയിലേക്ക് തിരിച്ചു വരുന്ന കാഴചയാണ് കാണാൻ കഴിഞ്ഞത്. മൂന്ന് സെറ്റുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അൽഅഹ്‌ലി അറബ്‌കോയെ പരാജയപ്പെടുത്തി.

രണ്ടാം സെമിയിൽ ട്രെയിനിങ് മേറ്റ്സ് അൽനോറസുമായി ഏറ്റുമുട്ടി ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അൽനോറസിനെ കീഴ്‌പ്പെടുത്തിയതോടെ ഫൈനലിൽ ട്രെയിനിങ് മേറ്റ്സും അൽഅഹ്ലിയും തമ്മിലുള്ള കാണികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിനു അരങ്ങൊരുങ്ങുകയായിരുന്നു.

രാത്രി വൈകിയിട്ടും വോളിബോൾ ആരാധകരുടെ ആവേശം ഒട്ടും ചോരാത്ത രീതിയിൽ കളിയിലുടനീളം വിജയപരാജയങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്ന അഞ്ചു സെറ്റുകളുള്ള ഫൈനൽ മത്സരത്തിൽ നാലാം സെറ്റിലും ട്രെയിനിങ് മേറ്റ്സ് വിജയിച്ചതോടെ അൽഅഹ്‌ലി രണ്ടാം സ്ഥാനക്കാരായി അടിയറവ് പറയുകയായിരുന്നു. സൗദി വോളിബോൾ ഫെഡറേഷൻറെ റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു. അൽ അബീർ മാർക്കറ്റിംഗ് ഡയറക്ടർ ഇമ്രാൻ റണ്ണേഴ്‌സിനുള്ള ട്രോഫി കൈമാറി.

വർണാഭമായ കലാപരിപാടികൾ പ്രിൻസ് ഫൈസൽ അൽ അബ്ദുള്ള സ്റ്റേഡിയത്തിലെ രാത്രിയെ വളരെ മനോഹരമാക്കി മാറ്റി, എല്ലാ ഇടവേളകളിലും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറിയതോടെ ദൈർഘ്യമേറിയ മണിക്കൂറുകൾ കാണികൾക്ക് ഒട്ടും മുഷിപ്പുളവാക്കിയില്ലെന്ന് മാത്രമല്ല സുന്ദരനിമിഷങ്ങൾ മണിക്കൂറുകൾ നിമിഷങ്ങളാക്കി പരിവർത്തിക്കപ്പെട്ടു.

ജമാൽ പാഷയും പാകിസ്ഥാനി ഗായകൻ ബസ്സാമും ബംഗ്ലാദേശി ഗായിക റുവാസും സദസ്സിനെ കയ്യിലെടുക്കുന്ന ഗാനങ്ങളുമായി വേദിയിലെത്തിയപ്പോൾ സ്വദേശികളും വിദേശികളും ഒരുപോലെ അവരെ പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു. ചടുലമായ നൃത്താവിഷ്കാരവുമായി ജിദ്ദയിലെ പ്രമുഖ കൊറിയോഗ്രാഫർ അൻഷിഫ് അബൂബക്കറിൻറെ സംഘം ശ്രദ്ധ പിടിച്ചുപറ്റി.

സ്നേഹശ്യാമിന്റെ കരാട്ടെ സംഘവും ഇശൽ കലാവേദിയുടെ ടീമും ഒപ്പനയും മറ്റു കലാകാരന്മാരും അണിനിരന്ന മാർച്ച് പാസ്റ്റും പരിപാടിയെ വർണശബളമാക്കി പുതിയ കാലത്തെ ഒപ്പനയും, നദീറ ടീച്ചറുടെ ശിഷ്യരുടെ ഒപ്പനയും അറബിക്ക് ഡാൻസും കലാപരികൾക്ക് മാറ്റ് കൂട്ടി.

സൗദി വോളിബോൾ ഫെഡറേഷൻറെ നേതൃ സ്ഥാനത്തിരിക്കുന്ന പ്രമുഖരും, കെഎംസിസി നേതാവ് വിപി മുസ്തഫ, സീതി കൊളക്കാടൻ, ജലാൽ തേഞ്ഞിപ്പലം, ഒഐസിസി നേതാവ് കെടിഎ മുനീർ, ഇക്‌ബാൽ പൊക്കുന്ന്, സാക്കിർ ഹുസ്സൈൻ എടവണ്ണ, നവോദയയുടെ ഷിബു തിരുവനന്തപുരം, തുടങ്ങിയ ജിദ്ദയിലെ കലാകായിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളും മലയാളം ന്യൂസ് പത്രാധിപസമിതി അംഗം മുസാഫിർ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, സുൾഫിക്കർ ഒതായി തുടങ്ങിയ മാധ്യമരംഗത്തെ പ്രമുഖരും വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. റാഫി ബീമാപ്പള്ളിയും വലീദ്, മുഹമ്മദ് ഗാസി സദഖ തുടങ്ങിയവർ അവതാരകരായിരുന്ന പരിപാടികൾ എൽക്ലാസിക്കോ ചെയർമാൻ ഹിഫ്‌സുറഹ്‌മാനും, സൈനുദ്ധീൻ, നൗഫൽ ബിൻ കരീം, അഷ്‌റഫ് അൽഹർബി, മജീദ്, മൻസൂർ ഫറോക്ക്, അബ്ദുൽ വഹാബ് എൻ.പി, സാലിഹ് കാവോത്ത്, അൻസാർ പിലാക്കണ്ടി, അനിൽ മുഹമ്മദ് തുടങ്ങിയവർ നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q