പ്രതിപക്ഷ സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി; പ്രതീക്ഷയോടെ ആദ്യ സംയുക്ത യോഗം ഇന്ന്
പ്രതിപക്ഷ പാർട്ടികൾ എല്ലാവരും കൂടി ചേർന്നുള്ള സംയുക്ത സഖ്യം 2024 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിനു മുമ്പായി ബിഹാറിലെ പട്നയിൽ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 2024ൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽഗാന്ധി പറഞ്ഞത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് 16 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന യോഗം നടക്കുന്നത്. കോൺഗ്രസിന്റേത് ‘ഭാരത് ജോഡോ’ എന്ന ആശയമാണെന്നും എന്നാൽ ബി.ജെ.പിയുടേത് ‘ഭാരത് തോടോ’ എന്ന ചിന്തയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നു പറഞ്ഞ രാഹുൽ, ഇന്ത്യയെ വിഭജിച്ച് അക്രമങ്ങളും വിദ്വേഷവും പരത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
എല്ലാ പ്രതിപക്ഷ പാർട്ടികളും ഇവിടെ ഒത്തുചേർന്നിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചു നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താൻ പോകുകയാണ്. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം കരസ്ഥമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിൽ എല്ലായിടത്തും ബിജെപി നേതാക്കളുടെ പ്രസംഗം നടത്തി. എന്നാൽ ഫലം വരുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ. കോൺഗ്രസ് ഒന്നിച്ചുനിന്നു. കർണാടകയിൽ നിന്ന് ബിജെപിയെ ഇല്ലാതാക്കി, രാഹുൽ പറഞ്ഞു.
മുഖ്യകക്ഷിയായ കോണ്‍ഗ്രസിനോട് പ്രമുഖ പ്രതിപക്ഷകക്ഷികള്‍ കടുത്തഭിന്നത രേഖപ്പെടുത്തുന്നതിനിടെയാണ് വെള്ളിയാഴ്ച 11 മണിമുതല്‍ 3.30 വരെ പ്രതിപക്ഷ പാർട്ടികളുടെ ആദ്യയോഗം നടക്കുന്നത്. 16 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa