ശിഹാബ് ചോറ്റൂർ നമ്മെ പഠിപ്പിക്കുന്നത്
മലപ്പുറത്തു നിന്ന് മക്ക വരെ കാൽനടയായി യാത്ര ചെയ്തതിലൂടെ ലോകപ്രശസ്തനായ ശിഹാബ് ചോറ്റൂർ തൻറെ ദൗത്യം പൂർത്തീകരിച്ച് വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
മക്കയിലേക്ക് വിവിധ നാടുകളിൽ നിന്ന് പലരും കാൽനടയായും സൈക്കിൾ വഴിയും ഉന്തു വണ്ടികളുമായും മറ്റും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ശിഹാബ് ചോറ്റൂരിന്റെ യാത്ര പല കാരണങ്ങൾ കൊണ്ടും വ്യത്യസ്തത നിറഞ്ഞതായിരുന്നു.
ഒരു ഉപദ്രവവും ആർക്കും ചെയ്തില്ലെങ്കിലും നിരവധിയാളുകളുടെ ആക്ഷേപങ്ങളും പരിഹാസങ്ങളും ഏറെ കേൾക്കേണ്ടിവന്നു എന്നതാണ് ശിഹാബ് ചോറ്റൂരിന്റെ യാത്രയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുമ്പോൾ എടുത്തുപറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം.
ഒരാളെയും ആശ്രയിക്കാതെ, ആരെയും പ്രയാസപ്പെടുത്താതെ, സ്വന്തം മനസ്സിലെടുത്ത ഒരു തീരുമാനപ്രകാരം മക്കയിലേക്ക് നടന്നു പോകുക എന്ന തൻറെ വലിയ ഒരു ആഗ്രഹം പൂർത്തീകരിക്കാനായി മലപ്പുറത്തുനിന്ന് നടന്നു തുടങ്ങിയ ആ യുവാവിനെ എന്തിനാണെന്നറിയാതെ ഒരുപറ്റം ആളുകൾ കടന്നാക്രമിക്കുന്നത് സോഷ്യൽ മീഡിയകളിലൂടെ നാം കാണുകയുണ്ടായി. എന്താണ് ശിഹാബ് ചോറ്റൂർ അവരോട് ചെയ്ത തെറ്റ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ പറയാനുള്ളൂ. ‘ തങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം അസൂയയുടെ ഒരു പ്രതിഫലനം മാത്രമാണത് ‘ എന്നതാണത്.
ഈ സാഹചര്യത്തിലും മനസ്സാന്നിദ്ധ്യം കൈവിടാതെ തൻറെ ദൗത്യത്തിൽ നിന്നും പിന്മാറാതെ ലക്ഷ്യസ്ഥാനത്തെത്തി കേരളത്തിന്റെയും ഇന്ത്യയെയും അഭിമാനമാകാൻ ശിഹാബിനു സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ശിഹാബ് നടത്തിയ യാത്ര പലകാര്യങ്ങൾ കൊണ്ടും നമുക്ക് പ്രത്യേകിച്ച് മലയാളികൾക്ക് വലിയ പാഠങ്ങൾ നൽകുന്നതാണ്.
എന്ത് പ്രതിബന്ധങ്ങൾ വന്നാലും താൻ ഉദ്ദേശിച്ച കാര്യം സാധ്യമാകുന്നത് വരെ തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറില്ല എന്ന ശിഹാബിന്റെ ഉറച്ച തീരുമാനം തന്നെയാണ് ഇതിലെ ഏറ്റവും വലിയ ഒരു മോട്ടിവേഷൻ.
സോഷ്യൽ മീഡിയകളിലെ തങ്ങളുടെ അക്കൗണ്ടുകൾക്ക് റീച്ച് ഉണ്ടാക്കാനായി പല വ്ലോഗർമാരും പല രീതിയിലും ശിഹാബിനെ ദ്രോഹിച്ചപ്പോൾ ചില മത പ്രാസംഗികർ വരെ ശിഹാബ് ചോറ്റൂരിനെ കടന്നാക്രമിച്ചത് നാം കാണുകയുണ്ടായി. എന്നാൽ എത്ര വിമർശനങ്ങൾ ഉയർന്നിട്ടും തൻറെ ലക്ഷ്യം പൂർത്തീകരിക്കുക എന്ന തൻറെ സ്വപ്ന പദ്ധതിയിൽ നിന്ന് പിന്മാറാൻ ശിഹാബ് തയ്യാറായില്ല എന്നത് ഏവർക്കും വലിയ ഒരു പ്രചോദനവും പാഠവും ആണ്.
ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോൾ മാസങ്ങളോളം പഞ്ചാബിൽ അതിർത്തിയിൽ താമസിച്ച സമയത്തും തിരിച്ചുവരാനായി ആഹ്വാനം ചെയ്ത നിരവധി ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ആ സമയത്തും തനിക്ക് പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസമായിരുന്നു ശിഹാബിനെ അവിടെത്തന്നെ തുടരാൻ പ്രേരിപ്പിച്ചത്. അവസാനം അതുപോലെ സംഭവിക്കുകയും ചെയ്തു. ഏത് പ്രതിസന്ധി വന്നാലും ഉദ്ദേശിച്ച കാര്യം പൂർത്തീകരിക്കാൻ നാം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിൽ അത് നാം സാധിച്ചടുക്കുക തന്നെ ചെയ്യും എന്നുള്ള വലിയ ഒരു പാഠം തന്നെ ശിഹാബ് ചോറ്റൂർ ഇതിലൂടെ നമ്മൾ മലയാളികളെ പഠിപ്പിക്കുന്നുണ്ട്.
മറ്റൊരു പ്രധാന പാഠം ഏതു നല്ല കാര്യത്തിനെയും വിമർശിക്കാനും പരിഹസിക്കാനും ഒരുപറ്റം ആളുകൾ കാലാകാലങ്ങളിൽ ഈ ഭൂമുഖത്ത് അവശേഷിക്കും എന്നുള്ളതാണ്. ഒരു കാര്യവും ഇല്ലാതെ ശിഹാബിനെ പരിഹസിക്കുകയും അക്ഷേപിക്കുകയും ചെയ്ത് കൊണ്ട് ചിലർ ചെയ്ത വീഡിയോസും കമന്റുകളുമെല്ലാം ഇതിനൊരുദാഹരണമാണ്. എന്നാൽ പരിഹാസങ്ങളെ അവഗണിച്ച് ശിഹാബ് ലക്ഷ്യം കണ്ടു എന്നത് ശ്രദ്ധേയമാണ്.
ഒരാളുടെ ഉയർച്ചയിൽ ഒരു കാര്യവുമില്ലാതെ അസൂയപ്പെടുന്നവരും തടസ്സങ്ങൾ സൃഷ്ടിക്കുന്നവരും നിരവധിയുണ്ടാകും എന്നതും ശിഹാബിന്റെ യാത്ര നൽകുന്ന വലിയ ഒരു പാഠം ആണ്. ഇൻസ്റ്റഗ്രാമിൽ ശിഹാബിന്റെ ഫോളോവേഴ്സ് പെട്ടെന്ന് മില്യണുകളിലേക്ക് എത്തിയപ്പോൾ നിരവധി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്ന സംഭവം ഓർക്കുക. എന്നാൽ അക്കൗണ്ട് പോയാൽ തനിക്ക് ഒന്നുമില്ലെന്നും മക്കയിൽ നടന്നെത്തുക എന്ന ലക്ഷ്യമാണ് പ്രധാനം എന്നും പ്രഖ്യാപിച്ച ശിഹാബ് ഇവിടെ വലിയ മാന്യതയായിരുന്നു പ്രകടിപ്പിച്ചത്.
എല്ലാത്തിലും ഉപരിയായി അല്ലാഹുവിന്റെ അപാരമായ കാരുണ്യവും സഹായവും ഉണ്ടെങ്കിൽ, അവനെ എല്ലാം ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, ഏത് പ്രതിസന്ധിയും താത്ക്കാലിക ജല കുമിളകൾ മാത്രമാണെന്നും പ്രാർഥന വലിയ ഒരായുധമാണെന്ന ഉത്തമ ബോധ്യവും ശിഹാബിന്റെ ലക്ഷ്യ പൂർത്തീകരണം നമ്മെ മനസ്സിലാക്കിത്തരുന്നു.
✍️ജിഹാദുദ്ദീൻ.അരീക്കാടൻ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa