Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിഷ്ക്കരിച്ച വ്യവസ്ഥകൾ ഉടൻ നിലവിൽ വരും

സൗദിയിലെ ഗാർഹിക തൊഴിലാളികളുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിരവധി വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ അറിയിച്ചു.

ഗാർഹിക തൊഴിലാളികളായ പുരുഷൻമാരോടും സ്ത്രീകളോടും മോശമായി പെരുമാറുന്ന സാഹചര്യത്തിൽ തൊഴിലുടമയ്ക്ക് പരമാവധി 2000 റിയാൽ പിഴയോ ഒരു വർഷത്തെ റിക്രൂട്ട്‌മെന്റ് നിരോധനമോ ​​രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. 

ഗാർഹിക തൊഴിലാളികൾ തൊഴിലുടമയുടെ രഹസ്യസ്വഭാവം വെളിപ്പെടുത്തിയാൽ പിഴ ഈടാക്കുമെന്നും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗാർഹിക തൊഴിലാളിയെ അവന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ സുരക്ഷയ്ക്കും അപകടം ചെയ്യുന്ന ഒരു ജോലിക്കും നിയോഗിക്കരുത്. അത് അവന്റെ മാനുഷിക അന്തസ്സിനെ ബാധിക്കുന്നു.

ഗാർഹിക തൊഴിലാളികൾ ചട്ട ലംഘനം നടത്തിയാൽ 2,000 റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രാജ്യത്ത് സ്ഥിരമായി ജോലി ചെയ്യുന്നതിനു നിരോധനമോ ​​അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കും. ചട്ട ലംഘനങ്ങളുടെ ബാഹുല്യം കൊണ്ട് പിഴകൾ വർദ്ധിച്ചാൽ, തൊഴിലാളിക്ക് തന്റെ രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള ചെലവ് സ്വയം വഹിക്കേണ്ടിവരും, അതേ സമയം തൊഴിലാളിക്ക് പിഴ അടയ്‌ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെങ്കിൽ സര്ക്കാര് ചെലവിൽ നാട്ടിലേക്ക് അയക്കും.

പിഴയ്ക്കും നാടുകടത്തലിനും വിധേയരാകാതിരിക്കാൻ വീട്ടുജോലിക്കാരൻ സമ്മതിച്ച ജോലി നിർവഹിക്കണമെന്നും സമ്മതിച്ച ജോലി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. 

വീട്ടുജോലിക്കാരൻ തൊഴിലുടമയുടെ സ്വത്ത് സംരക്ഷിക്കണം, കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കരുത്, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും രഹസ്യങ്ങൾ സംരക്ഷിക്കണം, അവ വെളിപ്പെടുത്തരുത്.

നിയമലംഘനം നടത്തുന്ന തൊഴിലുടമയ്‌ക്കെതിരെ 2,000 റിയാലിൽ കൂടാത്ത പിഴയോ ഒരു വർഷത്തേക്കോ റിക്രൂട്ട്‌മെന്റ് നിരോധനമോ ​​അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു. ലംഘനം ആവർത്തിച്ചാൽ തൊഴിലുടമക്ക് 2,000 റിയാലിൽ കുറയാത്തതോ 5000 റിയാലിൽ കൂടാത്തതോ ആയ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും, ലംഘനം മൂന്നാം തവണ ആവർത്തിച്ചാൽ ബന്ധപ്പെട്ട കമ്മിറ്റി തൊഴിലുടമക്ക് റിക്രൂട്ട്‌മെന്റിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തും.

ചട്ടങ്ങളിലെ ഏഴാം വകുപ്പ് അനുസരിച്ച്, വീട്ടുജോലിക്കാരനെ സമ്മതിച്ച ജോലിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കാൻ പാടില്ല. അതേ സമയം നിർബന്ധിതാവസ്ഥയിൽ അവനെ ഏൽപ്പിക്കാനുദ്ദേശിക്കുന്ന ജോലി യഥാർത്ഥ ജോലിയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമല്ലെങ്കിൽ ഇതിൽ ഇളവുണ്ടാകും.

തൊഴിലാളിക്ക് പ്രതിമാസം ശമ്പളം നൽകണം. ഇതിൽ മാറ്റമുണ്ടെങ്കിൽ രേഖാമൂലമുള്ള കരാർ വേണം.

വേതനവും അതിന്റെ അവകാശങ്ങളും പണമായോ ചെക്കായായോ നൽകണം, കൂടാതെ തൊഴിലാളി തന്റെ ബാങ്കിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് രേഖാമൂലം രേഖപ്പെടുത്തണം.

തൊഴിലാളിക്ക് പ്രതിദിനം 9 മണിക്കൂറിൽ കുറയാത്ത സമയം ദൈനംദിന വിശ്രമ സമയം അനുവദിച്ചിരിക്കണം.

അതോടൊപ്പം മനഃപൂർവമോ അശ്രദ്ധമായോ കേടുവരുത്തിയതല്ലാതെ സാലറിയിൽ ഒരു കിഴിവ് വരുത്തരുതെന്നും അത് വേതനത്തിന്റെ പകുതിയിൽ കവിയരുതെന്നുമുള്ള, ആർട്ടിക്കിൾ 9 ലെ പഴയ നിയന്ത്രണം മാറ്റമില്ലാതെ തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്