അഭിമാന നിമിഷം; വിക്രം ലാൻഡർ ചന്ദ്രനെ തൊട്ടു
ബംഗളുരു: കാത്തിരിപ്പിനൊടുവിൽ വിക്രം ലാൻഡർ ചന്ദ്രനെ തൊട്ടു. ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ദൗത്യം പൂർത്തിയാക്കി.
ഇതോടെ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
ലാൻഡിങ്ങ് വിജയകരമായതോടെ പ്രഗ്യാൻ റോവർ ഇനി ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടുന്ന ദൗത്യവും റോവർ പൂർത്തിയാക്കും.
വെള്ളത്തിൻ്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിൻ്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. സോഫ്റ്റ്ലാൻഡിങ്ങിൻ്റെ ചരിത്രവിജയം ഐഎസ്ആർഒയുടെ സാങ്കേതിക മികവിൻ്റെ സുവർണ്ണ നിമിഷം കൂടിയായി.
ഭാരതത്തിന് അഭിമാനമുഹൂർത്തമെന്ന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. “വികസിത ഭാരതത്തിന്‍റെ ശംഖൊലിയാണിത്. ജീവിതം ധന്യമായതു പോലെ. ചരിത്രമുഹൂർത്തം വീക്ഷിക്കാനായത് ഭാഗ്യം. ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർത്ഥ്യമായി; പ്രധാനമന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa