Sunday, November 24, 2024
IndiaSaudi ArabiaTop Stories

ഊർജ മേഖലയിൽ ഇന്ത്യയുമായി കൈകോർക്കും; കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

ഊർജ മേഖലാ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്ന രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഊർജ മേഖലയിൽ നിലവിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ പുതിയ ധാരണാപത്രം വഴിവെക്കും.

സെപ്റ്റബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം വിവിധ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.

ഊര്‍ജം, നിക്ഷേപം, ഡിജിറ്റല്‍വത്‌കരണം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാൻ ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളില്ലാണ് ഒപ്പുവെച്ചിരുന്നത്.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തയാറാക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി ഗോതമ്പും സീസണൽ കാലിത്തീറ്റയും കൃഷി ചെയ്യാൻ സൗദി കാർഷിക കമ്പനികളെയും വൻകിട കർഷകരെയും അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ വിയോഗത്തിൽ മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കുവൈത്തിൽ അധികാരമേറ്റ പുതിയ അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിനെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.

ഗാസ യുദ്ധം അവസാനിപ്പിക്കാനും സാധാരണക്കാർക്ക് സംരക്ഷണം നൽകാനും, ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ മന്ത്രിസഭാ വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa