Thursday, November 14, 2024
GCCTop Stories

പ്രവാസികളേ ആ പൊതിയിൽ ചതിയുണ്ടോയെന്ന് പരിശോധിക്കണേ

പണ്ട് കാലത്ത് ഗൾഫിലേക്ക് ആദ്യം പോകുന്ന പ്രവാസികൾക്ക് പഴയ പ്രവാസികൾ നൽകുന്ന പ്രധാന ഉപദേശങ്ങളായിരുന്നു ആരെങ്കിലും എന്തെങ്കിലും തന്ന് വിട്ടാൽ വാങ്ങരുത്, അടുത്ത സുഹൃത്തുക്കൾ വല്ലതും തന്നാൽ അത് പരിശോധിക്കാൻ മടിക്കരുത് എന്നതെല്ലാം. അന്ന് പലരും പല രീതിയിലും പ്രവാസികളെ വഞ്ചിച്ച് മയക്ക് മരുന്നുകളും മറ്റും ഗൾഫിലേക്ക് കടത്താൻ കരുവാക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു ഈ ജാഗ്രതാ നിർദ്ദേശം.

കാലം ഒരുപാട് പിന്നിട്ടതോടെ അത്തരം വാർത്തകൾ കേൾക്കുന്നതും അതോടൊപ്പം അത്തരം ഉപദേശങ്ങൾ നൽകപ്പെടുന്നതും വളരെ അപുർവ്വമായി മാറി.

എന്നാൽ ഇക്കാലത്തും പഴയ ആ ഉപദേശങ്ങളും ജാഗ്രതയും പൊടി തട്ടിയെടുക്കൽ അനിവാരമാണെന്ന് കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഒരു സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു. അത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത താഴെ കൊടുക്കുന്നു.

“പ്രവാസിയുടെ ലഗേജിൽ കഞ്ചാവ് അയക്കാൻ ശ്രമം; സുഹൃത്ത് അറസ്റ്റിൽ”.                           അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിയെ ഉപയോഗിച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചയാളെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി. കെ. ഷമീം (23) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്.
ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്.

യാത്രക്കുള്ള ലഗേജ് ഒരുക്കു ന്നതിനിടെ ഷമീം നൽകിയ പെട്ടി യിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായിപരിശോധന നട ത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്.

ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകി. മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടുപോകുമെന്ന് ഫൈസൽ പറഞ്ഞു.

മേൽ കൊടുത്ത വാർത്തയിൽ നിന്നും പ്രവാസികൾ വളരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നുണ്ട്. കാരണം സുഹൃത്തുക്കൾ ആണ് ഇവിടെ ഈ പ്രവാസിയെ കരുവാക്കാൻ ഒരുങ്ങിയത് എന്നത് ഓർക്കണം. ഭാഗ്യം കൊണ്ട് മാത്രം അയാൾക്ക് ആ പൊതി പരിശോധിക്കാൻ തോന്നലുണ്ടാകുകയും ചതി മനസ്സിലാകുകയും ചെയ്യുകയായിരുന്നു.

സുഹൃത്ത് തന്നതല്ലേ എന്ന് കരുതി അത് പരിശോധിക്കാതെ വിട്ടിരുന്നെങ്കിൽ ഇന്ന് ആ പ്രവാസി ഗൾഫിൽ ജയിലറക്കുള്ളിൽ കഴിയേണ്ടി വന്നേനെ എന്നോർക്കുക.

അത് കൊണ്ട് തന്നെ പ്രവാസികൾ ശ്രദ്ധിക്കേണ്ടത്; എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്താഗതിക്കാർ നിരവധിയുണ്ട്,  അവർക്ക് മുമ്പിൽ രക്ത ബന്ധമോ സുഹൃത് ബന്ധമോ ഒന്നും തടസ്സമാകാറില്ല, ലക്ഷ്യം പണം മാത്രമായിരിക്കും. അത്തരക്കാരെ തിരിച്ചറിയുക എളുപ്പമാകില്ല. അത് കൊണ്ട് തന്നെ എത്ര അടുത്ത ആളുകൾ ആണെങ്കിലും അവർ വല്ലതും കൊണ്ട് പോകാൻ തന്നാൽ അവർ അറിയാതെ അതൊന്ന് പരിശോധിക്കുന്നത് നമ്മുടെ സുരക്ഷക്ക് നന്നാകും എന്നോർക്കുക.

ഇത്തരം ഒരു കേസിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി ഗൾഫിൽ ജയിലിൽ ആയ വാർത്ത മുമ്പ് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വിസ നൽകിയ എജന്റ് തന്നെയായിരുന്നു അന്ന് അയാളെ സ്നേഹപൂർവ്വം വഞ്ചിച്ചത് എന്നതും ഈ അവസരത്തിൽ ഓർക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്