Friday, November 22, 2024
Saudi ArabiaTop Stories

ഉംറക്കും മറ്റു ആരാധനകൾക്കുമായി ഹറമിൽ എത്തുന്നവർക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ 10 പ്രത്യേക നിർദ്ദേശങ്ങൾ

മക്ക: വിശുദ്ധ ഹറമിൽ ഉംറക്കും മറ്റു ആരാധനകൾക്കുമായി എത്തുന്ന വിശ്വാസികൾക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം 10 പ്രത്യേക നിർദ്ദേശങ്ങൾ നൽകി. അവ താഴെ കൊടുക്കുന്നു.

1. പ്രാർത്ഥനകൾ നിർവഹിക്കുമ്പോൾ അത് വളരെ താഴ്മയോടെയും ശാന്തമായും ചെയ്യണം അമിതമായി ശബ്ദം ഉയർത്തരുത്. അമിതമായി കൈ ഉയർത്തുന്നതും നമസ്ക്കരിക്കുന്ന മറ്റു വിശ്വാസികളെ ബുദ്ധിമുട്ടാക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കണം. ”എന്റെ അടിമ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍, തീര്‍ച്ചയായും ഞാന്‍ അടുത്തുണ്ട്” എന്ന അല്ലാഹുവിന്റെ വാഗ്‌ദാനം മന്ത്രാലയം ഓർമ്മിപ്പിക്കുകയും ചെയ്തു.

2. മസ്ജിദുൽ ഹറാമിലേക്കുള്ള നിങ്ങളുടെ യാത്രയിൽ, ലഗേജുകളും അനാവശ്യ വസ്തുക്കളും കൊണ്ട് പോയി സ്വയം ഭാരം വരുത്തി വെക്കരുത്. അതുവഴി നിങ്ങൾക്ക് സമാധാനത്തോടെയും സൗകര്യത്തോടെയും കർമ്മങ്ങൾ നടത്താം. വളരെ അത്യാവശ്യമല്ലാത്ത വസ്തുക്കൾ റൂമിൽ തന്നെ വെക്കുക.

3. മക്കയിലെ എല്ലാ പള്ളികളിലും (ഹറം പരിധിക്കുള്ളിലെ) നമസ്ക്കാരത്തിന് ഒരേ പ്രതിഫലമാണ്. അത് കൊണ്ട് മക്കയിലെ ഏത് പള്ളികളിൽ വെച്ചും നമസ്ക്കാരം നിർവ്വഹിക്കുക.

4. മക്കയിലെയും മദീനയിലെയും പള്ളികളിലെ സംസം വെള്ളം അവിടെ നിന്ന് കുടിക്കാൻ ആയി സ്ഥാപിച്ചതാണ്. അത് മറ്റു രീതിയിൽ അവിടെ നിന്ന് കൊണ്ട് പോകുന്നത് ഉപേക്ഷിക്കുക.

5. ഹറമുകളിലെ തിരക്കേറിയ സ്ഥലങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലും മാസ്ക് ധരിക്കുക. ഉപയോഗം കഴിഞ്ഞാൽ അവ വേസ്റ്റ്‌ ബോക്സിൽ ഉപേക്ഷിക്കുക.

6. ഹറമിലെ എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ, നിർദ്ദേശങ്ങൾ പാലിക്കുക, നിങ്ങളും മറ്റുള്ളവരും സുരക്ഷിതരായിരിക്കുക. ഇഹ്‌റാം വസ്ത്രം, അബായ എന്നിവ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി അകലം പാലിക്കുക, പ്രതലത്തിൽ എത്തിയാൽ ഉടൻ പുറത്ത് കടക്കുക.

7. പെർമിറ്റില്ലാതെ പ്രവേശിക്കാൻ ശ്രമിക്കാതിരിക്കുക. ഹറം പള്ളിയിലേക്കുള്ള ഡോറുകളിൽ തിരക്കാതിരിക്കുക. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുക.

8. നമസ്ക്കാരസ്ഥലങ്ങളിൽ വിരിപ്പ് വിരിച്ച് ഉറങ്ങുന്നത് ഒഴിവാക്കുക. അത് വഴി മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കാതിരിക്കുക.

9. നോമ്പ് തുറക്ക് ശേഷംസ്ഥലം വൃത്തിയായി സൂക്ഷിക്കുന്നത് ഉറപ്പാക്കുക, ഈന്തപ്പഴ കുരുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം ഉപേക്ഷിക്കുക. നിശ്ചിത സ്ഥലത്ത് മാത്രം വുളു ചെയ്യുക. വെളളം കുടിക്കുന്ന ഗ്ലാസുകൾ വേസ്റ്റ്‌ ബോക്സിൽ മാത്രം ഉപേക്ഷിക്കുക. തറയിൽ വെള്ളം വീഴുന്നത് ഒഴിവാക്കുക. ക്ളീനിംഗ് സ്റ്റാഫിനോട് സഹകരിക്കുക.

10. ഹജറുൽ അസ്‌വദിനെ തിരക്കില്ലാത്ത സമയത്ത് മാത്രം സമീപിക്കുക. ഹജറുൽ അസ്‌വദിനെ തൊടുന്നതിനു പകരം ആംഗ്യം കാണിച്ചാൽ മതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്