ഇനി തക്ബീറിന്റെ ദിനരാത്രങ്ങള്‍ ; ഹാജിമാർ ജംറയിൽ കല്ലെറിയുന്നതിന്റെ വീഡിയോ കാണാം; ജംറ പാലത്തിന്റെ വിശേഷങ്ങൾ അറിയാം
ജിദ്ദ: പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും രണ്ട് ദശലക്ഷത്തോളം വരുന്ന അല്ലാഹുവിന്റെ അതിഥികള്‍ ഇന്നലെ പകൽ മുഴുവൻ അറഫയില്‍ കണ്ണീരൊഴുക്കി. തല്‍ബിയത് മന്ത്ര ധ്വനികളുടെ മുഴക്കത്തില്‍ അറഫ പ്രകമ്പനം കൊണ്ടു. പാപ രഹിതമായ പുതിയൊരു ജീവിതം ദൃഢ നിശ്ചയം ചെയ്ത് അവര്‍ അറഫയില്‍ നിന്ന് സൂര്യാസ്തമയത്തോടെ വിടവാങ്ങി.
ശേഷം മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ മുസ്ദലിഫയില്‍ വെച്ച് മഗ്രിബും ഇശാഉം ഒന്നിച്ച് നമസ്കരിച്ച് രാത്രി അവിടെ തങ്ങുകയും ജംറകളില്‍ എറിയാനാവശ്യമായ കല്ലുകള്‍ പെറുക്കി ഇന്ന് പുലര്‍ച്ചെ മുതല്‍ മിനായിലെത്തി ജം റത്തുൽ അഖബയിൽ എറിയൽ ആരംഭിക്കുകയും ചെയ്തു.
മശാഇര്‍ മെട്രോ ട്രെയിനുകള്‍ വഴിയും ബസുകള്‍ വഴിയും കാല്‍ നടയായുമെല്ലാം ഹാജിമാര്‍ മിനയിലേക്ക് എത്തിച്ചേർന്നു.
തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള ദിനമാണ് ഇന്ന് .മിനായിലെത്തുന്ന ഹാജിമാര്‍ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞ ശേഷം തല മുണ്ഡനം ചെയ്യുകയും ബലിയര്‍പ്പിക്കുകയും ഇഫാളതിന്റെ ത്വവാഫ് നിര്‍വഹിക്കുകയും ഇഹ് റാം വസ്ത്രം ഒഴിവാക്കി സാധാരണ വസ്ത്രങ്ങള്‍ അണിയുകയും ചെയ്യും.
ഇന്ന് മുതല്‍ തല്‍ബിയതിനു പകരം തക്ബീര്‍ മുഴക്കും. ദുല്‍ഹിജ്ജ 11 നും 12 നും 13 നും ഹാജിമാര്‍ മിനായില്‍ തന്നെ തങ്ങും. മൂന്ന് ജംറക ളിലായി, ബാക്കിയുള്ള കല്ലേറുകള്‍ ഈ ദിവസങ്ങളില്‍ നടത്തും. മിനായിലെ കല്ലേറിനിടയില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് ജംറകളില്‍ കല്ലെറിയാന്‍ സാധിക്കും. 5 നിലകളുള്ള ജംറ പാലത്തിനു 950 മീറ്ററോളം നീളമുണ്ട്. ഓരോ നിലകളും 12 മീറ്ററാണ് ഉയരം. നാല് ഭാഗങ്ങളിലേക്കുമായി 12 പ്രവേശന നിര്‍ഗമന കവാടങ്ങളുണ്ട്. നിരീക്ഷണ ക്യാമറകളും മെഡിക്കല്‍ സൗകര്യങ്ങളും ഹെലിപജംാഡുകളും ജംറകളില്‍ സജ്ജമാണ് .
മൂന്ന് ജംറകളിൽ നിന്ന് 15 മീറ്റർ താഴ്ചയിലേക്ക് പതിക്കുന്ന കല്ലുകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് ബന്ധപ്പെടവർ വിശദീകരണം നൽകുന്നുണ്ട്.
തീർത്ഥാടകർ കല്ലെറിയുന്ന ചടങ്ങുകൾ പൂർത്തിയാക്കിയ ഉടൻ തന്നെ കല്ലെറിയുന്ന ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ കല്ലുകൾ കൈകാര്യം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന കിദാന കംബനിയിലെ ഉദ്യോഗസ്ഥർ പറയുന്നു.
ഉരുളൻ കല്ലുകൾ ലംബമായി താഴേക്ക് വീഴുകയും ജമറാത്ത് ഫെസിലിറ്റിയുടെ ബേസ്മെന്റിൽ എത്തുകയും ചെയ്യുന്നു, മൂന്ന് തൂണുകളിലും 15 മീറ്റർ ആഴത്തിലാണ് കല്ലുകൾ ശേഖരിക്കുന്നത്.
അതിനുശേഷം, തീർഥാടകർ എറിയുന്ന കല്ലുകൾ നിരവധി കൺവെയർ ബെൽറ്റുകൾ വഴി ശേഖരിച്ച്, അവയിൽ പറ്റിനിൽക്കുന്ന പൊടിയും മാലിന്യങ്ങളും അകറ്റാൻ അവയിൽ വെള്ളം തളിച്ച് വാഹനങ്ങളിലേക്ക് മാറ്റി നിശ്ചിത സ്ഥലത്ത് സൂക്ഷിക്കുകയാണു ചെയ്യുക
ഹാജിമാർ ജം റകളിലേക്ക് നീങ്ങുന്നതിന്റെയും ജം റകളിൽ കല്ലെറിയുന്നതിന്റെയും മനോഹരമായ ദൃശ്യം കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa