പഹൽഗാമിലെ ഭീകരാക്രമണം: പരിക്കേറ്റവരിൽ മലയാളികളും; മരണ സംഖ്യ ഉയരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഇന്ന് ഉച്ചയോടെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളികളും ഉണ്ടെന്ന് സൂചന.
ആക്രമണത്തിൽ വെടിയേറ്റുവെന്ന് പറയുന്ന ഒരു മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണം നടന്ന പഹൽഗാമിൽ നിന്നുള്ള മൃതദേഹങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടെന്നാണ്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളും ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തെക്കൻ കശ്മീരിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ വെച്ചാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ട്രെക്കിംഗിന് പോയ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
“എൻ്റെ ഭർത്താവിനെ രക്ഷിക്കൂ” എന്ന് നിലവിളിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ ആക്രമണത്തിൻ്റെ ഭീകരത വെളിവാക്കുന്നതാണ്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന തൻ്റെ ഭർത്താവിനെ ഒരാൾ വന്ന് വെടിവെച്ചുവെന്ന് വീഡിയോയിൽ ഒരു സ്ത്രീ പറയുന്നു.
മുഖത്ത് രക്തം പുരണ്ട നിസ്സഹായതയോടെ നോക്കുന്ന ഒരു സ്ത്രീയും, പരിക്കേറ്റ് നിലത്ത് കിടക്കുന്ന ഒന്നിലധികം ആളുകളും, ഭീകരാന്തരീക്ഷത്തിൽ വിറയ്ക്കുന്ന ഒരു കുട്ടിയുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
പച്ചപ്പുൽമേടുകൾ കാരണം ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്ന് അറിയപ്പെടുന്ന ബൈസരൻ താഴ്‌വരയിലേക്ക് കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാൻ സാധിക്കൂ എന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. ഗ്രാമീണരുടെ കുതിരപ്പുറത്താണ് പരിക്കേറ്റവരെ താഴേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പാക് ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌ക്കറെ തൊയ്ബയുടെ പിന്തുണയുള്ള സംഘടനയാണ് ടിആർഎഫ്. 2023 ജനുവരിയിൽ ടിആർഎഫിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരാക്രമണം ഹൃദയഭേദകമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയാണ്.
പ്രദേശികവാസികളെയും കച്ചവടക്കാരെയും ഒഴിവാക്കി വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയത് എന്നും റിപ്പോർട്ടുകളുണ്ട്.
അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അതേസമയം, പരിക്കേറ്റവരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ആവശ്യമായ ചികിത്സ നൽകാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa