മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു
യെമനിൽ നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് സമീപം പതിച്ചതിനെ തുടർന്ന്, ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് രാവിലെയാണ് സംഭവം.
ബോയിംഗ് 787 വിമാനവുമായി സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം AI139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആക്രമണം നടക്കുന്ന സമയത്ത് വിമാനം ജോർദാൻ വ്യോമാതിർത്തിയിലായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ അബുദാബിയിലേക്ക് തിരിക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു ഇസ്രയേലിന്റെ മിസൈൽപ്രതിരോധ സംവിധാനത്തെ മറികടന്ന് ഹൂതികൾ വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് എയർപോർട്ടിന് സമീപം പതിച്ചത്.
മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിനെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാരും ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയെങ്കിലും, മിസൈൽ വിമാനത്താവളത്തിന്റെ പരിസരത്ത് പതിച്ചതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.
വിമാനത്താവളത്തിന് സമീപം മിസൈൽ പതിച്ചതിനെ തുടർന്ന് കുറച്ചു സമയത്തേക്ക് വിമാന ഗതാഗതം നിർത്തിവച്ചു. അതേസമയം, മിസൈൽ ആക്രമണത്തിൽ ചില ആളുകൾക്ക് പരിക്കേറ്റതായി ഇസ്രായേൽ ആംബുലന്സിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറോളമാണ് വിമാനത്താവളത്തിലെ വ്യോമഗതാഗതം നിർത്തിവച്ചത്. പിന്നീട് വിമാനങ്ങൾ പുറപ്പെടാനും ഇറങ്ങാനും തുടങ്ങി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa