മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ ഇന്ന് ഇന്ത്യയിലെത്തും
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ എന്നിവരുൾപ്പെട്ട ഉന്നത സംഘം അദ്ദേഹത്തോടൊപ്പമുണ്ടാവും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഊര്‍ജം, പ്രതിരോധം, വ്യാപാരം, സുരക്ഷ, അടിസ്ഥാന സൌകര്യ വികസനം, ടൂറിസം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. മഹാരാഷ്ട്ര രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങള്‍ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ചർച്ചയായേക്കും. സൌദിയുടെ പൊതുമേഖല എണ്ണ കമ്പനിയായ അരാംകോയും അബുദബിയുടെ എണ്ണ കമ്പനി അഡ്നോകും ചേര്‍ന്നാകും രത്നഗിരിയില്‍ നിക്ഷേപം നടത്തുക. ഇരു കമ്പനികളും നേരത്തെ ഇതിനായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. പദ്ധതിയില്‍ 44 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നീ എണ്ണ കമ്പനികള്‍ക്കാണ് ഇതില്‍ നിക്ഷേപമുള്ളത്.
2017-18 കാലഘട്ടത്തിൽ 27.48 ബില്യൺ ഡോളറിന്റെ ഉപയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഏകദേശം 27 ലക്ഷത്തോളം ഇന്ത്യക്കാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa