Wednesday, November 27, 2024
Jeddah

ജനവിധി 2019 – ശ്രദ്ധേയമായി തെരെഞ്ഞെടുപ്പ് ചർച്ച

ജിദ്ദ: പൊതു തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി സാംസ്‌കാരിക വേദി ഷറഫിയ മഹ്ജർ മേഖലകൾ സംഘടിപ്പിച്ച ജനവിധി 2019 ചർച്ച വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായ പ്രകടങ്ങൾ കൊണ്ട് ശ്രദ്ദേയമായി.

കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് ഭരണം കൈയാളിക്കൊണ്ടിരിക്കുന്ന സംഘ് പരിവാർ സർക്കാർ ഭരണ ഘടനാ സ്ഥാപനങ്ങളിലടക്കം കൈയേറ്റം നടത്തികൊണ്ടിരിക്കുകയാണെന്നു വിഷയമവതരിപ്പിച്ച വേങ്ങര നാസർ പറഞ്ഞു. ന്യൂനനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ, വംശീയാതിക്രമങ്ങൾ രാജ്യത്തുണ്ടായി. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിക്കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

AUDEINCE @ JANAVIDHI-2019.jpeg

രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്ക നില നിൽക്കുമ്പോൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന സമ്മതിദായകർ ഉത്തരവാദിത്വം നിർവഹിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു. വ്യത്യസ്ത നയ പരിപാടികളുള്ള പാർട്ടികൾ എന്ന നിലക്ക് എൽ ഡി എഫിലും യു ഡി എഫിലുമുള്ള കക്ഷികൾ നേരിട്ട് മത്സര രംഗത്തുണ്ടെങ്കിലും തെരെഞ്ഞെടുപ്പിനു ശേഷമെങ്കിലും രാജ്യത്ത് ഫാസിസ്റ്റു ശക്തികൾക്കെതിരെ ഐക്യ നിര ഉണ്ടാവാനുള്ള സാധ്യതകൾ പ്രതീക്ഷ നൽകുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നാസർ വെളിയങ്കോട് (കെ എം സി സി), ഷിബു തിരുവനന്തപുരം (നവോദയ), സാക്കിർ എടവണ്ണ (ഒ ഐ സി സി), ദിലീപ് താമരക്കുളം (പി സി എഫ്), കെ ടി അബൂബക്കർ എന്നിവർ പങ്കെടുത്തു.

യു ഡി എഫി നെയും യു പി എ യും പിന്തുണക്കുക എന്ന നയ നിലപാടിലൂടെ കേരളത്തിലും ദേശീയ തലത്തിലും ഫാഷിസത്തിനെതിരെ മതേതര വോട്ടുകളുടെ ഏകീകരണമാണ് വെൽഫെയർ പാർട്ടി ലക്‌ഷ്യം വെക്കുന്നതെന്നും ആ വോട്ടുകൾ സ്വന്തം പാർട്ടിക്ക് തന്നെ ലഭിക്കുന്ന വോട്ടുകളാണെന്നും ചർച്ച ഉപ സംഹരിച്ചു പ്രവാസി സാംസ്‌കാരിക വേദി പ്രൊവിൻസ് കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചാരണ ലഘു ലേഖ ചടങ്ങിൽ ടി പി ശുഐബ് (മാനേജർ, അൽ റയാൻ) പ്രകാശനം ചെയ്തു.

ഷറഫിയ അൽ റയാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുഹമ്മദലി ഒവിങ്ങൽ മോഡറേറ്ററായിരുന്നു. ഷഫീക് മേലാറ്റൂർ സ്വാഗതവും വി കെ ഷമീം നന്ദിയും പറഞ്ഞു. സൈഫുദീൻ ഏലംകുളം, ഷാഹിദ് ഹഖ്, എൻ കെ അഷ്‌റഫ്, ഫിറോസ് വേട്ടൻ, അസീസ് കണ്ടോത്ത്, വാഹിദ് കുട്ടശ്ശേരി, ഷിഫാസ് ചോലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa