Sunday, November 24, 2024
Jeddah

“ഭീകരത ഇസ്ലാമിന്റേതല്ല” – ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻറർ സ്നേഹസംവാദം സംഘടിപ്പിച്ചു

ജിദ്ദ: ഭീകരപ്രവർത്തനങ്ങളും ചാവേർ ആക്രമണങ്ങളും ഇസ്ലാമിന്റെ അക്കൗണ്ടിൽ വരവ് വച്ച് സമാധാനത്തിലധിഷ്ടിതമായ  ഇസ്ലാമിന്റെ മുഖത്തെ മലീമസമാക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കാതെ എന്താണ് യഥാർത്ഥ ഇസ് ലാം എന്ന് ജനങ്ങളെ പഠിപ്പിക്കുകയാണ് ഒരോ മുസ്ലിമും ചെയ്യേണ്ടതെന്ന് കെ.എൻ.എം സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി അഭിപ്രായപ്പെട്ടു. “ഭീകരത ഇസ്ലേമിന്റേതല്ല ” എന്ന തലക്കെട്ടിൽ ഷറഫിയ്യയിലെ എയർൈലൻസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ മഗ്രിബ് നമസ്കാരാനന്തരം നടന്ന  സ്നേഹസംവാദം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭീകരവാദത്തെ ഇസ്ലാമിന്റെ ആലയിൽ കെട്ടിയിടുകയും ഇസ്ലാമെന്നാൽ ഭീകരതയാണെന്ന് പറഞ്ഞു പഠിപ്പിക്കുക വഴി ഭീതിയുടെ ഒരു പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഇസ്ലാമിന്റെ ശത്രുക്കൾ. അതിനുപോൽപലകമായ രചനകൾ നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. മീഡിയ എന്ന ആധുനിക ആയുധത്തെ ഉപയോഗപ്പെടുത്തിയാണ് ഈ പ്രചരണത്തിന് ആക്കം കൂട്ടുന്നത്. പ്രത്യയശാസ്ത്രത്തെ താത്വികമായി നേരിടാൻ കഴിയാതെ വരുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഒരു തന്ത്രം മാത്രമാണിത്. എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളായ പരിശുദ്ധ ഖുർആനും നബിചര്യയും മുൻനിർത്തി സമാധനത്തിന്റെയും സഹിഷ്ണുതയുടേയും സന്ദേശങ്ങൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടാൻ ഓരോ മുസ്ലിമും പരിശ്രമിക്കണമെന്നും അബ്ദുറഹ്മാൻ സലഫി പറഞ്ഞു. ഇത്തരം ദുശിച്ച ആരോപണങ്ങളുടെ ഉറവിടം അന്വേഷിക്കുമ്പോൾ ജൂതൻമാരിലും ഇസ്ലാമിൽ നിന്നും പിഴച്ചു പോയ ശിയാക്കളിലും, ഖവാരിജുകളിലും ബറേൽവികളിലുമാണ് അതിന്റെ വേരുകൾ ചെന്നെത്തുന്നതെന്ന്  അദ്ദേഹം പ്രസ്താവിച്ചു.

സമാധാനം തന്റെ നാവിൻ തുമ്പിൽ ദൈനംദിനമായി ഉരുവിട്ടു കൊണ്ടിരിക്കുന്ന ഒരു മുസ്ലിമിന് അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കാൻ കഴിയില്ല എന്ന് വിഷയാവതരണത്തിൽ ഐ.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗം കൂടിയായ സുബൈർ പീടിയേക്കൽ പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്ത്  ആക്രമണങ്ങൾ   നടന്നാലും അക്രമികളുടെ മതം ചികയുകയും അതിനെ ഇസ്ലാമിന്റെ മുതുകിൽ കെട്ടിവെക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ഇസ്ലാമിനെ ലോകജനതക്ക് മുമ്പിൽ അനാവരണം ചെയ്ത മഹാനായ പ്രവാചകന്റെ ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ജീവിതവും അദ്ദേഹം മുന്നോട്ടുവച്ച ആദർശവും സമാധാനവും ശന്തിയുമാണ് ഉയർത്തി പിടിച്ചത് എന്ന് സുതാര്യം വ്യക്തമാണ്. എല്ലാറ്റിനും കാരണം ഇസ്ലാമും മുസ്ലികളും ആണ് എന്ന് കൊട്ടിഘോഷിക്കുന്നവർ ഒന്നും രണ്ടും ലോക മഹായുദ്ദങ്ങളടെയും റഷ്യൻ, ഫ്രഞ്ച് വിപ്ലവങ്ങളുടെയും വിയറ്റ്നാം കൂട്ടകുരുതി കളുടെയും മറ്റു സാമ്യാജ്യത്വ യുദ്ദങ്ങളുടേയും ബുദ്ധികേന്ദ്രങ്ങളാരായിരുന്നു എന്ന് പരിശോധിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ വേണ്ടി ഭീകരവാദ ഗ്രൂപ്പുകളായ അൽ കെയ്ദാ, താലിബാൻ, ഐ.എസ്.ഐ.എസ് എന്നിവരെ സൃഷ്ടിച്ചെടുക്കുകയും ഇസ്ലാമിന്റെ വേഷപ്പകർച്ച നൽകുകയുമാണ് ശത്രുക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്.ഈ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി മധ്യപൗരസ്ത്യ പ്രദേശങ്ങളെ പ്രശ്നകലുശിത ഭൂമികയാക്കുകവഴി ഇസ്ലാമിന് അസഹിഷ്ണുതയുടെ പ്രതിഛായ നൽകാൻ ശ്രമിക്കുന്നു. അതിനാൽ യഥാർത്ഥ മുസ്ലിംകളായി ഈ ലോകത്തിന് മുന്നിൽ സമാധാനത്തിന്റെ സന്ദേശവാഹകരായി ഓരോരുത്തരും ജീവിച്ചു കാണിക്കേണ്ടതുണ്ട് എന്നും സുബൈർ പീടിയേക്കൽ ഓർമപ്പെടുത്തി. തുടർന്നു നടന്ന ചോദ്യോത്തര പരിപാടിയിൽ സലഫി ഭീകരതയെ കുറിച്ചും നിഖാബിനെ സംബന്ധിച്ചും വിശദീകരണൾ നൽകി.

ലേൺ ദി ഖുർആൻ ഒന്നാം പരീക്ഷാ പഠ്യപദ്ധതിയിൽ വിജയികളായ ബൽക്കീസ്.ഒ.പി, സബീറ.പി, അബ്ദുറഹ്മാൻ.കെ.ടി എന്നിവർക്കും വിദ്യാർത്ഥിയായ അസ് ലമിനും സമ്മാനങ്ങൾ നൽകി. തുടർന്ന്   ഏതൊരു സാധരണക്കാരനും തന്റെ സമയപരിമിതികൾക്കത്ത് നിന്നു കൊണ്ട് ഇസ്ലാമിനെ പഠിച്ചെടുക്കാൻ സഹായകമാക്കുന്ന ഓൺലൈൻ പാഠ്യപദ്ധതിയായ *തബ്തീലിന്റെ* ഒഫീഷ്യൽ ലോഞ്ചിങ്  ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ സലഫി നിർവഹിച്ചു.

ഇസ് ലാം കടന്നു വന്നിട്ടുള്ള വഴിത്താരകളിലെല്ലാം പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുമെന്നും ഇസ്ലാഹി സെൻറർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ശരീഫ് ബാവ തിരൂർ നന്ദി പറഞ്ഞു.
Photo Clarification :- കെ.എൻ.എം സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി ,  ഐ.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗം കൂടിയായ സുബൈർ പീടിയേക്കൽ   “ഭീകരത ഇസ്ലേമിന്റേതല്ല ” എന്ന തലക്കെട്ടിൽ ഷറഫിയ്യയിലെ എയർൈലൻസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa