കിളിനക്കോട്ടെ അറിയാതെ പോയ പ്രതിഭ ജിദ്ദയിലെത്തിയപ്പോൾ
മലപ്പുറം ജില്ലയിലെ കിളിനക്കോടിനെക്കുറിച്ച് കേൾക്കാത്തവരാരും ഇപ്പോൾ സോഷ്യൽ മീഡിയയിലുണ്ടാകില്ല. ചില സംഭവ വികാസങ്ങളുടെ പേരിൽ ആ പ്രദേശത്തെ ക്രൂശിക്കാനൊരുങ്ങിയവർ പ്രത്യേകിച്ചും തിരിച്ചറിയേണ്ട ഒരു പ്രതിഭ കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയിരുന്നു. ഉംറ നിർവ്വഹിക്കാനെത്തിയ മൻസൂർ കിളിനക്കോട് എന്ന ഗാന രചിയതാവാണിദ്ദേഹം. 32 വയസ്സിനുള്ളിൽ മൻസൂർ ഇതിനകം എഴുതിയത് നാലായിരത്തിലധികം ഗാനങ്ങളാണെന്നത് ആ പ്രതിഭയുടെ വലിപ്പം വ്യക്തമാക്കുന്നതാണു. മൻസൂറിനെ സന്ദർശിച്ച ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഇസ്മയിൽ മരിതേരി സാഹിബ് മൻസൂറിൻ്റെ കഴിവിനെക്കുറിച്ച് സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണു :
”വയസ്സ് 32. എഴുതിയ പാട്ടുകൾ നാലായിരത്തിലധികം. പാടിയവരാവട്ടെ കേരളത്തിലെ അതിപ്രശസ്ത ഗായകരായ കണ്ണൂർ ഷെരീഫ്, രഹന തുടങ്ങിയവരുൾപ്പടെ അനവധി പേർ. ദശലക്ഷക്കണക്കിനാളുകൾ യു ട്യൂബിൽ കേട്ട് ഹിറ്റാക്കിയ പല പാട്ടുകളും ഇയാളുടേതായിട്ടുണ്ട്. പ്രശസ്തമായ പക വെടിയണം എന്ന പാട്ടിന്റെ രചയിതാവാണ് മൻസൂർ കിളിനക്കോട് എന്ന ഈ ചെറുപ്പക്കാരൻ.
ഈ അനുഗ്രഹീതനായ അസാമാന്യ ഗാന രചയിതാവിനെ മലയാളക്കരയും മലയാളികളൂം ലോകവും അർഹമായ രീതിയിൽ അറിയുന്നതിനും അംഗീകരിക്കുന്നതിനും വിഘ്നമാവുന്നത് അനുപമ പ്രതിഭാശാലികളിൽ മാത്രം കാണാറുള്ള ഇദ്ദേഹത്തിലെ വിനയവും സാമ്യതയും ആൾകൂട്ടത്തിൽ നിന്ന് പിൻവലിയുന്ന നാണം കുണുങ്ങിപ്രകൃതവുമാണ്.
ഉംറ നിർവ്വഹിക്കാൻ സൗദിയിലെത്തിയ മൻസൂറിനെ നാട്ടുകാരനായ ജലീൽ കണ്ണമംഗലത്തിനു പോലും വേണ്ടത്ര അറിയാമായിരുന്നില്ല എന്നത് പെരുപ്പിക്കലല്ല കണ്ണ് തുറപ്പിച്ച യാതാർത്ഥ്യമാണ്.
കണ്ണമംഗലം കൂട്ടായ്മയുടെ പ്രസിഡന്റായ ജലീൽ സാബും ഞാനും ആസിഫ് കാപ്പാടിന്റെ ദിൽ സെ എന്ന പരിപാടി കഴിഞ്ഞ് കണ്ട് മുട്ടിയപ്പോഴാണ് ഇങ്ങിനെയൊരാൾ ജിദ്ദയിലെത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞത്. യു ട്യൂബിൽ ഏതാനും വരികൾ കേട്ടപ്പോൾ , നേരമേറെ വൈകിയിട്ട് പോലും ഞങ്ങൾ രണ്ട് പേരും മൻസൂറിനെ തേടി ചെല്ലുകയായിരുന്നു.
ഹിറ്റായ ഒരു പാട് ഗാനങ്ങൾ മൻസൂർ ഇതിനകം രചിച്ചിട്ടുണ്ട്. മാനവമൈത്രിയെ കുറിച്ച് എഴുതിയ പാട്ട് കേട്ട് പലരും വിളിച്ചതായി മൻസൂർ പറഞ്ഞു. കണ്ണീർ തൂവി കൊണ്ട് മിലിട്ടറി ഉദ്യോഗസ്ഥൻ വിളിച്ച് അഭിനന്ദിച്ച കാര്യം ഇനറനണിഞ്ഞ മിഴികളോടെയാണ് മൻസൂർ പങ്ക് വെച്ചത്.
കക്ഷി മത രാഷ്ടീയ ഭേദമന്യേ നാട്ടിലെ പല പരിപാടികൾക്കും നാം കേൾക്കുന്ന പല പുതിയ പാട്ടുകളൂം രചിച്ചത് ഇദ്ദേഹമാണ്. മുനവ്വർ തങ്ങൾ നയിച്ച യുവജന യാത്രയിൽ പാടിയ പാട്ടുകൾ ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
മൈലാഞ്ചി/ പട്ടുറുമാൽ കലാകാരൻമാരുൾപ്പെടുന്ന പപായ മ്യൂസിക് ബാൻഡ് എന്ന ടീമിലാണിപ്പോൾ ഇദ്ദേഹം. ഇതിനകം തന്നെ യു.എ.ഇ യിലും മറ്റും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കഥാകൃത്തായി രംഗ പ്രവേശം ചെയ്ത് ഗാന രചയിതാവായി മാറി സംഗീത ലോകത്ത് സ്വയം അറിയപ്പെടാൻ വിമുഖത കാട്ടി നിശ്ശബ്ദമായി വിരാജിക്കുന്ന മൻസൂറെന്ന ഈ പ്രതിഭാശാലിയുടെ പേരിലായിരിക്കും കിളിനക്കോട് എന്ന പ്രദേശം ഇനി മുതൽ പ്രശസ്തമാവുകയെന്നതിൽ ഒട്ടും സംശയമില്ല.”
പ്രഫസറുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട കിളിനക്കോട്ടുകാരും വേങ്ങരക്കാരുമെല്ലാം തങ്ങളുടെ നാട്ടിലെ പ്രതിഭയുടെ പ്രശസ്തി പുറം ലോകം തിരിച്ചറിഞ്ഞതിൽ വലിയ ആഹ്ളാദത്തിലാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa