ഗഫൂറിന്റെ വിയോഗം ജിദ്ദ അരീകുളം കൂട്ടായ്മക്ക് തീരാനഷ്ടം
ജിദ്ദ: രണ്ട് ദിവസം മുമ്പ് റോഡപകടത്തിൽ മരണപ്പെട്ട വേങ്ങര അരീകുളം സ്വദേശി ചെർച്ചീൽ അബ്ദുൽ ഗഫൂറിന്റെ (41) മയ്യത്ത് നാട്ടുകാരുടെയും സഹ പ്രവർത്തകരുടെയും വലിയ സുഹൃദ് വലയത്തിന്റെയും സാന്നിധ്യത്തിൽ അസർ നമസ്കാരാനന്തരം ജിദ്ദ റുവൈസിലെ മഖ്ബറയിൽ ഖബറടക്കി.
സൗദിയിൽ വന്നത് മുതൽ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി അദാം ഇന്റര്‍ നാഷണല്‍ ട്രേഡിംഗ് കമ്പനിക്കു കീഴിലുള്ള സവാരി ഗ്രൂപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ഗഫൂർ സഞ്ചരിച്ചിരുന്ന ടാക്സി അമീര്‍ സുല്‍ത്താന്‍ റോഡിൽ ജോലി സ്ഥലത്തിനടുത്ത് അമിത വേഗതയിൽ വരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിക്കുന്നത്. അപകട ശേഷം മൃതദേഹം മഹ്ജറിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു ഗഫൂർ. 2008 ന്റെ തുടക്കത്തിൽ ജിദ്ദയിൽ വേങ്ങര അരീകുളം മഹല്ല്കാരുടെ കൂട്ടായ്മ ഉണ്ടാക്കിയതിന് കാർമികത്വം നൽകിയത് മുതൽ ഇന്ന് വരെ കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിലും മുൻനിരയിൽ ഗഫൂറുണ്ടായിരുന്നു.
മയ്യത്ത് സംസ്കരണത്തിനും കോൺസുലേറ്റ് നടപടി ക്രമങ്ങൾക്കും സാമൂഹ്യ പ്രവർത്തകരായ ഹബീബ് കല്ലൻ, മുഹമ്മദ് കുട്ടി, എ കെ ബാവ, യൂസുഫ് ഹാജി, ജലീൽ അറാസാത്ത്, സൗദി പൗരൻ ബന്ദർ അൽ ഉതൈബി എന്നിവരെ കൂടാതെ അരീകുളം കൂട്ടായ്മ ഭാരവാഹികളായ ക്യാപ്റ്റൻ അബ്ദുലത്തീഫ്, എ കെ സിദ്ദിഖ്, നൗഷാദ് അലി, സി ടി ആബിദ്, വേങ്ങര നാസർ, നൗഷാദ് പൂചെങ്ങൽ, ഇഖ്ബാൽ പുല്ലമ്പലവൻ തുടങ്ങിയവർ നേതൃത്വം നൽകി.
പിതാവ് മുഹമ്മദ്, മാതാവ് ഉമൈവ. ഭാര്യ നസീമ ചീരങ്ങൻ. രണ്ട് മക്കൾ മുഹമ്മദ് ശഹീദ്, മുഹമ്മദ് ഫിദാൻ എന്നിവർ യഥാക്രമം പ്ലസ് വണ്ണിനും നാലാം തരത്തിലും പഠിക്കുന്നു. ജിദ്ദയിൽ ജോലി ചെയ്യുന്ന അനുജൻ അൻവർ സാദത്ത് അവധിക്കു നാട്ടിലാണ്. പരേതന് വേണ്ടി നാട്ടിലും ദുബായിയിലും ഇന്നലെ തന്നെ മയ്യത്ത് നമസ്കാരങ്ങൾ നടന്നു. നാട്ടിൽ ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പ്രത്യേകം അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa