മാളുകളിൽ താൽക്കാലിക ഐസൊലേറ്റ് റൂമുകൾ ഒരുക്കണം, പ്രാർത്ഥനാമുറികൾ അടച്ചിടണം; സൗദിയിൽ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ.
റിയാദ്: മെയ് 31 മുതൽ ജൂൺ 20 വരെ നീളുന്ന കൊറോണ വൈറസ് പകർച്ച വ്യാധികളുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ നിയമങ്ങൾ ഘട്ടംഘട്ടമായി ഇളവ് ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ, റീട്ടെയിൽ, മൊത്തക്കച്ചവട സ്റ്റോറുകൾ, വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ എന്നിവ രാജ്യത്തുടനീളം മുൻകരുതൽ നടപടികളും പ്രതിരോധ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം.
പ്രോട്ടോക്കോൾ അനുസരിച്ച്, ഉപഭോക്താക്കൾ പരസ്പരം രണ്ട് മീറ്റർ അകലം പാലിക്കണം, സംശയാസ്പദമായ കേസുകൾ തൽക്ഷണം ഐസൊലേറ്റ് ചെയ്യുന്നതിനുള്ള താൽക്കാലിക മുറികൾ മാൾ പരിസരത്ത് ക്രമീകരിക്കണം. വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് നോക്കുന്നതും നിരോധിച്ചിരിക്കുന്നു.
രണ്ടാം ഘട്ടത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണ് ഉപഭോക്താക്കൾക്ക് സന്ദർശിക്കാവുന്ന സമയം. എന്നിരുന്നാലും, ഡെലിവറി ആപ്ലിക്കേഷനുകൾ വഴിയും പാഴ്സലുകൾ വഴിയും രാത്രി 12 മണി വരെ ഷോപ്പുകൾ തുടരാൻ അനുവദിക്കും.
പ്രവേശന കവാടങ്ങളിൽ ഉപഭോക്താക്കളുടെ താപനില പരിശോധിക്കുകയും 38 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ളവരെ പ്രവേശിക്കുന്നത് തടയുകയും വേണം. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താപനിലയും ചെക്ക് ചെയ്യേണ്ടതുണ്ട്. അണുബാധയ്ക്ക് വിധേയരായ ജീവനക്കാരെ ജോലിക്ക് വരാൻ അനുവദിക്കില്ല.
എല്ലാ ഉപഭോക്താക്കളും ഫെയ്സ് മാസ്കുകൾ നിർബന്ധമായും ധരിച്ചിരിക്കണമെന്നും മന്ത്രാലയം ഉണർത്തി. പ്രവേശന കവാടങ്ങൾ, എക്സിറ്റുകൾ, എലിവേറ്ററുകൾ, ടോയ്ലറ്റുകൾ എന്നിവ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ വെയിറ്റിംഗ് ക്യൂകൾക്കുള്ള ഫ്ലോർ സ്റ്റിക്കറുകൾ ഉണ്ടായിരിക്കണം.
ജീവനക്കാർക്കിടയിലും കസ്റ്റമർ സർവീസ് ഓഫീസുകൾ പോലുള്ള തിരക്കേറിയ ജോലിസ്ഥലങ്ങളിൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമിടയിലുള്ള ദൂരം നിർണയിക്കുന്ന ഫ്ലോർ സ്റ്റിക്കറുകൾ സ്ഥാപിക്കേണ്ടത് നിർബന്ധമാണ്. ഒൻപത് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന കണക്കിനാണ് ഓരോ ഷോപ്പുകളിലും വ്യക്തികൾക്കുള്ള സ്ഥലങ്ങൾ നിർണയിക്കുന്നത്.
പണം ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പകരം ഇലക്ട്രോണിക് സെയിൽസ്, ഓൺലൈൻ, മൊബൈൽ ആപ്പുകൾ വഴിയോ കാർഡ് പേയ്മെന്റുകൾ വഴിയോ പണമടക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഓരോ രണ്ട് മണിക്കൂറിലും ജീവനക്കാരോ ഉപഭോക്താക്കളോ സ്പർശിക്കുന്ന ഇടങ്ങൾ അണു വിമുക്തമാക്കണം.
ഷോപ്പിംഗ് ഏരിയകളുടെ പ്രവേശന കവാടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകളും സോപ്പും കഴുകുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം, കൂടാതെ പേനകൾ പോലുള്ള ജനങ്ങൾ പൊതുവായി ഉപയോഗിക്കുന്ന സാധനങ്ങളും, ടച്ച് സ്ക്രീനുകളും, കുടിവെള്ള കൂളറുകൾ പോലുള്ളവയും ഒഴിവാക്കണം.
പ്രാർത്ഥന മുറികൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ട്രയൽ റൂമുകൾ എന്നിവയും അടച്ചിടണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa